നാസിക്: കോവിഡിന്റെ രണ്ടാം വരവിൽ ഉലഞ്ഞുനിൽക്കുകയാണ് മഹാരാഷ്ട്ര. പ്രതിദിന രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുമ്പോൾ അതു മറികടക്കുന്നതിനുള്ള പുതുവഴികൾ തേടുകയാണ് ഭരണകൂടം. ആൾക്കൂട്ടം ഒഴിവാക്കാൻ ചന്തകളിൽ പ്രവേശന ഫീസാണ് പുതിയ മാർഗ്ഗം. നാസിക്കിലാണ് പൊലീസ് ചന്തകളിലേക്കു പ്രവേശന ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

ചന്തയിൽ ഒരു മണിക്കൂർ ചെലവഴിക്കുന്നതിന് അഞ്ചു രൂപയാണ് ഫീസ് ആയി ഈടാക്കുന്നത്. പരിശോധനകൾക്കായി സ്വയം മുന്നോട്ടുവരാൻ സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ ജനങ്ങളോട് ആവശ്യപ്പെട്ടു. പലപ്പോഴും ഗുരതരമായ അവസ്ഥയിലാണ് ആളുകൾ ആശുപത്രിയിൽ എത്തുന്നത്. ഇതുമൂലം ഐസിയുവും ഓക്സിജൻ ബെഡുകളും അതിവേഗം നിറയുകയാണെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

നഗരം ലോക്ക് ഡൗണിലേക്കു പോവുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് പൊലീസ് കമ്മിഷണർ ദീപക് പാണ്ഡെ പറഞ്ഞു.സംസ്ഥാനം ഒരു ലോക്ക് ഡൗൺ കൂടി താങ്ങില്ലെന്ന് മന്ത്രി നവാബ് മാലിക്ക് അഭിപ്രായപ്പെട്ടു. ലോക്ക് ഡൗൺ അല്ലാതെയുള്ള മറ്റു മാർഗങ്ങളെക്കുറിച്ച് ആലോചിക്കാൻ അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.

മഹാരാഷ്ട്രയിൽ സമീപ ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്. ഇന്നലെ മാത്രം 27,918 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.