തിരുവനന്തപുരം: കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് നടത്തുന്നതിനെതിരെ മന്ത്രി ജി സുധാകരൻ. കലക്ടറുടെയും വകുപ്പിന്റെയും അനുവാദം വാങ്ങാതെയാണ് പിരിവ് തീരുമാനിച്ചതെന്നും മര്യാദ കാണിച്ചില്ലെന്ന് മന്ത്രി വിമർശിച്ചു. സംസ്ഥാനമാണ് പകുതി തുക മടക്കിയത്. ടോൾ പിരിവ് വേണ്ടെന്ന അഭിപ്രായം മാനിക്കേണ്ടതാണെന്നും സുധാകരൻ പറഞ്ഞു.

ഇന്നലെ രാത്രി വാട്സ് ആപ്പ് സന്ദേശത്തിലൂടെയായിരുന്നു എൻഎച്ച്എഐ അധികൃതർ ടോൾ പിരിവ് തുടങ്ങാൻ പോകുന്ന കാര്യം ജില്ലാ ഭരണകൂടത്തെ അറിയിക്കുന്നത്. അതേസമയം ടോൾ പിരിവിനെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷ കൂട്ടിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ എട്ടു മണിമുതൽ കൊല്ലം ബൈപാസിൽ ടോൾ പിരിവ് ആരംഭിച്ചു. എന്നാൽ ടോൾ പിരിവ് നടത്തരുതെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ദേശീയ പാത അഥോറിറ്റിക്ക് മന്ത്രി കത്തയച്ചിരുന്നു. എന്നാൽ ടോൾ പിരിവ് നടത്താൻ കേന്ദ്ര സർക്കാരിന്റെ അനുമതി ഉണ്ടെന്നായിരുന്നു എൻഎച്ചഎഐയുടെ നിലപാട്.