ന്യൂഡൽഹി: ക്രൂഡ് ഓയിൽ വില കുറയുമ്പോഴും അത് അനുഭവിക്കാൻ യോഗമില്ലാത്തവരാണ് ഇന്ത്യൻ ജനത. എന്നാൽ, ജനങ്ങളുടെ പോക്കറ്റ് കീറുമ്പോഴും കേന്ദ്രസർക്കാറിന്റെ പോക്കറ്റ് നിറയുന്നുണ്ടെന്നാണ് മന്ത്രി പറയുന്നത. ഇന്ധനവിലയുടെ നികുതിയിൽ നിന്ന് കേന്ദ്രസർക്കാരിന് കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ലഭിച്ചത് എട്ട് ലക്ഷം കോടി രൂപയെന്ന് ധനമന്ത്രി നിർമല സീതാരാമൻ വെളിപ്പെടുത്തി. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിൽ 3.71 ലക്ഷം കോടി രൂപയും 2020-21 വർഷത്തിലാണ് ലഭിച്ചത്. 2018 ഒക്ടോബറിൽ 19.48 രൂപയുണ്ടായിരുന്ന പെട്രോളിന്റെ നികുതി 2021 നവംബർ നാല് ആയപ്പോൾ 27.90 ആയി വർധിച്ചു.

ഡീസലിന്റേത് ഇത് 15.33 ൽ നിന്ന് 21.80 ആയും വർധിച്ചു. 2021 ഫെബ്രുവരി മുതൽ ക്രമാനുഗതമായി വർധിച്ച ഇന്ധന നികുതി നവംബർ നാലിനാണ് കുറയുന്നത്. പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് ഇക്കാലയളവിൽ വർധിച്ചത്.

ഇതിനിടെ ദീപാവലിയോടനുബന്ധിച്ച് കേന്ദ്രസർക്കാർ നികുതി കുറക്കാൻ തയ്യാറായതോടെയാണ് ഇന്ധനവിലയിൽ നേരിയ മാറ്റം വന്നത്. 2018-19 കാലത്ത് 2,10,282 കോടി രൂപയും 2019-20 കാലത്ത് 2,19,750 കോടി രൂപയും 2020-21 കാലത്ത് 3,71,908 കോടി രൂപയുമാണ് ഇന്ധന നികുതിയിനത്തിൽ സർക്കാരിന് ലഭിച്ചതെന്ന് ധനമന്ത്രി രേഖാമൂലം സഭയെ അറിയിച്ചു. 2014ൽ മോദി സർക്കാർ അധികാരത്തിലെത്തുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു നികുതി.