എറണാകുളം: വയനാട് സ്വദേശിനിയെ ചികിത്സാസഹായം വാഗ്ദാനം ചെയ്ത് കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. ആക്രമണത്തിനിരയായ 38 വയസുള്ള പുൽപ്പള്ളി സ്വദേശിനി ചികിത്സയിലാണ്.

മലവയൽ തൊവരിമല കക്കത്ത് പറമ്പിൽ വീട്ടിൽ ഷംഷാദ് (24),ബത്തേരി റഹ്മത്ത് നഗർ മേനകത്ത് വീട്ടിൽ ഫസൽ മഹബൂബ്(23),അമ്പലവയൽ ചെമ്മൺകോട് വീട്ടിൽ സൈഫു റഹ്മാൻ(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ബത്തേരി സബ്ഡിവിഷൻ ഡിവൈഎസ്‌പി പ്രദീപ് കുമാർ വി എസ്, പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രവീൺകുമാർ കെ.ജി,പുൽപ്പള്ളി എസ്‌ഐ ജിതേഷ് കെ.എസ്, പുൽപ്പള്ളി സ്റ്റേഷനിലെ പൊലീസുകാരായ മുരളീദാസ് എൻ.വി.ഹാരിസ്, അബ്ദുൾ നാസർ, വിനീഷ് വി എം എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതി ഷംഷാദ് സ്നേഹദാനം എന്ന ചാരിറ്റബിൾ സംഘടനയുടെ പ്രധാന ഭാരവാഹിയാണ്. പ്രതികളെ തെളിവെടുപ്പിനുശേഷം ബത്തേരി കോടതി മുമ്പാകെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ചികിത്സയ്ക്ക് ധനസഹായം വാങ്ങിനൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് യുവതിയെ പുൽപ്പള്ളിയിൽ നിന്ന് എറണാകുളത്തേക്ക് എത്തിച്ചത്. പിന്നീട് ഹോട്ടൽ മുറിയിൽവെച്ച് ജ്യൂസ് നൽകി അബോധാവസ്ഥയിലാക്കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി.