ലഖ്‌നൗ: നികുതി എന്നത് ഏകീകൃതമായി ജിഎസ്ടി രൂപത്തിൽ വന്നെങ്കിലും ശിശുവിനും പശുവിനും നികുതി ഏർപ്പെടുത്തുന്ന വിചിത്ര വാർത്തകളാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ പശു സെസ് ഏർപ്പെടുത്തിയതാണ് ഇപ്പോൾ നികുതി ലോകത്തെ മുഖ്യ ചർച്ചാ വിഷയം. രണ്ടു ശതമാനമാണ് പശു സെസ് സർക്കാർ ഏർപ്പെടുത്തുന്നത്. ഇതിലൂടെ ലഭിക്കുന്ന തുക വഴി ഗോശാലകൾ നിർമ്മിക്കുവാനും അലഞ്ഞു നടക്കുന്ന 1000 പശുക്കൾക്കെങ്കിലും സംരക്ഷണം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.പല രാജ്യങ്ങളിലും ഇത്തരത്തിൽ വിചിത്രമായ നികുതികളുണ്ട്. ഉയർന്ന ജീവിത നിലവാരത്തിന് പേരുകേട്ട സ്വീഡനിൽ വിചിത്രമായ പേരുകൾ കുഞ്ഞുങ്ങൾക്ക് ഇട്ടാൽ നികുതി നൽകണം.

ന്യൂയോർക്കിലേക്ക് ചെന്നാൽ പൊരിച്ചതോ മുറിച്ചതോ ആയ റൊട്ടിയോ ബട്ടറോ പാൽക്കട്ടിയോ വിൽക്കുന്നതിന് എട്ട് ശതമാനം നികുതി നൽകണം.അമേരിക്കൻ സംസ്ഥാനമായ കാൻസാസിൽ ചരടുമായോ കയറുമായോ ഒക്കെ ബന്ധിപ്പിക്കുന്ന വായു നിറച്ച ബലൂണുകൾക്ക് നികുതി ഈടാക്കുമ്പോൾ ബന്ധിപ്പിക്കാത്ത ബലൂണുകൾക്ക് നികുതിയില്ല. ബന്ധിപ്പിക്കുന്ന ബലൂണുകൾ ട്രാൻസ്പോർട്ട് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാലും ബന്ധിപ്പിക്കാത്ത ബലൂൺ അമ്യൂസ്മെന്റ് ഉപകരണമായും കാണുന്നതിനാലാണിത്.

അമേരിക്കൻ സംസ്ഥാനമായ മിസ്സൗരിയിലുള്ള നികുതിയെ കുറിച്ച് കേൾക്കുമ്പോൾ പലർക്കും നെറ്റി ചുളിയും. അവിവാഹിതരായ പുരുഷന്മാരാണ് ഇവിടെ നികുതി നൽകേണ്ടത്. മറ്റു ചില അമേരിക്കൻ സംസ്ഥനങ്ങളിലുമുണ്ട് ഈ ബാച്ചിലർ ടാക്സ്. കുറ്റകൃത്യങ്ങളിൽനിന്നും മറ്റു പ്രലോഭനങ്ങളിൽനിന്നും യുവാക്കളെ അകറ്റുക, ദാമ്പത്യ ജീവിതം തുടങ്ങാൻ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ ബാച്ചിലർ ടാക്സ്. എ.ഡി.ഒമ്പതിൽ റോമൻ ചക്രവർത്തിമാരുടെ കാലത്താണ് ഈ നികുതി ആദ്യമായി രൂപംകൊണ്ടത്.

ഇംഗ്ലണ്ടിൽ 17-ാം നൂറ്റാണ്ടിൽ വീടിന്റെ ജനലുകളുടെ എണ്ണത്തിനനുസൃതമായി നികുതി ഈടാക്കിയിരുന്നു. സ്വിറ്റ്സർലൻഡിൽ വളർത്തുനായ്ക്കൾക്കു നികുതിയുണ്ട്. അരിസോണയിൽ ഐസ് ബ്ലോക്കുകൾക്ക് പ്രത്യേക നികുതിയുണ്ട്. പശുക്കളുടെ അധോവായുവിൽനിന്നുള്ള മീഥെയ്ൻ വാതകത്തിനു പോലും നികുതിയുണ്ട്.