ന്യൂഡൽഹി: പ്രമുഖ വാഹന നിർമ്മാതാക്കളായ ഫോർഡ് ഇന്ത്യൻ ഉത്പാദനം അവസാനിപ്പിക്കുന്നു. രാജ്യത്തെ രണ്ടു പ്ലാന്റുകളും പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഫോർഡ് മോട്ടോർ കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.ഗുജറാത്തിലെ സാനന്ദിലുള്ള പ്ലാന്റ് ഈ വർഷം അവസാനത്തോടെ പ്രവർത്തനം നിർത്തും. ചെന്നൈയിലെ എൻജിൻ നിർമ്മാണ യൂണിറ്റ് അടുത്ത വർഷം രണ്ടാംപാദത്തോടെ അവസാനിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ഇന്ത്യയിലെ പ്രവർത്തനത്തിൽ നിന്ന് പ്രതീക്ഷിച്ച ലാഭമുണ്ടാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് തീരുമാനമെന്നാണ് വിശദീകരണം.കഴിഞ്ഞ നാലു വർഷത്തിനിടെ ഇന്ത്യൻ പ്രവർത്തനം അവസാനിപ്പിക്കുന്ന രണ്ടാമത്തെ ഓട്ടോ ഭീമനാണ് ഫോർഡ്. ജനറൽ മോട്ടോഴ്സ് 2017ൽ ഇന്ത്യയിൽ വിൽപ്പന നിർ്ത്തിയിരുന്നു.

കഴിഞ്ഞ പത്തു വർഷത്തിനിടെ 200 കോടി ഡോളറിന്റെ പ്രവർത്തന നഷ്ടം നേരിട്ട സാഹചര്യത്തിൽ റീസ്ട്രക്ചറിങ്ങിനു നിർബന്ധിതമായിരിക്കുകയാണെന്ന് ഫോർഡ് വാർത്താക്കുറിപ്പിൽ പറയുന്നു.ഒരു വർഷത്തിനുള്ളിൽ മാത്രമേ ഉത്പാദനം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ സാധിക്കൂ.

അതേസമയം, ഇന്ത്യയിലെ വിൽപ്പന തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. തിരഞ്ഞെടുത്ത മോഡലുകൾ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തായിരിക്കും വിൽപ്പനയെന്നാണ് ഫോർഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. നിലവിലെ ഉപയോക്താക്കൾക്കുള്ള സർവീസുകൾ ഉറപ്പാക്കുമെന്നും വിവരമുണ്ട്.

എന്നാൽ വിൽപ്പന തുടരുന്നതുമായി ബന്ധപ്പെട്ട് ഫോർഡിന്റെ ഒദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. 1948ലാണ് ഫോർഡ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. അമേരിക്കൻ വാഹന നിർമ്മാതാക്കളായ ജനറൽ മോട്ടോഴ്സ്, ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹാർളി ഡേവിഡ്സൺ തുടങ്ങിയവർ അടുത്ത കാലത്ത് ഇന്ത്യയിൽനിന്ന് പിന്മാറിയിരുന്നു. ഹാർളി ഡേവിഡ്സൺ ഹീറോയുമായി സഹകരിച്ച് വിൽപ്പന തുടരുന്നുണ്ട്.