അമൃത്സർ: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ രൂക്ഷമായി വിമർശിച്ച് നിലവിലെ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി. അമരീന്ദർ സിങ് സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചില്ലെന്ന് ആരോപിച്ച ചന്നി താൻ രണ്ട് മണിക്കൂർ മാത്രമാണ് വിശ്രമിക്കുന്നതെന്നും ബാക്കി സമയം ജനങ്ങൾക്കായി പ്രവർത്തിക്കുകയാണെന്നും അവകാശപ്പെട്ടു.

'നമ്മുടെ മുൻ മുഖ്യമന്ത്രി രണ്ട് മണിക്കൂർ മാത്രമാണ് ജോലി ചെയ്തിരുന്നത്. ഞാൻ രണ്ട് മണിക്കൂർ മാത്രമാണ് വിശ്രമിക്കുന്നത്. ആളുകൾ അദ്ദേഹത്തേക്കുറിച്ച് ചോദ്യമുന്നയിക്കുമായിരുന്നു. ഇപ്പോൾ ആളുകൾ ഞാൻ എപ്പോഴാണ് ഉറങ്ങുന്നത് എന്നാണ് ചോദിക്കുക. ഞാൻ ആർക്കും എപ്പോഴും സമീപിക്കാവുന്നയാളാണ്. എന്നാൽ അദ്ദേഹം അങ്ങനെ അയിരുന്നില്ല. ഇപ്പോൾ കാര്യങ്ങൾ മാറി. ഈ മാറ്റം ആളുകൾ ഇഷ്ടപ്പെടുന്നു'- ചരൺജിത്ത് സിങ് ചന്നി പറഞ്ഞു.

'ഞാൻ മുഖ്യമന്ത്രി ആയതുകൊണ്ട് ആളുകൾ എന്റെ അടുത്തേക്ക് വരുന്നത് തടയണോ? സാധാരണ ജനങ്ങളെ കാണാനും അവരോട് സംസാരിക്കാനും ഞാൻ ഇഷ്ടപ്പെടുന്നു. വീടിനു മുന്നിൽ ഞാനൊരു ടെന്റ് സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങൾ എന്നെ വന്നു കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു'- ചന്നി കൂട്ടിച്ചേർത്തു.

എന്തിനും അതിന്റേതായ സമയവും സ്ഥലവുമുണ്ടെന്ന് നേതൃമാറ്റം വൈകിയത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അമരീന്ദർ സിങ് ഒരു പുതുമുഖമായിരുന്നില്ല. അദ്ദേഹത്തെപ്പോലെ ശക്തനായ ഒരു വ്യക്തിയെ നീക്കം ചെയ്യാൻ പാർട്ടിക്ക് ഒരു സംവിധാനമുണ്ടെന്നും ചന്നി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിന് മുമ്പ് തന്നെ അമരീന്ദ്രർ ബിജെപിയുമായി ചർച്ച നടത്തിയിരുന്നതായി ആരോപിച്ച ചന്നി അദ്ദേഹത്തിനൊപ്പം ഒറ്റ കോൺഗ്രസ് എംഎൽഎ പോലും പോയിട്ടില്ലെന്നും അവകാശപ്പെട്ടു.

ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം അമരീന്ദ്രറിനെതിരേ രൂക്ഷ വിമർശം ഉന്നയിച്ചത്.