വാഷിങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള പടുകൂറ്റൻ ഹോട്ടലും കാസിനോയും തകർത്തത് കെട്ടിടം കാലഹരണപ്പെട്ടതോടെ. വെറും ഇരുപത് സെക്കൻഡ് സമയം കൊണ്ടാണ് ന്യൂജേഴ്സിലെ അറ്റ്‌ലാന്റിക് സിറ്റിയിലെ നാല് പതിറ്റാണ്ടോളം കാലപ്പഴക്കമുള്ള ഈ കെട്ടിടം നിലംപതിച്ചത്. അതിശക്തമായ സ്‌ഫോടന ശേഷിയുള്ള 3,000 ഡൈനാമിറ്റുകൾ ഉപയോഗിച്ചാണ് 34 നിലകളുള്ള ഹോട്ടൽ തകർത്തത്. വിദൂര നിയന്ത്രണ സംവിധാനത്തിലൂടെയായിരുന്നു സ്‌ഫോടനം നടത്തിയത്. കഴിഞ്ഞ ജൂണിലാണ്​ കെട്ടിടം തകർക്കുമെന്ന്​ അറ്റ്​ലാൻറിക്​ സിറ്റി മേയർ പ്രഖ്യാപനം നടത്തിയത്​.

നിശ്ചിത ഇടവേളകളിൽ ഡൈനാമിറ്റുകൾ ഒന്നൊന്നായി പൊട്ടിയപ്പോൾ ന്യൂജേഴ്സിലെ അറ്റ്‌ലാന്റിക് സിറ്റിയിൽ തലയുയർത്തിനിന്നിരുന്ന കെട്ടിടം നിമിഷനേരംകൊണ്ട് വെറും കോൺക്രീറ്റ് കൂനയായി. തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്കൊന്നും ഒരു പോറൽപോലുമേൽക്കാതെയാണ് ഹോട്ടൽ സമുച്ചയം തകർത്തത്. വിദൂര നിയന്ത്രണ സംവിധാനത്തിലൂടെയായിരുന്നു സ്ഫോടനം നടത്തിയത്. നൂറുകണക്കിന് പേരാണ് ഇത് കാണാനായി എത്തിയത്.

1984ലാണ് ഹോട്ടലും കാസിനാേയും ആരംഭിക്കുന്നത്. ഏറെനാൾ സെലിബ്രിറ്റി​കൾക്ക് അടിപൊളി പാർട്ടികളും മറ്റും നടത്താനുള്ള ഒരു ഹോട്ട്സ്പോട്ടായിരുന്നു ഈ ഹോട്ടൽ. പക്ഷേ, കാലം മാറിയതോടെ ഹോട്ടലിന്റെ പകിട്ടും കുറഞ്ഞു. സെലിബ്രിറ്റി​കൾ പതിയെപ്പതിയെ ഹോട്ടലിനെ ഉപേക്ഷിച്ചു. 2009 ആയപ്പോൾ ട്രംപ് കാസിനോയുമായുള്ള ബന്ധം ഉപേക്ഷിച്ചു. 2014ൽ ഹോട്ടൽ പൂട്ടി.ഗതകാല പ്രൗഡിയോടെ നിന്നകെട്ടിടത്തിന് ഇടയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചുതുടങ്ങി. ചില ഭാഗങ്ങൾ തകരാനും തുടങ്ങി. ഇതാേടെയാണ് കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്. അവശിഷ്ടങ്ങളും മറ്റും നീക്കംചെയ്യുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഹോട്ടൽ നിന്നിരുന്ന സ്ഥലത്ത് മറ്റെന്തെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമോ എന്ന് വ്യക്തമല്ല.

അമേരിക്കൻ പ്രസിഡന്റാകും മുമ്പ്​ റിയൽ എസ്​റ്റേറ്റ്​ രംഗത്തെ അറിയപ്പെട്ട സംരംഭകനായിരുന്ന ട്രംപ്​ 1984ലാണ്​ ഹോട്ടലും കാസിനോയും നിർമ്മിച്ചത്​. പാപ്പർ നടപടിയിലാണ്​ ​ കാൽനൂറ്റാണ്ട്​ കഴിഞ്ഞ്​ ഉടമസ്​ഥത കൈവിട്ടത്​. മനോഹര കടൽതീരവും നടപ്പാതകളുമുള്ള ന്യൂജഴ്​സി ചൂതാട്ടത്തിനു കൂടി അറിയ​െപ്പട്ട അമേരിക്കൻ പട്ടണമാണ്​. ട്രംപ്​ പ്ലാസ ഹോട്ടലി​ന്റെ ഭാഗമായ കാസിനോയിൽ ചൂതാട്ടത്തിന്​ പുറമെ ഹെവിവെയ്​റ്റ്​ ബോക്​സിങ്​ മത്സരങ്ങളും അരങ്ങേറിയിരുന്നു.

2014 വരെ കെട്ടിടത്തിനു മുകളിൽ ട്രംപി​ന്റെ പേരുണ്ടായിരുന്നു. ശതകോടീശ്വരനായ നിക്ഷേപകൻ കാൾ സി. ജീൻ 2016ൽ കെട്ടിടം സ്വന്തമാക്കി. കെട്ടിടത്തിനു മുകളിലെ ത​ന്റെ പേര്​ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്​ 2014ൽ ​ട്രംപ്​ കേസ്​ നൽകിയിരുന്നു. ഉപയോഗശൂന്യമായ കെട്ടിടത്തിനു മുകളിൽ​ പേര്​ ഇനിയും കിടന്നാൽ പേരുദോഷം വരുമെന്ന്​ കണ്ടായിരുന്നു നീക്കം. ഇവിടെ മാത്രം ട്രംപിന്​ ഇതിനു പുറമെ നാല്​ കാസിനോകൾ സ്വന്തമായുണ്ടായിരുന്നു. നഗരത്തിലെ ട്രംപ്​ വേൾഡ്​'സ്​ ഫെയർ 1999ലും ട്രംപ്​ മറീന 2011ലും താജ്​മഹൽ 2016ലും അടച്ചുപൂട്ടി. അവശേഷിച്ച ട്രംപ്​ എൻറർടെയ്​ന്മെൻറ്​ 2004, 2009, 2019 വർഷങ്ങളിൽ പാപ്പർ ഹരജികൾ നൽകിയെങ്കിലും മുന്നോട്ടുപോയില്ല.