തിരുവനന്തപുരം: വൈദ്യുതിബില്ലിന്റെപേരിൽ സൈബർ തട്ടിപ്പിൽ കെ.എസ്.ഇ.ബി. ഉപഭോക്താക്കൾക്ക് രണ്ടുലക്ഷത്തോളം രൂപ നഷ്ടമായതായി സൂചന. ഇതുവരെ ആറുപേരാണ് കെ.എസ്.ഇ.ബി.ക്ക് പരാതിനൽകിയത്. എന്നാൽ, കബളിപ്പിക്കപ്പെട്ട പലരും അത് പുറത്തുപറയാൻ മടിക്കുകയാണ്. കെ.എസ്.ഇ.ബി.യുടെ പരാതി ഡി.ജി.പി. അനിൽകാന്ത് സൈബർ സെല്ലിന് കൈമാറി. ഉത്തർപ്രദേശിലെ ഒരു സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമികവിവരം.

വൈദ്യുതി ചാർജ് കുടിശ്ശിക ഉടൻ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്ന സന്ദേശം അയച്ചാണ് തട്ടിപ്പ്. സന്ദേശത്തോടൊപ്പമുള്ള ഇ-ഫോമിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്വേഡും ആവശ്യപ്പെടും. ഇത് കിട്ടിയാലുടനെ ഉപഭോക്താവിന്റെ മൊബൈൽഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈയിലാവും. അക്കൗണ്ടിൽനിന്ന് പണം ചോർത്തും.

കുടിശ്ശിക അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്ന വ്യാജസന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് കെ.എസ്.ഇ.ബി. പലവട്ടം മുന്നറിയിപ്പ് നൽകിയെങ്കിലും പലരും കബളിപ്പിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ ബോർഡ് വികസിപ്പിച്ച് ഉപയോഗിക്കുന്ന 22 ഓളം സോഫ്റ്റ്‌വേർ സുരക്ഷാ ഓഡിറ്റിന് വിധേയമാക്കും. ബോർഡിന്റെ ഡാറ്റാ സെന്ററുകളുടേയും പവർഹൗസുകളുടേയും സുരക്ഷ സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ ഏൽപ്പിക്കും. വൈദ്യുതിഭവനിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തും.