കഴിഞ്ഞ ദിവസം അന്തരിച്ച സ്വാമി അഗ്നിവേശിനെ അധിക്ഷേപിച്ച് മുൻ സിബിഐ ഡയറക്ടർ നാഗേശ്വര റാവു. സ്വാമി അഗ്നിവേശ് ആട്ടിൻതോലിട്ട ചെന്നായയാണെന്ന് നാഗേശ്വര റാവു ട്വിറ്ററിൽ കുറിച്ചു. സ്വാമി അന്ഗിവേശിന്റെ മരണത്തിന് പിന്നാലെയായിരുന്നു നാഗേശ്വര റാവുവിന്റെ പരാമർശം. ഹിന്ദുവിരുദ്ധനായ ഒരാൾ കാവിവസ്ത്രം ധരിക്കുന്നത് ഹിന്ദുത്വത്തോട് ചെയ്യുന്ന ഏറ്റവും വലിയ ക്ഷതമാണെന്നും നാഗേശ്വര റാവു പറഞ്ഞു. ‘അഗ്നിവേശ് തെലുങ്ക് ബ്രാന്മണനായി ജനിച്ചതിൽ എനിക്ക് ലജ്ജതോന്നുന്നു. ആട്ടിൻതോലിട്ട ഒരു ചെന്നായയാണ് അയാൾ, നാഗേശ്വര റാവു തന്റെ ട്വീറ്ററിൽ കുറിച്ചു. കാലനോട് തനിക്ക് ദേഷ്യമുണ്ടെന്നും കാലൻ ഇക്കാര്യം ചെയ്യാൻ ഇത്രയും വൈകിയതെന്താണെന്നും അഗ്നിവേശിന്റെ മരണവുമായി ബന്ധപ്പെട്ട് നാഗേശ്വര റാവു പഞ്ഞു.

കരൾ രോഗത്തെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന അ​ഗ്നിവേശ് വെള്ളിയാഴ്ച വൈകിട്ടാണ് അന്തരിച്ചത്. സാമൂഹികപ്രവർത്തകൻ, ആര്യസമാജം പണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനാണ് അ​ഗ്നിവേശ്. നിയമം, കൊമേഴ്സ് എന്നിവയിൽ ബിരുദം സ്വന്തമാക്കിയ അദ്ദേഹം കൊൽക്കത്ത സെന്റ് സേവ്യേഴ്സ് കോളജിൽ അദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന സവ്യസാചി മുഖർജിയുടെ ജൂനിയറായി അഭിഭാഷക വൃത്തിയിൽ ഏർപ്പെട്ട അദ്ദേഹം 1970ൽ സന്യാസം സ്വീകരിച്ചു.

ആര്യസമാജത്തിൽ ചേർന്ന സ്വാമി അഗ്നിവേശ് 1970ൽ ആര്യസഭ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. 1977ൽ ഹരിയാന നിയമസഭയിലേക്ക് മൽസരിച്ചു ജയിച്ച് വിദ്യാഭ്യാസ മന്ത്രിയായി. ഈ കാലയളവിലാണ് ഡൽഹിയിലും മറ്റും നിലനിൽക്കുന്ന അടിമവേലയ്ക്കെതിരെ ബോണ്ടഡ് ലേബർ ലിബറേഷൻ ഫ്രണ്ട് എന്ന സംഘടന രൂപവൽക്കരിച്ച് സാമൂഹിക പ്രവർത്തനത്തിലേക്ക് എത്തുന്നത്. റൈറ്റ് ലൈവ്‌ലിഹുഡ് ഉൾപ്പെടെ ഒട്ടേറേ ദേശീയ, രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

പൂരി ജഗന്നാഥ ക്ഷേത്രം അഹിന്ദുക്കൾക്കും തുറന്നുകൊടുക്കണമെന്ന് അദ്ദേഹം സ്വീകരിച്ച നിലപാട് എതിർപ്പ് സൃഷ്ടിച്ചിരുന്നു. 2008ൽ സ്വാമി അഗ്നിവേശിന്റെ നിലപാടുകളോട് വിയോജിപ്പ് പുലർത്തിയ ആര്യസമാജ് അദ്ദേഹത്തെ പുറത്താക്കി. എങ്കിലും സന്യാസ ജീവിതം ഉപേക്ഷിക്കാൻ അദ്ദേഹം തയാറായില്ല. 2011ൽ ഡൽഹിയിൽ നടന്ന അഴിമതി വിരുദ്ധ സമരത്തിൽ സജീവമായി പങ്കെടുത്തെങ്കിലും പിന്നീട് അഭിപ്രായവ്യത്യാസം കാരണം വിട്ടുനിന്നു. പെൺശിശു ഭ്രൂണഹത്യക്ക് എതിരായ പ്രചാരണവുമായി രാജ്യം മുഴുവൻ സഞ്ചരിച്ചു.