ന്യൂഡൽഹി: കേന്ദ്രത്തിന്റെ പിടിവാശിയും ജനാധിപത്യവിരുദ്ധമായ പെരുമാറ്റവും മൂലം ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായക്കുണ്ടായിട്ടുള്ള കോട്ടത്തിന് ക്രിക്കറ്റ് കളിക്കാരുടെ ട്വീറ്റുകൾ കൊണ്ട് പരിഹാരം കാണാനാകില്ലെന്ന് ശശി തരൂർ. പാശ്ചാത്യ സെലിബ്രിറ്റികൾക്കെതിരേ പ്രതികരിക്കാൻ ഇന്ത്യൻ സർക്കാർ ഇന്ത്യൻ സെലിബ്രിറ്റികളെ രംഗത്തിറക്കുന്നു എന്നുള്ളത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാറിനെ അനുകൂലിച്ച് സെലിബ്രിറ്റികൾ നടത്തുന്ന ട്വീറ്റ് ക്യാംപെയ്‌നിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കർഷക നിയമങ്ങൾ പിൻവലിക്കുകയും കർഷകരുമായി പരിഹാരങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായാൽ ഇന്ത്യയെ ഒരുമിച്ച് നിങ്ങൾക്ക് ലഭിക്കും.'ഹാഷ്ടാഗ് കാമ്പെയിനെ പരിഹസിച്ച് ശശി തരൂർ ട്വീറ്റ് ചെയ്തു.

For GoI to get Indian celebrities to react to Western ones is embarrassing. The damage done to India's global image by GoI's obduracy &undemocratic behaviour can't be remedied by a cricketer's tweets. Withdraw the farm laws &discuss solutions w/farmers &you'll get #IndiaTogether.

-Shashi Tharoor (@ShashiTharoor) February 3, 2021

പോപ്പ് താരം റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ത്യുൻബെ തുടങ്ങിയവർ കർഷകസമരത്തെ പിന്തുണച്ച് രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിൽ ഇത് രാജ്യത്തിനെതിരായ ആഗോള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് കേന്ദ്രം രംഗത്തെത്തിയിരുന്നു.

തൊട്ടുപിറകേ കേന്ദ്ര നിലപാടുകൾക്ക് പിന്തുണയർപ്പിച്ച് ഇന്ത്യ ഒരുമിച്ച് എന്ന ഹാഷ് ടാഗുമായി കേന്ദ്രമന്ത്രിമാരും ചില ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും അണിനിരന്നു. ഇന്ത്യയെ ദുർബലപ്പെടുത്താൻ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇന്ത്യ ഈ ശക്തികളെ പരാജയപ്പെടുത്തുമെന്നും അടിവരയിട്ടുകൊണ്ടാണ് സെലിബ്രിറ്റികൾ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയത്.