കൊച്ചി: ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) യുടെ കൊച്ചി-മംഗളൂരു പ്രകൃതിവാതകക്കുഴൽ പദ്ധതി പൂർത്തിയാകുമ്പോൾ ഇത് സംസ്ഥാന സർക്കാരിന് നൽകുക നികുതി നേട്ടം. ഗെയിൽ പ്രകൃതിവാതകക്കുഴൽ പൂർണമായി കമ്മിഷൻ ചെയ്യുന്നതോടെ നികുതിയിനത്തിൽ സംസ്ഥാനത്തിന് വർഷംതോറും 1000 കോടിയോളം രൂപ കിട്ടും. കൊച്ചി മുതൽ മംഗളൂരു വരെയുള്ള പ്രകൃതിവാതകക്കുഴൽ സമ്പൂർണ കമ്മിഷനിങ് നടക്കുമെന്നാണ് പ്രതീക്ഷ.

കൊച്ചിയിൽനിന്ന് പാലക്കാട്ടെ കൂറ്റനാട് വരെയുള്ള 90 കിലോമീറ്റർ കുഴൽ 2019 ജൂണിൽ കമ്മിഷൻ ചെയ്തിരുന്നു. ബെംഗളൂരു കുഴലിന്റെ ഭാഗമായുള്ള കൂറ്റനാട്-വാളയാർ പ്രകൃതിവാതകക്കുഴൽ ജനുവരിയോടെ കമ്മിഷൻ ചെയ്യും. ഗെയ്ൽ കുഴലിൽനിന്ന് സിറ്റി ഗ്യാസ് വിതരണ കണക്ഷനെടുക്കാനായി വിവിധയിടങ്ങളിൽ ടാപ് ഓഫ് സംവിധാനമൊരുക്കിയിട്ടുണ്ട്. കൊച്ചി കളമശ്ശേരിയിലുള്ള ടാപ് ഓഫിൽനിന്ന് കണക്ഷനെടുത്ത് 2016-ൽത്തന്നെ സിറ്റി ഗ്യാസ് വിതരണം തുടങ്ങിയിരുന്നു. അതതു പ്രദേശങ്ങളിൽ അനുമതി ലഭിച്ചിട്ടുള്ള കമ്പനികൾ പൈപ്പ് ലൈനിലൂടെ പ്രകൃതിവാതകം വീടുകളിലും സ്ഥാപനങ്ങളിലും പെട്രോൾ പമ്പുകളിലും എത്തിക്കും. ഇതോടെ ഗ്യാസ് വിതരണം കാര്യക്ഷമമാകും. ടാങ്കർ ലോറികളുടെ ഓട്ടം കുറച്ച് ഗ്യാസ് അതിവേഗം എത്താക്കാനാണ് നീക്കം.

രണ്ടുമാസത്തോളമായി കാസർകോട്ട് ചന്ദ്രഗിരിപ്പുഴയ്ക്കു കുറുകെ പൈപ്പിടുന്നത് തടസ്സപ്പെട്ടിരുന്നു. ഇതോടെ, 24 ഇഞ്ച് വ്യാസത്തിലുള്ള പൈപ്പിനു പകരം പുഴയിലൂടെ താൽകാലികമായി ആറിഞ്ച് പൈപ്പിട്ടാണ് ശനിയാഴ്ച രാത്രിയോടെ പദ്ധതി പൂർത്തിയാക്കിയത്. ഇതിനെ ഇരുകരകളിലെയും പൈപ്പുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി തിങ്കളാഴ്ച തുടങ്ങും. ഇതോടെ പൈപ്പിലൂടെ ഗ്യാസും ഒഴുകി തുടങ്ങും.

ചന്ദ്രഗിരിപ്പുഴയ്ക്കു കുറുകെ തുരങ്കം നിർമ്മിച്ച് 24 ഇഞ്ച് വ്യാസമുള്ള പൈപ്പ് കടത്താനായിരുന്നു പദ്ധതി. ചട്ടഞ്ചാലിൽ ചന്ദ്രഗിരിപ്പുഴയ്ക്കു വടക്കുള്ള തൈര മാണിയടുക്കത്തുനിന്ന് തെക്ക് ചെങ്കളയിലെ ബേവിഞ്ചയിലേക്കു തുരങ്കം നിർമ്മിച്ച് പൈപ്പ് കടത്തിവിട്ടെങ്കിലും ഇടയ്ക്ക് 540 മീറ്ററിൽ കുടുങ്ങി. പൈപ്പ് മുന്നോട്ടേക്കും പിന്നോട്ടേക്കും പോകാതായി. പദ്ധതി വൈകുന്നത് ഒഴിവാക്കാൻ താത്കാലികമായി പുതിയ ചെറിയ തുരങ്കം നിർമ്മിച്ച് ആറിഞ്ച് പൈപ്പിടാൻ അധികൃതർ തീരുമാനിച്ചു. ഈ പൈപ്പിലൂടെ വാതകം കടത്തിവിട്ട് പദ്ധതി കമ്മിഷൻ ചെയ്തശേഷം വീണ്ടും വലിയ പൈപ്പ് തിരിച്ചെടുത്ത് തുരങ്കംവഴി കടത്തിവിടാനുള്ള പ്രവൃത്തി തുടരും

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം, പാലക്കാട് മലമ്പുഴ, മലപ്പുറം നറുകര, കോഴിക്കോട് ഉണ്ണികുളം, കണ്ണൂർ കൂടാളി, കാസർകോട് അമ്പലത്തറ എന്നിവിടങ്ങളിലാണ് സിറ്റി ഗ്യാസിനായുള്ള ടാപ് ഓഫ് ഉള്ളത്. അതതു പ്രദേശങ്ങളിൽ അനുമതി ലഭിച്ചിട്ടുള്ള കമ്പനികൾ പൈപ്പ് ലൈനിലൂടെ പ്രകൃതിവാതകം വീടുകളിലും സ്ഥാപനങ്ങളിലും പെട്രോൾ പമ്പുകളിലും എത്തിക്കും. തെക്കൻ ജില്ലകളിലേക്ക് തൽകാലം പ്രകൃതിവാതകക്കുഴലില്ല. പകരം ജില്ലാ അടിസ്ഥാനത്തിൽ വലിയ ഇന്ധന ടാങ്ക് പോലെ സംഭരണശേഷി കൂടിയ എൽ.എൻ.ജി. പാക്കേജ് സ്റ്റേഷനുകൾ സ്ഥാപിച്ച് കൊച്ചിയിൽനിന്ന് ടാങ്കറുകളിൽ പ്രകൃതിവാതകം എത്തിക്കും.

വാളയാർ വരെയുള്ള പദ്ധതി കൂടി പൂർത്തിയായാൽ വയനാട് ജില്ലയൊഴികെ എല്ലാ പ്രധാന നഗരങ്ങളിലും ഗാർഹിക പ്രകൃതി വാതക കണക്ഷൻ നല്കാനാകും. ഇത് സാധ്യമാകുന്ന തരത്തിലാണ് പ്രകൃതിവാതകക്കുഴൽ പദ്ധതി നടപ്പാക്കുന്നത്. വാതകക്കുഴൽ കടന്ന് പോകുന്നയിടങ്ങളിലെ ഇന്ധനപ്പമ്പുകളിലും പ്രകൃതിവാതകം ലഭ്യമാക്കും. 3500 കോടിയുടേതാണ് കൊച്ചി-മംഗളൂരു പ്രകൃതി വാതകക്കുഴൽ പദ്ധതി.

2013 ജനുവരി ഒന്നിന്, പ്രധാനമന്ത്രിയായിരുന്ന മന്മോഹൻ സിങ് പുതുവൈപ്പിലെ എൽഎൻജി ടെർമിനലിന്റെ ഉദ്ഘാടനം നിർവഹിച്ചതിനു പിന്നാലെ, മംഗലാപുരത്തേക്കും ബംഗളൂരുവിലേക്കും പ്രകൃതി വാതകം എത്തിക്കുന്നതിനുള്ള കുഴലുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ തുടങ്ങിയെങ്കിലും 22 കിലോമീറ്റർ നീളത്തിൽ മാത്രം കുഴലുകളിട്ട് യുഡിഎഫ് സർക്കാർ പദ്ധതി ഉഴപ്പുകയായിരുന്നു. അതേ തുടർന്നാണ് 2014ൽ, കരാറുകാരായ ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയിൽ) പദ്ധതി ഉപേക്ഷിച്ചത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ 2016 ജൂണിൽ പദ്ധതിക്കു ജീവൻ വച്ചു.

കൊച്ചി-മംഗലാപുരം ലൈൻ കമ്മിഷൻ ചെയ്യുന്നതോടെ, പ്രതിദിന വാതക ഉപയോഗം 60 ലക്ഷം ക്യുബിക് മീറ്ററായി ഉയരുമെന്നും അതുവഴി സംസ്ഥാന സർക്കാരിനു നികുതിയിനത്തിൽ പ്രതിവർഷം ഏതാണ്ട് 1000 കോടി രൂപയുടെ വരുമാന വർദ്ധനവുണ്ടാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. വാതക വിതരണം ആരംഭിച്ചു കഴിഞ്ഞാൽ, ചെലവ് കുറഞ്ഞ ഇന്ധനമായതിനാൽ കോയമ്പത്തൂരിലെയും മംഗലാപുരത്തെയും വ്യവസായശാലകൾക്ക് എൽഎൻജി ഉപയോഗം വഴി ഇന്നത്തെ ഭാരിച്ച ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയും എന്നതാണ് മുഖ്യമായ നേട്ടം.

എൽപിജി ഉപയോഗിക്കുന്ന ചെറുകിട വ്യവസായ യൂണിറ്റുകൾക്ക് പ്രകൃതി വാതകത്തിലേക്കു മാറിയാൽ ഇന്ധനച്ചെലവ് കുറയുന്നതിലൂടെ വലിയ നേട്ടം കൊയ്യാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിൽ കൊച്ചിയിലെ വ്യവസായശാലകളാണ് എൽഎൻജിയുടെ പ്രധാന ഉപയോക്താക്കൾ. ഇതിന്റെ ഉപയോഗത്തിലൂടെ വാഹനങ്ങളുടെ ഇന്ധനച്ചെലവും വലിയ തോതിൽ കുറയ്ക്കാനാകും. സിറ്റി ഗ്യാസ് പദ്ധതിയിലൂടെ പാചക വാതകമായും ജനങ്ങൾക്കു പ്രയോജനപ്പെടും.

പ്രകൃതിവാതകം ചോർന്നാൽപ്പോലും എൽ.പി.ജി.യുടെയത്ര തീപിടിത്ത സാധ്യതയില്ല. വാതകക്കുഴലിലെ തകരാർ കണ്ടെത്താൻ എറണാകുളത്തും ന്യൂ ഡൽഹിയിലും നിരീക്ഷണ സംവിധാനമുണ്ട്. കുഴലിൽ മർദവ്യതിയാനമുണ്ടായാൽ വാതകനീക്കം തനിയെ നിലയ്ക്കും വിധമാണ് പുതുവൈപ്പിലെ റെഗുലേറ്റർ. കുഴലിനൊപ്പം ഇടുന്ന ഓപ്ടിക്കൽ ഫൈബർ കേബിളും ഉപഗ്രഹവും ഉപയോഗിച്ചാണ് തകരാറുള്ള സ്ഥലം കൃത്യമായി കണ്ടെത്തുക.