തിരുവനന്തപുരം: വനംവകുപ്പിൽ ഭരണം നടത്തുന്നത് താത്കാലിക നിയമനം നേടിയ റേഞ്ചർമാർ. പി എസ് സി പരീക്ഷ എഴുതി റേഞ്ചർമാരാകാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാരിനും താൽപ്പര്യമില്ല. ഇവർ അഴിമതിക്ക് കൂട്ടു നിൽക്കില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ചെറുപ്പത്തിന്റെ ചുറുചുറുക്കുമായി പരീക്ഷ എഴുതി റേഞ്ചർമാരാകുന്നവർ വന സംരക്ഷണത്തിന് ഇറങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. ഇതൊഴിവാക്കാനാണ് തന്ത്രപരമായി താൽകാലിക നിയമനം റേഞ്ചർ തസ്തികയിൽ കൊടുക്കുന്നത്.

സംസ്ഥാനത്താകെ 205 ഫോറസ്റ്റ് റേഞ്ചർ തസ്തികയാണുള്ളത്. ഇതിൽ 93 പേർ മാത്രമാണ് പി.എസ്.സി. വഴി നിയമനം ലഭിച്ചവർ. 51 തസ്തിക സ്ഥാനക്കയറ്റത്തിനായി മാറ്റിയിട്ടുണ്ട്. ഇതിനുപുറമെ 61 പേർ താത്കാലിക സ്ഥാനക്കയറ്റത്തിലൂടെയും തുടരുന്നു. ഇതിന് പിന്നിൽ വനം കൊള്ളയ്ക്ക് അവസരമൊരുക്കാനാണ്. കൊള്ളക്കാർക്ക് താൽപ്പര്യമുള്ള ഉദ്യോഗസ്ഥരെ താത്കാലിക സ്ഥാനക്കയറ്റത്തിലൂടെ അവർക്ക് ഇഷ്ടമുള്ളിടത്ത് നിയമിക്കും. ഇതിന് വനംവകുപ്പ് ആസ്ഥാനത്ത് പ്രത്യേക സംവിധാനമുണ്ട്.

താത്കാലിക സ്ഥാനക്കയറ്റം നേടിയവർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ തുടരുമ്പോഴും പി.എസ്.സി.യുടെ ശുപാർശ ലഭിച്ചവർക്ക് മൂന്നരമാസം കഴിഞ്ഞിട്ടും നിയമനമില്ലെന്നതാണ് വസ്തുത. വകുപ്പുതല പരീക്ഷയിലൂടെ പി.എസ്.സി. തയ്യാറാക്കിയ റാങ്ക്പട്ടികയിലെ 53 പേർക്കാണ് ഇനിയും നിയമന ഉത്തരവ് ലഭിക്കാത്തത്. താത്കാലികക്കാർക്ക് തുടരാൻ ഇവരുടെ നിയമനത്തിന് ഉദ്യോഗസ്ഥ ലോബി തടസ്സം സൃഷ്ടിക്കുന്നുവെന്നാണ് ആക്ഷേപം. നിലവിൽ 61 താൽകാലികക്കാരുണ്ട്. അതുകൊണ്ട് തന്നെ പി എസ് സിക്കാരെ നിയമിക്കാവുന്നതാണ്.

2016-ലെ വിജ്ഞാപനമനുസരിച്ച് എഴുത്തുപരീക്ഷ, കായികപരീക്ഷ, അഭിമുഖം എന്നിവ നടത്തി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചത്. ആ മാസം 24-നാണ് 53 പേർക്ക് നിയമനഃശുപാർശ നൽകിയത്. ഇവരെല്ലാം വനംവകുപ്പിൽത്തന്നെ പത്തുവർഷത്തിലേറെ സർവീസുള്ളവരാണ്. ഒന്നരവർഷത്തെ പരിശീലനത്തിനാണ് ഇവരെ ആദ്യം തിരഞ്ഞെടുക്കുന്നത്. കേരളത്തിനു പുറത്തുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് പരിശീലനം. അതിനുശേഷം ഒരുവർഷം പ്രൊബേഷണറി റേഞ്ച് ഓഫീസറായി പ്രവർത്തിക്കണം.

കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിനു പുറത്തെ പരിശീലനത്തിന് അയക്കാൻ സാധിക്കുന്നില്ല. പരിഹാരമെന്ന നിലയിൽ ആദ്യം പ്രൊബേഷണറി റേഞ്ച് ഓഫീസറായി ഇവരെ നിയമിക്കാനും പിന്നീട് പരിശീലനം നൽകാനുമുള്ള ശുപാർശയുണ്ടായി. ഇത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. എന്നാൽ, പ്രൊബേഷണറി നിയമനത്തെ സ്ഥിരംനിയമനമെന്നു വ്യാഖ്യാനിച്ച് ഈ ശുപാർശ നടപ്പാക്കാതിരിക്കാനുള്ള നീക്കമാണ് ഉന്നതതലത്തിൽ നടക്കുന്നത്.

പി.എസ്.സി. റാങ്ക്പട്ടിക നിലവിലില്ലാതിരുന്നതിനാൽ അഞ്ചുവർഷം മുമ്പ് താത്കാലിക സ്ഥാനക്കയറ്റം നേടിയവരിൽ ചിലരാണ് ഈ കളികൾക്ക് പിന്നിൽ. വനംമാഫിയയും അട്ടിമറിക്കുണ്ട്. വകുപ്പിൽ മൂന്നുവർഷത്തിനിടയിലുണ്ടായ വിജിലൻസ് കേസുകളിലെ പ്രതികളിൽ ഭൂരിപക്ഷവും താത്കാലിക നിയമനം നേടിയ റേഞ്ചർമാരാണെന്നാണു വിവരം. ഇതു പരിഗണിച്ചാണ് തസ്തികമാറ്റം നിയമനം വേഗത്തിലാക്കാൻ പി.എസ്.സി.യോട് വകുപ്പുമേധാവി നിർദേശിച്ചത്.