നെടുമ്പാശേരി : ഹൽവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 10 ഗ്രാം കഞ്ചാവ് വിമാനത്താവളത്തിൽ പിടികൂടി. സുരക്ഷാ പരിശോധനകൾക്കിടെയാണ് സിഐഎസ്എഫ് ഇന്നലെ കഞ്ചാവ് പിടികൂടിയത്.

ബഹ്‌റൈനിലേക്കു പോകാനെത്തിയ കാസർകോട് സ്വദേശി സുധീഷ് (21) ആണ് കഞ്ചാവുമായി പിടിയിലായത്. ബാഗേജ് പരിശോധനയ്ക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ ബാഗേജിൽ ഉണ്ടായിരുന്ന ഹൽവപ്പൊതി തുറന്നു നോക്കുകയായിരുന്നു.

എന്നാൽ, ബഹ്‌റൈനിലുള്ള കൂട്ടുകാരനു നൽകാനായി ബന്ധുക്കൾ തന്നു വിട്ടതാണെന്നും പൊതിയിൽ കഞ്ചാവ് ഒളിപ്പിച്ചിരുന്ന കാര്യം അറിയില്ലെന്നും ഇയാൾ പറഞ്ഞു. തുടർന്ന് യുവാവിനെ നെടുമ്പാശേരി പൊലീസിനു കൈമാറി.