പത്തനാപുരം: പത്തനംതിട്ട,കൊല്ലം ജില്ലകളുടെ അതിർത്തിയായ പത്തനാപുരം പാടത്തെ വനമേഖലയിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. ചാരായം വാറ്റുകാരെ തെരഞ്ഞുപോയ വനപാലകരാണ് സംശയാസ്പദമായ സാഹചര്യത്തിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. കൊല്ലം ജില്ലയിലെ പത്തനാപുരം സ്റ്റേഷൻ അതിർത്തിയിലെ 10 ഏക്കർ വരുന്ന വനംവകുപ്പിന്റെ പറങ്കിമാവിൻ തോട്ടത്തിൽ നിന്ന് എട്ടു ബാറ്ററി, രണ്ടു കേപ്പ്, രണ്ട് ജലാറ്റിൻ സ്റ്റിക്ക്, രണ്ടു വയർ എന്നിവയാണ് കണ്ടെടുത്തത്.

ഈ പ്രദേശം നേരത്തേ തന്നെ തമിഴ്‌നാട് പൊലീസിന്റെയും ഇന്റലിജൻസിന്റെയും നിരീക്ഷണത്തിലുള്ളതാണ്. പോപ്പുലർ ഫ്രണ്ടിന്റെ ഒരു ക്യാമ്പ് ഇവിടെ നടന്നുവെന്ന സംശയത്തിലായിരുന്നു അന്വേഷണം. കടുവാമൂല എന്ന സ്ഥലത്ത് നിന്നും ഉള്ളിലേക്ക് കയറിയാണ് കശുമാവിൻ തോട്ടം സ്ഥിതി ചെയ്യുന്നത്. പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെടാത്തതും എത്തിച്ചേരാൻ പ്രയാസമുള്ളതുമായ സ്ഥലമാണ്. ഇവിടെ നേരത്തേ തീവ്രവാദ സംഘടനകൾ പരിശീലനം നടത്തിയിരുന്നുവെന്ന് തമിഴ്‌നാട് ഇന്റലിജൻസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയിരുന്നത്.

അന്നു മുതൽ തമിഴ്‌നാട് പൊലീസും ഇന്റലിജൻസും പ്രദേശം നിരീക്ഷിച്ചു വരികയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വാറ്റു ചാരായം നിർമ്മിക്കുന്നുവെന്ന സംശയത്തെ തുടർന്നാണ് വനപാലകർ പരിശോധന നടത്തിയത്. ഈ മേഖലയിൽ ധാരാളം പാറമടകൾ ഉള്ളതിനാൽ ആ രീതിയിലും പരിശോധന നടക്കുന്നുണ്ട്.