അബുദാബി: കൊച്ചിയും തിരുവവനന്തപുരവും ഉൾപ്പെടെയുള്ള ചില വിമാനത്താവളങ്ങളിൽ നിന്ന് ശനിയാഴ്ച മുതൽ അബുദാബിയിലേക്ക് വിമാന സർവീസുകൾ ആരംഭിക്കും. വ്യാഴാഴ്ച മുതൽ തന്നെ ദുബൈയിലേക്കും ഷാർജയിലേക്കുമുള്ള വിമാനങ്ങൾ സർവീസുകൾ തുടങ്ങിയെങ്കിലും അബുദാബി സർവീസുകൾ ആരംഭിച്ചിരുന്നില്ല.

ഓഗസ്റ്റ് 10 വരെ അബുദാബിയിലേക്ക് സർവീസുകൾ ഉണ്ടാവില്ലെന്ന് നേരത്തെ എയർ ഇന്ത്യ എക്സ്‌പ്രസ് അറിയിച്ചിരുന്നു. എന്നാൽ ഏഴാം തീയ്യതി മുതൽ ചില നഗരങ്ങളിൽ നിന്ന് വിമാനങ്ങളുണ്ടാകുമെന്ന് ഇത്തിഹാദ് പുറത്തിറക്കിയ പുതിയ അറിയിപ്പിൽ വ്യക്തമാക്കി. കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമെ ചെന്നൈ, ബംഗളുരു, ന്യൂഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് ഏഴാം തീയ്യതി മുതൽ സർവീസ് തുടങ്ങുന്നത്.

ഓഗസ്റ്റ് പത്ത് മുതൽ അഹമ്മദാബാദ്, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്നും കറാച്ചി, ലാഹോർ, ഇസ്ലാമാബാദ്, ധാക്ക, കൊളംബോ എന്നീ വിമാനത്താവളങ്ങളിൽ നിന്നുകൂടി അബുദാബി സർവീസുകൾ തുടങ്ങുമെന്ന് ഇത്തിഹാദിന്റെ അറിയിപ്പിൽ പറയുന്നു. അബുദാബിയിലെത്തുന്ന യാത്രക്കാർക്ക് 10 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണ്.

ഇവർ വിമാനത്താവളത്തിൽ വെച്ചുതന്നെ ട്രാക്കിങ് ബാൻഡ് ധരിക്കണം. അബുദാബിയിലെത്തിയതിന്റെ നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആർ പരിശോധന നടത്തുകയും വേണം. യാത്രയ്ക്ക് ഐ.സി.എ അനുമതിയും 48 മണിക്കൂറിനിടെ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലവും നിർബന്ധമാണ്.