പാരീസ്: ഫ്രാൻസിൽ അദ്ധ്യാപകന്റെ തലവെട്ടൽ അടക്കമുള്ള തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിനെ നേരിടാനായി വിഘടനവാദം ചെറുക്കാനെന്ന പേരിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അവതരിപ്പിച്ച ബില്ലിന്റെ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ കടുത്ത എതിർപ്പുമായി ഇസ്ലാമിക ലോകം. രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന വിഘടനവാദികള പ്രതിരോധിക്കാനാണ് ബില്ലെന്നാണ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞത്. അതേസമയം ബിൽ ഫ്രാൻസിലെ മുസ്ലിം ജനങ്ങളോട് വിവേചനം കാണിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചില മനുഷ്യാവകാശ സംഘടനകളും ഇവർക്ക് പിന്തുണ നൽകുന്നുണ്ട്. ബില്ലിനെ സംബന്ധിച്ച വിശദാംശങ്ങൾ ബുധനാഴ്ചയാണ് ഇമ്മാനുവൽ മാക്രോൺ പുറത്തുവിട്ടത്.

ബില്ലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന പ്രധാന വിവരങ്ങൾ ഇവയാണ്.മൂന്ന് വയസുമുതൽ രാജ്യത്തെ എല്ലാ കുട്ടികളും നിർബന്ധിതമായും സ്‌കൂളിൽ പോയിരിക്കണം. ഹോം സ്‌കൂളിങ്ങ് പ്രത്യേക കേസുകളിൽ മാത്രമേ പരിഗണിക്കുകയുള്ളൂ. നിയമവിരുദ്ധമായ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുന്ന ക്ലാൻഡസ്റ്റൈൻ സ്‌കൂളുകളെ നിയന്ത്രിക്കാനാണ് ഇതെന്നാണ് മാക്രോൺ പറയുന്നത്.എല്ലാ മുസ്ലിം പള്ളികളും ആരാധനാലയമായി രജിസ്റ്റർ ചെയ്യണം. മുസ്ലിം പള്ളികളെ പ്രത്യേകമായി തിരിച്ചറിയാനാണ് ഈ തീരുമാനമെന്ന് വിഷയത്തിൽ വിവാദം ഉയർന്നിരുന്നു. നിലവിൽ ഫ്രാൻസിലെ 2,600 ഓളം പള്ളികൾ അസോസിയേഷന്റെ നിയമപ്രകാരമാണ് പ്രവർത്തിക്കുന്നത്. ഫ്രാൻസിലെ പള്ളികൾക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിലും നിയന്ത്രണങ്ങളുണ്ട്.

യുവതികളുടെ കന്യകാത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നൽകുന്ന ഡോക്ടർമാർ ഒരു വർഷം വരെ തടവ് ശിക്ഷയ്ക്ക് വിധിക്കും. ഫ്രഞ്ച് ഡോക്ടർമാരും മുസ്ലിങ്ങൾക്കിടയിൽ തന്നെയുള്ള ഫെമിനിസ്റ്റ് ഗ്രൂപ്പുകളും ഇത്തരം സർട്ടിഫിക്കറ്റുൾക്കെതിരെ രംഗത്തു വന്നിരുന്നു.യുവതി യുവാക്കന്മാരുടെ സമ്മതത്തോടു കൂടി തന്നെയാണോ വിവാഹം നടക്കുന്നതെന്ന് അറിയാൻ പ്രത്യേകമായി ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തണമെന്നും ബില്ലിൽ പറയുന്നു. വിവാഹത്തിലെ ഇരുപാർട്ടികളുടെയും സമ്മതത്തിൽ ഏതെങ്കിലും വിധത്തിലുള്ള സംശയം ഉണ്ടാകുമ്പോൾ മാത്രമാണിത്.
ബഹുഭാര്യാത്വം അനുവദിക്കില്ല.

ബില്ലുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്നതിനിടയിലാണ് ബില്ലിലെ വ്യവസ്ഥകൾ പരസ്യപ്പെടുത്തി മാക്രോൺ രംഗത്തെത്തിയത്. നേരത്തെ വിഭാഗീയത തടയാൻ എന്ന പേരിൽ കൊണ്ടുവരുന്ന ബില്ലിനെക്കുറിച്ചുള്ള പരാമർശം നടത്തവെ ഇസ്ലാം മതം ലോകത്താകമാനം പ്രതിസന്ധി നേരിടുകയാണെന്ന ഇമ്മാനുവൽ മാക്രോണിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പുതിയ നിയന്ത്രണങ്ങൾ മുസ്ലിം വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്നാണ് മാക്രോൺ ആവർത്തിക്കുന്നത്. അതേസമയം വിഷയത്തിൽ വലിയ എതിർപ്പുകളാണ് ഫ്രാൻസിൽ രൂപപ്പെട്ട വരുന്നത്.

പ്രവാചക നിന്ദ ആരോപിക്കുന്ന കാർട്ടൂണുകൾ ആക്ഷേപഹാസ്യ മാസികയായ ഷാർലി ഹെബ്ദോ പ്രസിദ്ധീകരിച്ചതോടെയാണ് ഫ്രാൻസും ഇസ്ലാമിസ്റ്റുകളും തമ്മിൽ വീണ്ടും പ്രശ്നങ്ങൾ രൂക്ഷമായത്. വിവാദ കാർട്ടുണുകൾ പുനപ്രസദ്ധീകരിക്കും എന്ന ഷാർലിഹെബ്ദോയുടെ നിലപാടിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രാൺ തന്നെ പിന്തുണ നൽകി.

മതനിന്ദ തങ്ങുടെ മൗലിക അവകാശം ആണെന്നായിരുന്നു മാക്രോണിന്റെ വാദം. ഇതേതുടർന്നാണ് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ക്ലാസ് എടുക്കുമ്പോൾ ഷാർലി ഹെബ്ദോയുടെ ചിത്രം കാട്ടിയ സാമുവൽ പാറ്റി എന്ന അദ്ധ്യാപകന്റെ തലയറുത്തത്. സംഭവത്തിന് ശേഷമുണ്ടായ ശക്തമായ പ്രതിഷേധങ്ങൾക്ക് തിരിച്ചടിയെന്നോണം മൂന്നു നിരപരാധികളെ കൂടി പിന്നെയും കൂട്ടക്കുരുതി ചെയ്തു.രണ്ടു ക്രിസ്ത്യൻ പള്ളികളിൽ ആക്രമണം ഉണ്ടായി. ഇതിന്റെ അനുരണനമെന്നോണം, ജിദ്ദയിൽ പ്രവർത്തിക്കുന്ന ഫ്രഞ്ച് കോൺസുലേറ്റിന്റെ സ്‌പെഷ്യൽ ഫോഴ്‌സ് ഡിപ്ലോമാറ്റിക്ക് സെക്യൂരിറ്റി ഗാർഡിന് നേരെ ആക്രമണമുണ്ടായി. ഒരു സൗദി പൗരൻ ഗാർഡിനെ കുത്തി പരിക്കേൽപിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതിന്റെ എല്ലാം പശ്ചാത്തലത്തിനാലാണ് ഇസ്ലാമിനെ പൂട്ടുക എന്ന ലക്ഷ്യം വെച്ച് പുതിയ ബിൽ അധികൃതർ കൊണ്ടുവന്നത്.