ജിദ്ദ: ജിദ്ദയിലെ ശ്മശാനത്തിൽ ഒന്നാം ലോക മഹായുദ്ധ അനുസ്മരണ ചടങ്ങിലുണ്ടായ സ്ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഫ്രഞ്ച് കോൺസുലേറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിനിടെയാണ് സ്ഫോടനം നടന്നത്. റിയാദിലെ ഫ്രഞ്ച് എംബസി ഇക്കാര്യം വ്യക്തമാക്കി വാർത്താകുറിപ്പ് പുറത്തിറക്കി. മുസ്‌ലിമിതരർക്കു വേണ്ടിയുള്ള ജിദ്ദയിലെ ശ്മശാനത്തിൽ ബുധനാഴ്ച രാവിലെ നടന്ന ചടങ്ങിനിടെയാണ് സംഭവം.

ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഗ്രീസ്, ബ്രിട്ടീഷ്, ഇറ്റലി, അമേരിക്കൻ ഉദ്യോഗസ്ഥരും യൂറോപ്യൻ യൂണിയനിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി നയതന്ത്ര പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ആക്രമണത്തെ ഫ്രാൻസ് വിദേശ കാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണം നടന്ന ചടങ്ങിനിടെയാണ് ഗ്രനേഡ് സ്ഫോടനം നടന്നത്.

ആക്രമണത്തെ ഫ്രാൻസ് വിദേശ കാര്യ മന്ത്രാലയം അപലപിച്ചു. ആക്രമണം നടന്ന സ്മശാനം സൗദി സുരക്ഷാസേന അടച്ചിട്ടുണ്ട്. ശ്മശാനത്തിന് ചുറ്റുമുള്ള സ്ഥലം ഇപ്പോൾ സുരക്ഷാവലയത്തിലാണ്. സംഭവത്തെ തീവ്രവാദികളുടെ 'ഭീരുത്വം'' എന്നാണ് മക്ക മേഖല അധികൃതർ വിശേഷിപ്പിച്ചത്.