ലണ്ടൻ: മാസ്‌ക് പോലും ധരിക്കാതെ യൂറോ കപ്പ് മത്സരം കാണാൻ പോയതിന് പിന്നാലെ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷഭ് പന്തിനെ പിന്തുണച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കഴിഞ്ഞശേഷം ക്രിക്കറ്റ് താരങ്ങൾ ബയോ സെക്യുർ ബബ്ബിളിലായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ അവരോട് മുഴുവൻ സമയവും മാസ്‌ക് ധരിച്ചിരിക്കണമെന്ന് നിർബന്ധിക്കാനാവില്ലെന്നും ഗാംഗുലി പറഞ്ഞു.

യൂറോ കപ്പിലെയും വിംബിൾഡണിലെയും മത്സരങ്ങൾക്ക് കാണികളെ അനുവദിച്ചിരുന്നത് നമ്മൾ കണ്ടതാണ്. ഇന്ത്യൻ താരങ്ങളാകട്ടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം അവധിയിലും. ഈ സാഹചര്യത്തിൽ കളിക്കാർ മത്സരങ്ങൾ കാണാൻ പോയതിനെയോ മുഴുവൻ സമയവും മാസ്‌ക് ധരിക്കാതിരുന്നതിനെയോ കുറ്റപ്പെടുത്താനാവില്ലെന്നും ഗാംഗുലി വ്യക്തമാക്കി. പന്തിന് കോവിഡ് സ്ഥിരീകരിച്ചതുകൊണ്ട് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഗാംഗുലി പറഞ്ഞു.

ജൂലെ എട്ടിനാണ് റിഷഭ് പന്തിന് കോവിഡ് സ്ഥീരീകരിച്ചത്. ഇതിനുശേഷം എട്ടു ദിവസമായി പന്ത് ഹോട്ടൽ മുറിയിൽ ഐസൊലേഷനിലാണ്. പന്തിന് രോരോഗലക്ഷണങ്ങളൊന്നുമില്ലെന്നും ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.

പന്തിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ ത്രോ ഡൗൺ സ്‌പെഷലിസ്റ്റായ ദയാനന്ത് ഗരാനിക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഗരാനിയുമായി സമ്പർക്കത്തിലേർപ്പെട്ട വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ വൃദ്ധിമാൻ സാഹ സ്റ്റാൻഡ് ബൈ ഓപ്പണർ അഭിമന്യു ഈശ്വരൻ, ബൗളിങ് പരിശീലകൻ ഭരത് അരുൺ എന്നിവരെ ടീം ഹോട്ടലിൽ അവരവരുടെ മുറികളിൽ ഐസോലേഷനിലാക്കി.