നെയ്യാറ്റിൻകര: 'ഇനി ഒരു മക്കൾക്കും ഇതുപോലെ സംഭവിച്ചു കൂടാ. ക്രൂരമായി നിരപരാധികൾ കൊലചെയ്യപ്പെട്ട ഏതെങ്കിലും കേസിൽ ഒരമ്മ ഇതുപോലെ ഇറങ്ങിയിരുന്നെങ്കിൽ ഇതുപോലെ ഞാൻ കണ്ണീർ കുടിക്കേണ്ടി വരില്ലായിരുന്നു. കൊന്നവരെ ശപിച്ചിട്ടോ, ചീത്ത പറഞ്ഞിട്ടോ അല്ല നമ്മുടെ പ്രവർത്തിയിലൂടെ നീതി നേടണം. അതിനുള്ള ധൈര്യം അപ്പോഴുണ്ടാകും. പലതവണ എന്നെ കൊല്ലാനുള്ള ശ്രമങ്ങളുണ്ടായി. എന്നിട്ടും ഞാൻ പിടിച്ച് നിന്നത് ഈ ദിവസത്തിന് വേണ്ടിയാണ്. കേരളത്തിലെ പൊലീസ് ഗുണ്ടായിസത്തിന് ഇതൊരു പാഠമാകണം.' പ്രഭാവതിയമ്മയുടെ ഈ വാക്കുളെ കണ്ണീരോടെയാണ് മലയാളി നെഞ്ചിലേറ്റിയത്. ഒരു അമ്മയുടെ നീതിക്കായുള്ള പോരാട്ടത്തിന്റെ ഫലമായിരുന്നു ഉദയകുമാർ ഉരുട്ടിക്കൊലയിലെ പൊലീസുകാർക്കുള്ള വധ ശിക്ഷ. അപ്പീലും നൂലാമാലകളുമായി ഈ വധശിക്ഷ നീണ്ടു പോകുമ്പോൾ മറ്റൊരു വാർത്ത. കേസിലെ പ്രധാന പ്രതി കാൻസർ രോഗം ബാധിച്ച് മരിച്ചു.

പൊലീസുകാരായ കെ.ജിതകുമാർ, എസ്.വി.ശ്രീകുമാർ, കെ.സോമൻ എന്നിവർ ചേർന്ന് ഉദയകുമാറിനെ ഉരുട്ടിയും മർദിച്ചും കൊലപ്പെടുത്തിയെന്നായിരുന്നു സിബിഐ കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകൾ ചൂണ്ടിക്കാണിച്ചിരുന്നു. മുൻ എസ്‌പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ഡിവൈഎസ്‌പി: ടി.അജിത് കുമാർ എന്നിവർക്കെതിരെ തെളിവു നശിപ്പിച്ചതിനും വ്യാജ രേഖകൾ നിർമ്മിച്ചതിനുമായിരുന്നു കേസ്. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്കു കൈമാറുകയായിരുന്നു. അതായതുകൊടു ക്രൂരത ചെയ്തത് ജിത്തുവും ശ്രീകുമാറും സോമനും കൂടിയായിരുന്നു. ഇതിൽ വിചാരണ നടക്കുമ്പോൾ സോമൻ മരിച്ചു. ഇപ്പോൾ വധശിക്ഷ നടപ്പാകും മുമ്പ് ശ്രീകുമാറും. അതും നൽപ്പത്തിനാലാം വയസ്സിൽ കാൻസർ ബാധിച്ചും.

2018 ജൂലൈ 25നായിരുന്നു ഫോർട്ട് പൊലീസ് സ്‌റ്റേഷനിലെ പ്രതികളായ പൊലീസുകാർക്കെതിരെ കോടതി ശിക്ഷ വിധിച്ചത്. 'തന്റെ ഗുണ്ടകൾ ഒരുത്തനെ തല്ലിക്കൊന്നിട്ടിട്ടുണ്ട്'. സ്‌കൂളിൽ സഹപാഠിയായിരുന്ന മേലുദ്യോഗസ്ഥനോടു ഫോർട്ട് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ വിജയകുമാർ ഫോണിൽ പറഞ്ഞ ഈ വാചകമാണ് ഉരുട്ടിക്കൊലക്കേസിൽ സിബിഐക്കു നിർണായക തെളിവായത്. ഇതു മുഖ്യതെളിവിൽ ഒന്നായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. വിചാരണയ്‌ക്കൊടുവിൽ കോടതി രണ്ട് പൊലീസുകാർക്ക് വിധിച്ചത് വധശിക്ഷയും. അപ്പീലും മറ്റുമായി ശിക്ഷാ വിധി നടപ്പാക്കുന്നതിന് ഇനിയും കാലതാമസം എടുക്കും. പക്ഷേ അതിനൊന്നും കാത്തു നിൽക്കാതെ പ്രതികളിൽ രണ്ടാമൻ യാത്രയാവുകയാണ്.

ഉദയകുമാർ ഉരുട്ടിക്കൊല കേസിലെ പ്രതിയും പൊലീസ് ഉദ്യോഗസ്ഥനുമായ നെയ്യാറ്റിൻകര കോൺവെന്റ് റോഡ് തങ്കം ബിൽഡിങ്സിൽ ശ്രീകുമാർ(44) മരിച്ചു. കാൻസർ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷങ്ങളായി ചികിത്സയിലായിരുന്നു. തുടർ ചികിത്സകൾക്കായി അനുവദിച്ച ജാമ്യത്തിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ തുടരവെയാണ് മരിച്ചത്. കേസിലെ രണ്ടാം പ്രതിയായ ശ്രീകുമാറിന് വധശിക്ഷയും പിഴയുമാണ് 2018ൽ സിബിഐ പ്രത്യേക കോടതി വിധിച്ചത്. ചികിത്സ തുടരവെ കോവിഡ് പോസിറ്റീവ് ആയെങ്കിലും പിന്നീട് കോവിഡ് വിമുക്തനായി .അവസാനമായി തിരുവനന്തപുരത്ത് കന്റോൺമെന്റ് സ്റ്റേഷനിലാണ് ജോലി നോക്കിയത്. അങ്ങനെ ലോക്കപ്പിൽ ക്രൂരത കാട്ടിയ ശ്രീകുമാറിന് അസുഖം വധശിക്ഷ ഒരുക്കുകയായിരുന്നു.

ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ ആറ് പൊലീസുകാർ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി വിധിച്ചിരുന്നു. ജിതകുമാർ, ശ്രീകുമാർ, ഇകെ സാബു, അജിത് കുമാർ, ഹരിദാസ് എന്നിവരായിരുന്നു് പ്രതികൾ. ഇതിൽ ഒന്നും രണ്ടും പ്രതികളായ ജിതകുമാർ, ശ്രീകുമാർ എന്നിവർക്കെതിരായി കൊലക്കുറ്റം കോടതി ശരിവച്ചിരുന്നു. മോഷണക്കുറ്റം ആരോപിച്ച് 2005 സെപ്റ്റംബർ 27 ന് ഉച്ചയ്ക്ക് ഒന്നരയോടെ ശ്രീകണ്‌ഠേശ്വരം പാർക്കിൽ വച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറെന്ന യുവാവ് മരിച്ച സംഭവത്തിലാണ് കേസ്. പൊലീസ് കസ്റ്റഡിയിലെടുത്ത കിള്ളിപ്പാലം കീഴാറന്നൂർ കുന്നുപുറം വീട്ടിൽ ഉദയകുുമാർ (28)തുടയിലെ രക്തധമിനികൾ പൊട്ടി രാത്രി പത്തരയോടെ മരിച്ചു.

ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുദ്യോഗസ്ഥർ പ്രതിയായ കേസിൽ 13 വർഷത്തിന് ശേഷമാണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. മൂന്നാം പ്രതിയായ സോമൻ വിചാരണയ്ക്കിടെ മരണമടഞ്ഞിരുന്നു. പാർക്കിൽ വച്ച് പൊലീസ് പിടിയിലായ ഉദയകുമാറും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുരേഷും അവരുടെ കൈവശമുണ്ടായിരുന്ന 4000 രൂപയെപ്പറ്റി പരസ്പര വിരുദ്ധമായി പറഞ്ഞുവെന്ന് കസ്റ്റഡിയിലെടുക്കാൻ കാരണമായി പൊലീസ് പറഞ്ഞിരുന്നത്. കസ്റ്റഡിയിൽ? വച്ച് ഏറ്റ മർദ്ദനത്തിൽ ഉദയകുമാർ കൊല്ലപ്പെടുകയായിരുന്നു. ഉദയകുമാറിനെ ഫോർട്ട് സിഐയുടെ സ്‌ക്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവർ ചേർന്ന് ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്.

മുൻ സിഐ ഇകെ സാബു, എസ്ഐ അജിത് കുമാർ എന്നിവർ ഉദയകുമാറിനെതിരെ മോഷണക്കുറ്റം ചുമത്താൻ രേഖകൾ തിരുത്തിയതായും കണ്ടെത്തി. ഇവർക്കെതിരെ മുൻ ഹെഡ് കോൺസ്റ്റബിൾ തങ്കമണി കോടതിയിൽ മൊഴി നൽകിയിരുന്നു.മുൻ സിഐ ഇകെ സാബു, എസ്ഐ അജിത് കുമാർ എന്നിവരാണ് ചോദ്യം ചെയ്യലിന് ശേഷം ഉദയകുമാറിനെ തോളിൽതാങ്ങി കൊണ്ടുവന്നത് ഈ ഉദ്യോഗസ്ഥരാണെന്നും സ്റ്റേഷൻ രേഖകൾ തിരുത്താൻ ഇവരാണ് ആവശ്യപ്പെട്ടതെന്നും അഞ്ചാം സാക്ഷിയായ തങ്കമണി മൊഴിനൽകി. വിചാരണക്കിടെ മൂന്നാം പ്രതി സോമൻ മരിച്ചു. കേസിലെ നാലാം പ്രതി ഫോർട്ട് സ്റ്റേഷനിലെ എഎസ്ഐ ശശിധരനെ സിബിഐ മാപ്പു സാക്ഷിയാക്കി. 47 സാക്ഷികളിൽ ഉദയകുമാറിനൊപ്പം പൊലീസ് കസ്റ്റഡിലെടുത്ത പ്രധാന സാക്ഷി സുരേഷും ഒരു പൊലീസുകാരനും കൂറുമാറിയിരുന്നു. കേസ് സിബിഐയ്ക്ക് നൽകിയതാണ് നിർണ്ണായകമായത്.

സംസ്ഥാനത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ കസ്റ്റഡി മരണമായിരുന്നു ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാറിന്റെ കൊലപാതകം. ആൾമാറാട്ടവും സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റവുമെല്ലാം കേസിനെ വിവാദത്തിലാക്കിയിരുന്നു. 2005 സെപ്റ്റംബർ 27ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഉദയകുമാറിനെയും സുഹൃത്ത് സുരേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷണ കുറ്റമാരോപിച്ചായിരുന്നു നടപടി. ഫോർട്ട് സിഐയുടെ സ്വകാഡിൽപ്പെട്ട പൊലീസുകാരായ ജിതകുമാറും ശ്രീകുമാറും ശ്രീകണ്‌ഠേശ്വരം പാർക്കിൽ നിന്നാണ് ഇരുവരയെും കസ്റ്റഡിയിലെടുക്കുന്നത്. അതിന് ശേഷം രാത്രി 11.40ന് മരിച്ച നിലയിലാണ് ഉദയകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുന്നത്.

ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 13 വർഷത്തിനു ശേഷമാണു വിധി. പ്രഭാവതിയമ്മ കോടതിയിലെത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം മോഷണക്കുറ്റം ആരോപിച്ചു പിടികൂടിയ ഉദയകുമാറിനെ ക്രൂരമായ ലോക്കപ്പ് മർദനത്തിന് ഇരയാക്കി കൊന്നുവെന്നാണു സിബിഐയുടെ കണ്ടെത്തിയത്. ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന പരാതിയുമായി പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് 2008 ഓഗസ്റ്റിലാണു സിബിഐ ഏറ്റെടുത്തത്.