തിരുവനന്തപുരം: ''വെള്ളമോ ഭക്ഷണമോ വേണ്ട. പുലർച്ചെ 3 വരെ കണ്ണെടുക്കാതെ മൊബൈൽ ഫോണിൽ തന്നെ നോക്കിയിരുന്നു ഫ്രീ ഫയർ വിഡിയോ ഗെയിം കളിക്കും. ചോദ്യം ചെയ്താൽ വയലന്റാകും. 2,000 രൂപയ്ക്കു മൊബൈൽ ഫോൺ റീചാർജ് ചെയ്തു കൊടുക്കണമെന്നതായിരുന്നു ഒടുവിലത്തെ ആവശ്യം. 500 രൂപയ്ക്കു ചാർജ് ചെയ്തു നൽകി. ബാക്കി പണം കൂട്ടുകാരന്റെ അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു ബഹളം വച്ചു. പിന്നാലെ മുറിക്കുള്ളിൽ കയറി. ഒരു കുറിപ്പു പോലും എഴുതി വയ്ക്കാതെ അവൻ പോയി.''-ഇത് പറയുമ്പോൾ അച്ഛനും അമ്മയും കണ്ണീരിയാണ്.

മൂത്ത മകന്റെ മരണ ശേഷം ഏറെ സ്‌നേഹിച്ചു വളർത്തിയ രണ്ടാമത്തെ മകനും യാത്രയായി. ഇനി ഈ അച്ഛനും അമ്മയ്ക്കും ആരുമില്ല. മരണക്കളിയാണ് മെയ്‌ 12ന് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ അനുജിത്ത് അനിലിന്റെ ജീവനെടുത്തതെന്ന് അമ്മ അജിതകുമാരി പറയുന്നു. ആദ്യ മകൻ അഭിജിത്ത് ഹൃദ്രോഗം മൂലം 2012ൽ മരിച്ചപ്പോൾ അവയവങ്ങൾ ദാനം ചെയ്ത് മാതൃകയായ അച്ഛനും അമ്മയുമാണ് മേനംകുളം സ്വദേശികളായ അനിൽകുമാറും അജിതയും. ഈ കുടുംബത്തെയാണ് ഈ കളി തിരാ ദുഃഖത്തിലേക്ക് തള്ളി വിടുന്നു.

ഓൺലൈൻ ഗെയിമിൽ യഥാർഥ കഥാപാത്രങ്ങളെ പോലെ അപകടത്തിൽ മരിക്കാൻ നേരം വിലപിക്കുകയും രക്തം ഒഴുക്കുകയും ചെയ്യുന്നതൊക്കെ കാണുമ്പോൾ കുട്ടികളുടെ മനസ്സും അതിനനുസരിച്ച് വൈകാരികമായി പ്രതികരിക്കും. ഏകാഗ്രത ആവശ്യമുള്ള കളിയായതിനാൽ അമിതമായ ഉപയോഗം കാഴ്ച ശക്തിയെ സാരമായി ബാധിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. ഈ കൈവിട്ട കളിയാണ് അനുജിത്തിനേയും ആത്മഹത്യയിലേക്ക് തള്ളി വിട്ടത്. കുട്ടികളെ പിടിവാശിക്ക് അടിമയാക്കുന്ന ഓൺലൈൻ ഗെയിം.

മിടുക്കനായ വിദ്യാർത്ഥിയായിരുന്നു അനുജിത്ത്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി. എന്നാൽ മൊബൈൽ ഗെയിം അനുജിത്തിന്റെ സ്വഭാവം മാറ്റി. ഫ്രീഫയർ ഗെയിമിലേക്ക് ശ്രദ്ധ തിരിഞ്ഞതോടെ അമ്മയും ചേച്ചിയും പറയുന്നതു കേൾക്കാതെയായി. സഹോദരിയുടെ മകളെ പോലും ശ്രദ്ധിക്കാതെയായി. പത്താംക്ലാസിന് ശേഷമാണ് മൊബൈൽ ഗെയിമുകളിൽ കമ്പംകയറിയത്. ഫ്രീഫയർ ഗെയിമിലൂടെ ഇത്തരത്തിൽ നിരവധി ആൾക്കാരുടെ പണം നഷ്ടമായിട്ടുണ്ടെന്ന് നേരത്തെ പരാതിയുയർന്നിരുന്നു. ഇത് പതിവായതോടെ ബോധവത്കരണത്തിന് ഒരുങ്ങുകയാണ് പൊലീസ്. കുട്ടികൾ കൂടുതൽ ഫോൺ ഉപയോഗിക്കുന്നതിനാൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

പത്താം ക്ലാസിൽ പബ്ജിയായിരുന്നു അവനു ഹരം. പിന്നീട് അതു നിരോധിച്ചതോടെ ഫ്രീഫയറിലേക്കു തിരിഞ്ഞു. ക്രമേണ 24 മണിക്കൂറും കളിയായി. ദിവസം ഒന്നര ജിബി ഡേറ്റ പോലും കളിക്കാൻ മതിയാകാതെ വന്നു. ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ വീണ്ടും ഫോൺ റീചാർജ് ചെയ്യേണ്ട അവസ്ഥയായി. 33,000 രൂപയുടെ ഫോൺ വാങ്ങിയില്ലെങ്കിൽ വാഹനത്തിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞതിനാൽ അതും വാങ്ങി നൽകി. ഒടുവിൽ ആത്മഹത്യയും-അമ്മ പറയുന്നു.

കൂട്ടുകാർ പലരും അജ്ഞാതരായിരുന്നു. കളിക്ക് അടിമയായിക്കഴിഞ്ഞ ശേഷം പെരുമാറ്റം ആകെ മാറിഅജിതകുമാരി പറഞ്ഞു. കേരളാ പൊലീസിന്റെ കൈയിലുള്ള പഠന റിപ്പോർട്ട് പ്രകാരം 4നും 15നും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾ ഒരു ദിവസം ശരാശരി 74 മിനിറ്റുകളോളം ഫ്രീ ഫയർ ഗെയിം കളിക്കുന്നുണ്ട്. സൗജന്യം, കളിക്കാൻ എളുപ്പം, വേഗം, ലോ-എൻഡ് സ്മാർട് ഫോണുകളിൽ പോലും പൊരുത്തപ്പെടുന്നത്, സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാൻ കഴിയുന്നത് എന്നിവ കാരണം കുട്ടികൾ പെട്ടെന്ന് ഈ ഗെയിമിന് അടിമകളാകും. അപരിചിതരും പരിചയക്കാരായി എത്തും. ഇവർ ലൈംഗിക ചൂഷകരോ ഡേറ്റാ മോഷ്ടാക്കളോ മറ്റു ദുരുദ്ദേശ്യം ഉള്ളവരോ ആകാം. അങ്ങനെ പലതരം ചതിക്കുഴികളുണ്ടിവിടെ.

ഫ്രീ ഫയറിന്റെ പേരിൽ ആദ്യം ലഭിച്ച പരാതി ആലുവയിൽ നിന്നായിരുന്നു. അക്കൗണ്ടിൽനിന്ന് മൂന്നു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയുമായാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്. തുടർന്ന് സൈബർ പൊലീസ് വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഫ്രീ ഫയർ ഗെയിം കളിച്ച് കുട്ടി പണം നഷ്ടപ്പെടുത്തിയതായി കണ്ടെത്തിയത്. 50 രൂപമുതൽ 5,000 രൂപവരെയാണ് ഒരോ ഇടപാടിലും 14 കാരൻ ചെലവാക്കിയത്. ആകെ 225 തവണ പണം അടച്ചുവെന്നും കണ്ടെത്തി. ഗെയിം ലഹരിയിലായ വിദ്യാർത്ഥി ഒരു ദിവസം തന്നെ പത്ത് തവണ ചാർജ് ചെയ്തിട്ടുണ്ട്. അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം അക്കൗണ്ടിൽ നിന്നു പോയതായി അറിഞ്ഞത്. സംഭവം മാതാപിതാക്കൾ അറിഞ്ഞു വന്നപ്പോഴേക്കും ലക്ഷങ്ങൾ നഷ്ടപ്പെട്ടിരുന്നു.

കണ്ണൂരിൽ ജയിൽ ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ നിന്നും ഫ്രീ ഫയറിന് വേണ്ടി മകൻ ചോർത്തിയത് 612000 രൂപയാണ്. കണ്ണൂർ സെൻട്രൽ ജയിലിലെ വീവിങ് ഇൻസ്‌പെക്ടറായ പന്ന്യന്നൂരിലെ പാച്ചാറത്ത് വിനോദ് കുമാറിന്റെ അക്കൗണ്ടിൽനിന്നാണ് പണം നഷ്ടപ്പെട്ടത്. വീട് നിർമ്മാണത്തിന് വിനോദ് കുമാർ വായ്പയെടുത്തിരുന്നു. ഈ തുകയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. വിനോദ് കുമാറിന്റെ മകൻ ഓൺലൈനായി ഫ്രീഫയർ എന്ന ഗെയിം കളിക്കാറുണ്ടായിരുന്നു. ഗെയിമിന്റെ തുടക്കത്തിൽ ചെറിയ തുക എൻട്രി ഫീ അടച്ചിരുന്നു. ഇതിനുശേഷമാണ് കണ്ണൂർ സൗത്ത് ബസാർ ശാഖയിൽ അക്കൗണ്ടിലെ ബാക്കിയുള്ള പണവും കാണാതായത്. വിനോദ് കുമാറിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്കൗണ്ട് നമ്പറും പാസ്വേഡും മനസ്സിലാക്കി പണം തട്ടിയെടുത്തതായാണ് കരുതുന്നത്.

എന്താണ് ഫ്രീ ഫയർ ഗെയിം?

പബ്ജിക്ക് സമാനമായ സർവൈവൽ ഗെയിമാണ് ഫ്രീ ഫയർ. നിരന്തരമായി ഗെയിം കളിച്ച് മാനസിക നിലയിൽ വ്യതിയാനം കാട്ടിയ കുട്ടികൾ ചികിത്സ തേടുകയാണ്. ഒരു ദ്വീപിലേക്ക് പാരച്യൂട്ടിൽ പറന്നിറങ്ങുന്നവർ. യുദ്ധഭൂമിലേക്ക് ഇറങ്ങുന്ന ഇവർ ആയുധങ്ങൾ തേടുന്നു. പിന്നീട് ഈ ആയുധങ്ങളുമായി പരസ്പരം പോരാടുന്നു. പബ് ജി പോലെ സർവൈവൽ ഗെയിമാണ് ഫ്രീ ഫയർ.

2019 ൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ഗെയിം. 8 കോടി ആക്ടീവ് യൂസേഴ്‌സാണ് ഈ ഗെയിമിനുള്ളത്. പബ്ജിയുടെ നിരോധനത്തോടെ കളം പിടിച്ച ഫ്രീ ഫയർ ലോക്ഡൗൺ കാലത്ത് അരങ്ങ് വാഴുകയാണ്. ഇന്റർനെറ്റ് ക്ലാസുകൾക്കായി മൊബൈൽഫോണുകൾ കുട്ടികളുടെ കയ്യിലായപ്പോൾ ഈ ഗെയിം കളിക്കുന്നവരുടെ എണ്ണം കൂടി. ഗെയിം അഡിക്ഷനും. ഊണും ഉറക്കവും ഉപേക്ഷിച്ച് ഗെയിം കളിക്കുന്നവരും ഗെയിമിന്റെ അടുത്തഘട്ടത്തിലേക്ക് പോകാൻ കൂടുതൽ ആയുധങ്ങൾ വാങ്ങാൻ മാതാപിതാക്കളുടെ അക്കൗണ്ട് ചോർത്തുന്നവരും ഏറെയാണ്. ഗെയിമിനടിമപ്പെട്ട നിരവധി കുട്ടികൾ ചികിത്സ തേടുന്നു.

ഗെയിമിനടിമപ്പെട്ട കുട്ടികൾ ഫോൺ ലഭിക്കാതെ വന്നാൽ അക്രമാസക്തരുമാകുന്നു. കേവലം ഗെയിമിന്റെ നിരോധനം എന്നതിനപ്പുറം കാര്യമായ ബോധവത്കരണം ഈ മേഖലയിൽ ഉണ്ടാകേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ച് കുട്ടികൾ ഇന്റർനെറ്റിന്റെ നാല് ചുമരുകൾക്കുള്ളിൽ പുതിയ ലോകം കണ്ടെത്തുന്ന ഇക്കാലത്ത്.