കുട്ടനാട്: മഴയും നദികളിലെ ഒഴുക്കും ശക്തമായതോടെ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പുയർന്നു. കുട്ടനാട്ടിൽ ജനജീവിതം വീണ്ടും ദുസ്സഹമായി. വെള്ളപ്പൊക്കമാണ് ഇങ്ങനും. രണ്ടുമാസം മുൻപ് വെള്ളപ്പൊക്കത്തെ നേരിട്ട കുട്ടനാട് വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലായി. നെടുമുടി, കാവാലം ഭാഗത്ത് ജലനിരപ്പ് അപകടനിലയ്ക്കു മുകളിലെത്തി. വീടുകൾ വെള്ളക്കെട്ടിലായി. മങ്കൊമ്പ് വികാസ് മാർഗ് റോഡിൽ ജലനിരപ്പ് ഉയർന്നതോടെ ആലപ്പുഴയിൽ നിന്നു കാവാലത്തേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവച്ചു. എസി റോഡിൽ 5 ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ട്.

ജലസേചന വകുപ്പ് കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന പരിശോധനയിൽ ഇന്നലെ വൈകിട്ട് 6ന് എടുത്ത റീഡിങ്ങിൻ കാവാലത്തെ ജലനിരപ്പ് 1.25 മീറ്ററും നെടുമുടിയിൽ 1.46 മീറ്ററും ആണ്. യഥാക്രമം 1.2 മീറ്ററും 1.45 മീറ്ററുമാണ് ഇരുസ്ഥലങ്ങളിലെയും അപകടനില. പള്ളാത്തുരുത്തി ഭാഗങ്ങളിൽ ജലനിരപ്പ് അപകടനിലയിലേക്കെത്തിയിട്ടില്ല. പള്ളാത്തുരുത്തിയിൽ 1.31 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. ഇവിടെ 1.40 മീറ്ററാണ് അപകടനില.

എസി റോഡിൽ കിടങ്ങറ പെട്രോൾ പമ്പിനു സമീപം, ഒന്നാംപാലത്തിനു സമീപം, മാമ്പുഴക്കരി, പള്ളിക്കൂട്ടുമ്മ ജംക്ഷനു സമീപം, പള്ളിക്കൂട്ടുമ്മഒന്നാംകര റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. ശനി വൈകിട്ടു 4 മണി മുതൽ കിടങ്ങറ പെട്രോൾ പമ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി. മാമ്പുഴക്കരി ഭാഗത്ത് ദിവസങ്ങളായി തുടരുന്ന വെള്ളക്കെട്ടിനു താൽക്കാലിക പരിഹാരമെന്ന നിലയിൽ മെറ്റലും കരിങ്കൽപൊടിയും ഇറക്കി റോഡ് ഉയർത്തി. കാവാലം റൂട്ടിൽ കൃഷ്ണപുരംനാരകത്തറ റോഡിൽ ഒരു കിലോമീറ്ററോളം ഭാഗത്ത് ഒരാഴ്ചയായി വെള്ളക്കെട്ടാണ്. റോഡിൽ ചില ഭാഗങ്ങളിൽ ഒരടിയിലേറെ ജലനിരപ്പുണ്ട്.

രണ്ടാംകൃഷിയില്ലാത്ത പാടശേഖരങ്ങൾക്കുള്ളിലും പുറംബണ്ടിലുമായി താമസിക്കുന്നവരുടെയും തുരുത്തുകളിൽ താമസിക്കുന്നവരുടെയും വീടുകൾ വെള്ളത്തിലായി. അപ്പർ കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. മാന്നാർ പടിഞ്ഞാറ് വള്ളക്കാലി, വാലേൽ, കറുകയിൽ കോളനി, ചേറ്റാളപ്പറമ്പ്, കല്ലുപുരയ്ക്കൽ എന്നിവിടങ്ങളിൽ വെള്ളം കയറി. അച്ചൻകോവിലാറ്റിലെ ജലനിരപ്പു നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. ഉൾപ്രദേശത്തെ റോഡുകളിൽ ഏതു നിമിഷവും വെള്ളം കയറാവുന്ന സ്ഥിതിയാണ്.

പുത്തനാറിന്റെ സമീപപ്രദേശമായ പറയങ്കേരി ഇഞ്ഞക്കത്തറ കോളനിയിലെയും പരിസരത്തെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇഞ്ഞക്കത്തറ കമ്യൂണിറ്റി ഹാളിൽനിന്നു കിഴക്കോട്ടു പാതയിലും വെള്ളം കയറിയതിനാൽ മറ്റത്തു ഭാഗത്തുള്ളവർക്കു വീടിനു പുറത്തേക്കു പോകാൻ വള്ളങ്ങൾ വേണ്ട സ്ഥിതിയാണ്. വെള്ളക്കെട്ടുള്ള ഇവിടെയാണ് കഴിഞ്ഞ ദിവസം കോവിഡ് പരിശോധനാ ക്യാംപ് നടത്തിയത്.

ഇതിൽ പരിസരവാസികൾക്കു പ്രതിഷേധമുണ്ട്. ചെന്നിത്തല പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശമായ ചില്ലിത്തുരുത്ത്, സ്വാമിത്തറ, വള്ളാംകടവ്, തേവർകടവ്, വാഴക്കൂട്ടം കടവ് തെക്ക് അച്ചൻകോവിലാറ്റിന്റെ തീരപ്രദേശമായ കാരിക്കുഴി, ചിത്തിരപുരം, കാങ്കേരി ദ്വീപ് എന്നീ മേഖലകളിലും വെള്ളം കയറിയിട്ടുണ്ട്.