ന്യൂഡൽഹി: ഇന്ത്യയിൽ നിർമ്മിക്കുന്ന കോവിഡ് വാക്‌സിൻ മറ്റു രാജ്യങ്ങൾക്കും നൽകാനൊരുങ്ങി ഇന്ത്യ. രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ വാക്‌സിൻ നീക്കിവച്ച ശേഷംഅയൽ രാജ്യങ്ങൾക്കും സുഹൃദ് രാജ്യങ്ങൾക്കും പ്രഥമ പരിഗണന നൽകുമെന്നുമാണ് ലഭ്യമാകുന്ന വിവരം. ഇതിനായി ഇന്ത്യ എച്ച്.സി.ക്യൂ മോഡൽ സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

മലേറിയയ്ക്കുള്ള പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ (എച്ച്.സി.ക്യൂ) കൊവിഡിന് എതിരെ ഫലപ്രദമാണെന്ന് കണ്ടത്തിയതിനെ തുടർന്ന് സുഹൃദ് രാജ്യങ്ങളിലേക്ക് ഇതേ മാത‌ൃകയിലാണ് മരുന്ന് എത്തിച്ചിരുന്നത്. ഇതിന് പുറമെ ഇന്ത്യ 82 രാജ്യങ്ങൾക്ക് അര ബില്യൺ എച്ച്.സി.ക്യു ഗുളികകൾ കയറ്റിയയച്ചു. ഇതേ മാതൃകയിൽ കോവിഡ് വാക്‌സിനും നൽകാനാണ് സർക്കാർ തീരുമാനം.

"വാ‌ക്‌സിൻ നിർമ്മാണത്തിലുള്ള പ്രാഥമിക മുൻ‌ഗണന ഞങ്ങളുടെ ഏറ്റവും അടുത്ത അയൽ‌ക്കാർ‌ക്കും സുഹൃത്തുക്കൾ‌ക്കും ആയിരിക്കും"വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിങ്ല പറഞ്ഞു. ഇതിന്റെ ഭാഗമായി അടുത്തയാഴ്ച നേപ്പാൾ വിദേശകാര്യമന്ത്രി ഡൽഹിയിലെത്തുമ്പോൾ 12 ദശലക്ഷം ഇന്ത്യൻ നിർമ്മിത വാക്സിൻ ഡോസുകൾ കാഠ്മണ്ഡുവിലേക്ക് അയയ്ക്കും. 30 ദശലക്ഷം വാക്‌സിൻ ഡോസുകൾ ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു. ഇത് ഫെബ്രുവരി ആദ്യത്തോടെ എത്തിക്കുമെന്നാണ് കരുതപ്പെടുന്നത്.