പാരീസ്: കോവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിൽ തികച്ചും ഉദാസീനമായ നിലപാടുകൾ സ്വീകരിച്ച് കോവിഡ് വ്യാപനത്തിനു വഴിയൊരുക്കിയ മുൻ ഫ്രഞ്ച് ആരോഗ്യ മന്ത്രിക്കെതിരെ കേസെടുക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്ന് പാരീസിലെ പ്രത്യേക കോടതി നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തി. ഇതിനെ തുടർന്ന് ഇവർക്കെതിരെ പൊലീസ് കേസ് റെജിസ്റ്റർ ചെയ്തു. ഒരു ദുരന്തം ഒഴിവാക്കുവാൻ പരാജയപ്പെട്ടു എന്ന രണ്ടാമത്തെ ആരോപണം തള്ളിക്കളഞ്ഞ കോടതി, നിരവധി പേരുടെ ജീവനുകൾ അപകടത്തിലാക്കി എന്നതിന്റെ പേരിലാണ് മുൻ ആരോഗ്യമന്ത്രി ആഗ്‌നസ് ബൈസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.

കോവിഡ് വ്യാപനത്തെ തുടർന്ന് ഉയർന്ന ആരോപണങ്ങൾക്കൊടുവിൽ കഴിഞ്ഞവർഷം ഇവർ രാജി വച്ചിരുന്നു. ഒരു ഡോക്ടർ കൂടിയായ ഇവർ കോടതിയുടെ വിധിപ്രസ്താവം കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. തന്റെ ഭാഗം വിശദീകരിക്കാനും സത്യം എന്തെന്ന് ബോദ്ധ്യപ്പെടുത്തുവാനും ഒരു അവസരമായി ഈ കോടതിവിധിയെ കാണുന്നു എന്നാണ് അവർ പറഞ്ഞത്. ഈ വിധിക്കെതിരെ അപ്പീൽ പോകുവാനും അവർക്ക് കഴിയും. തന്റെയോ താൻ ഭാഗമായിരുന്ന സർക്കാരിന്റെയോ ഭാഗത്തുനിന്നും വീഴ്‌ച്ചകൾ ഉണ്ടായിട്ടില്ലെന്നും ആഗോളതലത്തിൽ തന്നെ ഉയര്ന്നുവന്ന ആരോഗ്യ പ്രതിസന്ധിയെ നേരിടാൻ ഉചിതമായ നടപടികൾ കൈക്കൊണ്ടിരുന്നു എന്നും അവർ പറയുന്നു.

കോവിഡ് പ്രതിസന്ധിയെ സർക്കാർ കൈകാര്യം ചെയ്ത രീതി അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വലിയ ചർച്ചാവിഷയമാകും എന്നത് ഉറപ്പാണ്. അതിനിടയിലാണ് ഇപ്പോൾ ഈ കോടതിവിധി വന്നിരിക്കുന്നത്. ജുഡീഷറി അമിതാധികാരം ഉപയോഗിക്കുന്നു എന്ന വിമർശനവും ഈ വിധിക്കെതിരെ ഉയർന്നിട്ടുണ്ട്. ഏതായാലും വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി പല ഭരണകൂടങ്ങളേയും ഇതിനോടകം തന്നെ പ്രതിസ്ഥാനത്ത് നിർത്തിയിട്ടുണ്ട്. അതിൽ ഏറ്റവും അവസാനത്തേതാണ് ഇത്.

ഫ്രാൻസിൽ മൊത്തം 1,15,000 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഫ്രാൻസിലെ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചതിനു ശേഷം അധികം താമസിയാതെ കഴിഞ്ഞവർഷം ഫെബ്രുവരിയിലായിരുന്നു ബൈസിൻ രാജിവച്ചത്. ഫ്രാൻസിൽ കോവിഡ് പടരാനുള്ള സാധ്യതയില്ലെന്നും മറ്റുമുല്ല ആരോഗ്യമന്ത്രിയുടെ പ്രസ്താവനകളായിരുന്നു ഇവർക്കെതിരെ ആരോപണത്തിന് കാരണമായത്. എന്നാൽ, കോവിഡ് വ്യാപനം തുടങ്ങിയതോടെ അവർക്ക് രാജിവച്ചൊഴിയേണ്ടി വന്നു. അതിനുശേഷം പാരിസ് മേയർ ആകാൻ ഒരു ശ്രമം നടത്തിയെങ്കിലും അതിലും അവർ പരാജയപ്പെടുകയായിരുന്നു.

പിന്നീട് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുവാൻ നിയോഗിക്കപ്പെട്ട പാർലമെന്ററി കമ്മിറ്റിക്ക് മുന്നിൽ ഇവർ പറഞ്ഞത് കോവിഡിന്റെ അപകടങ്ങൾ താൻ 2020 ജനുവരിയിൽ തന്നെ പ്രസിഡണ്ടിനെയും പ്രധാനമന്ത്രിയേയും അറിയിച്ചിരുന്നു എന്നായിരുന്നു. മാസ്‌കുകൾക്ക് ക്ഷാമം നേരിട്ട രാജ്യങ്ങളിൽ ഒന്നായിരുന്നു ഫ്രാൻസും. ഇതും കടുത്ത വിമർശനത്തിനു വിധേയമായിരുന്നു. ആദ്യം മാസ്‌കിന്റെ കര്യക്ഷമത ചോദ്യം ചെയ്തതും പിന്നീട് അത് പൊതുസ്ഥലങ്ങളിൽ നിർബന്ധമാക്കിയതും വിമർശനമുയരാൻ കാരണമായിട്ടുണ്ട്.

മന്ത്രിമാരെ പ്രൊസിക്യുട്ട് ചെയ്യാൻ ഉത്തരവിട്ട കൊടതി നടപടിയിൽ അമർഷം രേഖപ്പെടുത്തി ഭരണകക്ഷി എം പിയായ അന്നെ ജെനെറ്റെറ്റ് രംഗത്തെത്തി. രാഷ്ട്രീയത്തിലേക്ക് ആരും വരാതിരിക്കുന്ന സാഹചര്യമായിരിക്കും ഇതുപോലെ മുന്നോട്ടുപോയാൽ ഉണ്ടാവുക എന്നും അവർ പറഞ്ഞു.