ചെന്നൈ: തിരുവണ്ണാമലൈയിലെ ആരണിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 10 വയസുകാരി ഭക്ഷ്യവിഷ ബാധയെതുടർന്ന് മരണമടഞ്ഞു. ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഇരുപതോളം പേരെ ഛർദിയും വയറിളകവും അടക്കമുള്ള രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവണ്ണാമലൈ ലക്ഷ്മി നഗർ സ്വദേശി ആനന്ദിന്റെ മകൾ ലോഷിണിയാണ് മരണമടഞ്ഞത്. ആരണി പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള സെവൻ സ്റ്റാർ ഹോട്ടലിൽനിന്ന് ബിരിയാണി കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

ലോഷിണിയുടെ അച്ഛൻ ആനന്ദ് (46), അമ്മപ്രിയദർശിനി (40), മൂത്തസഹോദരൻ ശരൺ (14) എന്നിവരെ വിദഗ്ദ്ധചികിത്സയ്ക്കായി വെല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇതേഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നാല്പതോളം പേർക്ക് വിവിധ ശാരീരിക അസ്വാസ്ഥ്യതകളുണ്ടായെന്നും അതിൽ 20 പേരെ ആരണിയിലെ സർക്കാർ ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. ബാക്കിയുള്ളവർ പ്രാഥമിക ചികിത്സയ്ക്കു ശേഷം വീടുകളിലേക്ക് മടങ്ങി.

പൊലീസും റവന്യൂ അധികൃതരും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഹോട്ടൽ പരിശോധിച്ചു. ഇവിടെ നിന്ന് 15 ദിവസം പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തു. ഹോട്ടൽ മുദ്രവയ്ക്കുകയും ഹോട്ടലുടമ അംജദ് ബാഷ (32), പാചകക്കാരൻ മുനിയാണ്ടി(35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംസ്ഥാനവ്യാപകമായി ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുമെന്ന് തമിഴ്‌നാട് ഭക്ഷ്യമന്ത്രി ചക്രപാണി പറഞ്ഞു.