ഗുവാഹത്തി: രാഷ്ട്രീയത്തിൽ ആകൃഷ്ടനായി വൈദ്യശാസ്ത്ര രംഗം ഉപേക്ഷിച്ചായിരുന്നു അസമിലെ മുതിർന്ന കോൺഗ്രസ്സ് നേതാവും മുന്മുഖ്യമന്ത്രിയുമായ ഭൂമിധർ ബർമൻ ഈ രംഗത്ത് സജീവമായത്.അസമിന്റെ മുഖ്യമന്ത്രി പദത്തിൽ വരെ ഇ യാത്ര എത്തിയെങ്കിലും കേവലം 23 ദിവസം മാത്രമായിരുന്നു അദ്ദേഹം അധികാരത്തിലിരുന്നത്.1996 ൽ ഹിതേശ്വർ സൈക്കിയ അന്തരിച്ചതിനെത്തുടർന്നാണ് ബർമൻ ആദ്യം മുഖ്യമന്ത്രിയായത്. പിന്നീട് 2010 ൽ അന്നത്തെ മുഖ്യമന്ത്രി തരുൺ ഗൊഗോയ് ഹൃദയ ശസ്ത്രക്രിയയ്ക്കായി മാറി നിന്നപ്പോഴും ബർമൻ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചു.

മുഖ്യമന്ത്രി സ്ഥാനത്ത് അധികം നാൾ തുടരാനായില്ലെങ്കിലും ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളിൽ ഇദ്ദേഹം തന്റെ ഭരണപാടവം തെളിയിച്ചു.1967 ൽ അസം നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. 7 തവണ എംഎൽഎയായ ബർമൻ 4 തവണയും അസമിലെ ബോർഖെത്രി മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്.

ഡോക്ടറായിരുന്ന ബർമൻ അസം മെഡിക്കൽ കോളജിൽ നിന്ന് 1958ലാണു മെഡിക്കൽ ബിരുദം നേടിയത്.അന്തരിച്ച മാലതി ബർമനാണു ഭാര്യ. 4 മക്കളുണ്ട്.91 മത്തെ വയസ്സിലാണ് കഴിഞ്ഞ ദിവസം ഭൂമിധർ ബർമൻ വിടവാങ്ങിയത്. ഭൂമിധർ ബർമന്റെ നിര്യണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.