കൊല്ലം: ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ, തൊഴിൽ സംവിധാനങ്ങൾ, സൗജന്യങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ അവർക്ക് സംശയങ്ങളുണ്ടായിരുന്നു. ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന ഏകാംഗ കമ്മീഷൻ എസ്.എച്ച്. പഞ്ചാപകേശന് മുന്നിൽ ഓരോന്നും ചോദിക്കാൻ അവർക്കാർക്കും മടിയുമുണ്ടായില്ല. സംശയങ്ങൾ ദുരീകരിക്കുക മാത്രമായിരുന്നില്ല, അവർക്കുപോലും അറിവില്ലാത്ത കാര്യങ്ങളിലേക്ക് ഭിന്നശേഷിക്കാരെ കൊണ്ടുപോകാനും ആവർത്തിച്ച് പറഞ്ഞ് ബോദ്ധ്യപ്പെടുത്താനും പഞ്ചാപകേശനും കഴിഞ്ഞു. ഇന്നലെ കൊല്ലം സോപാനം ഓഡിറ്റോറിയത്തിന് മുന്നിലൊരുക്കിയ ഭിന്നശേഷിക്കാരുടെ സംഗമം പങ്കെടുത്തവർക്കെല്ലാം വേറിട്ട അനുഭവമായിരുന്നു.

ഗാന്ധിഭവൻ സംസ്ഥാന നാടകോത്സവത്തിന്റെ ഭാഗമായിട്ടാണ് ഭിന്നശേഷിക്കാരുടെ സംഗമവും സംഘടിപ്പിച്ചത്. അറിഞ്ഞും കേട്ടും ജില്ലയ്ക്ക് അകത്തും പുറത്തും നിന്നായി ഒട്ടേറെ ഭിന്നശേഷിക്കാരും കുടുംബാംഗങ്ങളുമെത്തി. വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഉദ്ഘാടകനാകാനല്ല, ഭിന്നശേഷിക്കാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ക്ളാസ്സെടുക്കാനാണ് ഏകാംഗ കമ്മീഷൻ പഞ്ചാപകേശൻ താത്പര്യം കാട്ടിയത്. അതോടെ പങ്കെടുക്കാനെത്തിയവർ കണ്ണും കാതും കൂർപ്പിച്ചു. ഒട്ടേറെ കാര്യങ്ങളിൽ ആവശ്യമുള്ളതൊക്കെ എഴുതി സൂക്ഷിക്കാനും അവർ തയ്യാറായി. പൊലീസ് കേസുകൾ, ബാങ്ക് വായ്പകൾ, തൊഴിൽ സംരംഭങ്ങൾ, തൊഴിലിടങ്ങളിലെ പീഡനങ്ങൾ, സഞ്ചരിക്കാനുള്ള സംവിധാനങ്ങൾ, പൊതുജീവിതം തുടങ്ങി മിക്ക വിഷയങ്ങളും വളരെ കുറഞ്ഞ സമയത്തിൽ ചർച്ച ചെയ്യുവാനും സംഗമം ഉപകരിച്ചു.

ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, വൈസ് ചെയർമാൻ പി.എസ്.അമൽരാജ്, കെ.പി.എ.സി. ലീലാകൃഷ്ണൻ, വിൻസെന്റ് ഡാനിയേൽ, അജയകുമാർ, ജോർജ് എഫ്. സേവ്യർ വലിയവീട് എന്നിവർ സംസാരിച്ചു. ബി. പ്രദീപ്, കോട്ടാത്തല ശ്രീകുമാർ, അനിൽ ആഴാവീട്, സാബു ഓലയിൽ എന്നിവർ നേതൃത്വം നൽകി.
ഭിന്നശേഷിക്കാരുടെ കലാപരിപാടികളും നടന്നു.

ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കാൻ തയ്യാറാകണം;
എസ്. എച്ച്. പഞ്ചാപകേശൻ

കൊല്ലം : ഭിന്നശേഷിക്കാരെ മാറ്റി നിർത്തുകയല്ല ചേർത്തുനിർത്തി മുഖ്യധാരയിലെത്തിക്കണമെന്ന് ഭിന്നശേഷിക്കാരുടെ സംസ്ഥാന ഏകാംഗ കമ്മീഷണർ ജഡ്ജ് എസ്.എച്ച്. പഞ്ചാപകേശൻ പ്രസ്താവിച്ചു. കൊല്ലം സോപാനം ഓഡിറ്റോറിയത്തിന്റെ അങ്കണത്തിൽ ചേർന്ന ഭിന്നശേഷിയുള്ള കലാസാംസ്‌കാരിക കാരുണ്യപ്രവർത്തകരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുസമൂഹത്തിന്റെ മനോഭാവത്തിലാണ് ആദ്യം മാറ്റം വരേണ്ടത്. മാനസിക ശാരീരിക കുറവുകൾ നികത്തിക്കൊടുക്കാൻ സർക്കാരും പൊതുസമൂഹവും സംവീധനങ്ങളും ബാധ്യസ്ഥരാണ്. ധാർമ്മികത എന്ന തുല്യതയ്ക്കാണ് പ്രധാന്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഭിന്നശേഷിക്കാരെ നിയോഗിക്കുന്നത് അനീതിയാണ്. കണ്ണുകാണാത്തവരും നടക്കാൻ ബുദ്ധിമുട്ടുള്ളവരും അതുവരെയുള്ള സാഹചര്യങ്ങളിൽ നിന്നും മാറേണ്ടിവരുന്ന തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾ വലിയ ബുദ്ധിമുട്ടുളവാക്കും.ഭിന്നശേഷിക്കാരെയും വൃദ്ധജനങ്ങളെയും സംരക്ഷിക്കുന്നതടക്കം മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇടപെടുന്ന പത്തനാപുരം ഗാന്ധിഭവൻ അനാഥാലയമല്ല ദേവാലയമാണെന്നും പഞ്ചാപകേശൻ കൂട്ടിച്ചേർത്തു. വനിതാ കമ്മീഷൻ അംഗം ഷാഹിദാകമാൽ അദ്ധ്യക്ഷത വഹിച്ചു.