പാരിസ്: പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെ ഇസ്ലാമഫോബ് എന്ന് വിളിച്ച് ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിച്ച പാക്കിസ്ഥാന് ഫ്രാൻസിന്റെ മുട്ടൻ പണി. പാക്കിസ്ഥാന്റെ സൈനിക, പ്രതിരോധ സംവിധാനങ്ങൾ നവീകരിക്കാൻ സഹായം നൽകാനാവില്ലെന്നു ഫ്രാൻസ് നിലപാടെടുത്തു. മതനിന്ദ ആരോപിച്ച് ഫ്രാൻസിൽ ചരിത്രാധ്യാപകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെതിരെ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ആക്ഷേപഹാസ്യ വാരിക ഷാർലി എബ്ദോയുടെ പാരിസിലെ മുൻ ഓഫിസിനു പുറത്ത് പാക്ക് യുവാവ് ഇറച്ചിക്കത്തി കൊണ്ട് രണ്ടുപേരെ കുത്തിയ സംഭവത്തോടെ ഇരുരാജ്യങ്ങളും കൂടുതൽ അകന്നു.

പാക്കിസ്ഥാന്റെ കൈവശമുള്ള മിറാഷ് യുദ്ധ വിമാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനം, അഗസ്റ്റ 90ബി ക്ലാസ് അന്തർവാഹിനികൾ തുടങ്ങിയവ നവീകരിക്കാനുള്ള സഹായ വാഗ്ദാനത്തിൽനിന്നു ഫ്രാൻസ് പിന്മാറുകയാണെന്നാണു റിപ്പോർട്ട്. മിറാഷ് നവീകരിക്കില്ലെന്ന തീരുമാനം പാക്ക് വ്യോമസേനയ്ക്കു വലിയ തിരിച്ചടിയാണ്. നൂറ്റൻപതോളം മിറാഷ് പാക്കിസ്ഥാനുണ്ട്. പാക്ക് വംശജരായ സാങ്കേതിക വിദഗ്ധരെ അടുപ്പിക്കരുതെന്നു ഖത്തറിനോടും ഫ്രാൻസ് നിർദേശിച്ചു. ഫ്രാൻസിന്റെ റഫാൽ വിമാനങ്ങൾ വാങ്ങിയ രാജ്യങ്ങളിലൊന്നാണു ഖത്തർ. പാക്ക് സ്വദേശികളെ റഫാലിൽ ജോലി ചെയ്യാൻ അനുവദിക്കുന്നതു സാങ്കേതിക രഹസ്യങ്ങൾ ഇസ്ലാമാബാദിലേക്ക് ചോരാൻ ഇടയാക്കുമെന്നു ഫ്രാൻസ് ഭയക്കുന്നു.

ഫ്രാൻസിന്റെ റഫാൽ വിമാനങ്ങളുടെ പ്രധാന ഗുണഭോക്താവാണ് ഇന്ത്യ. റഫാൽ വിവരങ്ങൾ പാക്കിസ്ഥാനു കിട്ടുന്നതും അതുവഴി ചൈനയുടെ കൈകളിൽ എത്തുന്നതും ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നു ഫ്രാൻസ് കണക്കുകൂട്ടുന്നു. അഭയം തേടിയുള്ള പാക്കിസ്ഥാൻകാരുടെ അപേക്ഷകളിൽ കടുത്ത പരിശോധനയാണു ഫ്രാൻസ് നടത്തുന്നത്