തിരുവനന്തപുരം: ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ പത്തനാപുരം ഗാന്ധിഭവൻ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഗാന്ധിഭവൻ ടിവി ചലച്ചിത്രഅവാർഡുകൾ പ്രഖ്യാപിച്ചു. ജീവകാരുണ്യത്തോടൊപ്പം സാംസ്‌കാരികപദ്ധതികളും നിരന്തരമായി സംഘടിപ്പിച്ചുവരുന്ന ഗാന്ധിഭവൻ ടിവിയുടെ പ്രഥമ ചലച്ചിത്ര അവാർഡാണിത്.

സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം അഞ്ച് പേർക്കാണ്. സംവിധായകൻ ഹരിഹരൻ, നടൻ ജയറാം, നടി ഷീല, നിർമ്മാതാവ് ജനറൽ പിക്ച്ചേഴ്സ് കെ. രവീന്ദ്രനാഥൻ നായർ, കലാസംവിധാനം ആർട്ടിസ്റ്റ് നമ്പൂതിരി എന്നിവർക്കാണ് പുരസ്‌കാരം. ഇവർക്ക് 25,000 രൂപയും ഫലകവും ലഭിക്കും.

മികച്ച സിനിമ 'എന്നിവർ' (സംവിധാനം - സിദ്ധാർത്ഥ് ശിവ) - 25,000 രൂപയും ഫലകവും
ജയരാജ് (മികച്ച സംവിധായകൻ) - 20,000 രൂപയും ഫലകവും
സുധീർ കരമന (മികച്ച നടൻ) - 20,000 രൂപയും ഫലകവും
കനി കുസൃതി (മികച്ച നടി) - 20,000 രൂപയും ഫലകവും
നവ്യാ നായർ (മികച്ച നടി) - 20,000 രൂപയും ഫലകവും
മധു നീലകണ്ഠൻ (മികച്ച ഛായാഗ്രാഹകൻ) - 15,000 രൂപയും ഫലകവും
ശ്യാം പുഷ്‌കരൻ (മികച്ച തിരക്കഥാകൃത്ത്) - 15,000 രൂപയും ഫലകവും
റഫീക്ക് അഹമ്മദ് (മികച്ച ഗാനരചയിതാവ്) - 15,000 രൂപയും ഫലകവും
രമേശ് നാരായണൻ (മികച്ച സംഗീതസംവിധായകൻ) -15,000 രൂപയും ഫലകവും
നജീം അർഷാദ് (മികച്ച ഗായകൻ) - 15,000 രൂപയും ഫലകവും
നഞ്ചിയമ്മ (മികച്ച ഗായിക) - 15,000 രൂപയും ശില്പവും

എന്നിവരാണ് മറ്റുള്ള പുരസ്‌കാര ജേതാക്കൾ. സംവിധായകൻ ഷാജി എൻ. കരുൺ ചെയർമാനും സംവിധായകരായ ആർ. ശരത്, വിജയകൃഷ്ണൻ, മാധ്യമപ്രവർത്തകൻ പല്ലിശ്ശേരി, ഗാന്ധിഭവൻ വൈസ് ചെയർമാനും സ്നേഹരാജ്യം ചീഫ് എഡിറ്ററുമായ പി.എസ്. അമൽരാജ് എന്നിവർ മെമ്പർമാരുമായ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

2022 ഫെബ്രുവരി രണ്ടാം വാരത്തിൽ പത്തനാപുരം ഗാന്ധിഭവൻ ഓഡിറ്റോറിയത്തിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യും.