ന്യൂഡൽഹി: രാജ്യത്ത് ഭക്ഷ്യഎണ്ണയുടെ വില കുറയാൻ തുടങ്ങിയതായി സർക്കാർ. ഇറക്കുമതി കുറച്ച് രാജ്യത്തെ ഉത്പാദനം വർധിപ്പിക്കാൻ ദീർഘകാല നടപടികളുമായി മുന്നോട്ടുപോകുമെന്നും സർക്കാർ വ്യക്തമാക്കി.ഒരുമാസത്തിനിടെ ഭക്ഷ്യഎണ്ണ വിലയിൽ കുറവുണ്ടായതായി ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു. മുംബൈയിൽമാത്രം വിലയിൽ 20ശതമാനമാണ് കുറവുണ്ടായത്.

മെയ് ഏഴിന് കിലോഗ്രാമിന് 142 രൂപയായിരുന്ന പാം ഓയിലിന്റെ വില 19ശതമാനം കുറഞ്ഞ് 115 രൂപയായതായി മന്ത്രാലയം പറയുന്നു. സൺഫ്ളവർ ഓയിലിന്റെവില 188 രൂപയിൽനിന്ന് 157 രൂപയുമായി. ആഭ്യന്തര ഉത്പാദനനത്തിലെ കുറവ് ആഗോള വിപണിയിലെ വിലവർധന എന്നിവയാണ് ഭക്ഷ്യഎണ്ണവിലയെ നിയന്ത്രിക്കുന്നത്.

സോൾവന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം 2020 നവംബർ മുതൽ 2021 മെയ് വരെ 76,77,998 ടൺ സസ്യ എണ്ണയാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞവർഷത്തേക്കാൾ ഒമ്പതുശതമാനമാണ് വർധന. ഇറക്കുമതി തീരുവ കുറച്ച് വില പിടിച്ചുനിർത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.