കണ്ണൂർ: കോവിഡ് സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ കഞ്ചാവ് കടത്തി പണം കൊയ്ത കേസിലെ പ്രതിയായ യുവാവ് സിപിഎം നേതാക്കളുമായുള്ള ബന്ധവും തന്റെ മയക്കുമരുന്ന് വിൽപനയ്ക്ക് മറയാക്കി. സിപിഎം തലശേരി മേഖലയിലെ ചില നേതാക്കളുടെ വിശ്വസ്തനായി അറിയപ്പെടുന്ന മുഹമ്മദ് അഷ്മീർ തന്റെ ഉന്നത പാർട്ടി ബന്ധമുപയോഗിച്ചായിരുന്നു പല കാര്യങ്ങളും നേടിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ഡിവൈ.എഫ്.ഐ മാങ്ങോട്ട് വയൽ യൂനിറ്റിലെ പ്രധാന പ്രവർത്തകനായിരുന്ന അഷ്മീറിന് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് നേതൃത്വം പറയുന്നത്. എന്നാൽ കോവിഡ് സന്നദ്ധ വളൻഡിയർ പാസ് അഷ്മീറിന് ലഭിച്ചത് എങ്ങനെയെന്ന് പ്രദേശത്തെ വാർഡ് മെമ്പർ അറിഞ്ഞിരുന്നില്ലെന്ന വാദം പുതിയ വിവാദവുമുണ്ടായിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറി മറ്റാരുടെയോ നിർദ്ദേശപ്രകാരം ഇയാൾക്ക് വളൻഡിയർ പാസ് പ്രദേശത്തെ മെമ്പർ അറിയാതെ നൽകിയതാണെന്നാണ് ഇപ്പോൾ വ്യക്തമാവുന്ന വിവരം. ഇതോടെ സിപിഎം. ഭരിക്കുന്ന ന്യൂമാഹി പഞ്ചായത്തിൽ രാഷ്ട്രീയ വിവാദവും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.

ന്യൂമാഹി പഞ്ചായത്ത് നൽകിയ കോവിഡ് വളൻഡിയർ കാർഡ് ഉപയോഗിച്ച് കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന ചൊക്‌ളി പെരിങ്ങാടി സ്വദേശി മുഹമ്മദ് അഷ്മീറിനെ എക്‌സൈസ് പിടികൂടിയതോടെയാണ് സംഭവം വിവാദമായത്.. കെ.എൽ 58 എ.സി 0476 നമ്പർ കാറിലായിരുന്നു ഇയാളുടെ കഞ്ചാവ് കടത്ത് കോവിഡ് രോഗികൾക്കും അതിഥി തൊഴിലാളികൾക്കും പൊതിച്ചോറും മരുന്നും മറ്റ് ആവശ്യ സാധനങ്ങളും എത്തിച്ച് കൊടുക്കുന്ന പഞ്ചായത്തിന്റെ സന്നദ്ധ സംഘടനാ പ്രവർത്തകരിലൊരാളിയിരുന്നു ഇയാൾ.

ന്യൂമാഹി പെരിങ്ങാടിയിൽ വാടക വീടെടുത്ത് താമസിച്ചു വരികയായിരുന്നു അഷ്മീൻ. ഇയാളുടെ വാടക വീട്ടിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ എട്ടു കിലോ കഞ്ചാവ് ശേഖരമാണ് പിടികൂടിയത്.. കർണ്ണാടകയിൽ നിന്നും തേനിയിൽ നിന്നുമൊക്കെ കഞ്ചാവും മറ്റ് മയക്കുമരുന്നുകളും കൊണ്ടുവന്ന് ചില്ലറ വിൽപനക്കാർക്ക് വൻ ലാഭത്തിന് മറിച്ചു വിൽക്കുകയായിരുന്നു അഷ്മീനെന്ന് എക്‌സൈസ് പറഞ്ഞു.

തലശേരി, പാനൂർ , ന്യൂമാഹി, ചൊക്‌ളി ഭാഗങ്ങളിൽ കഞ്ചാവ് വിൽപ്പനയ്ക്ക് നേതൃത്വം നൽകുന്നത് ഈ സന്നദ്ധ പ്രവർത്തകന്റെ നേതൃത്വത്തിലാണെന്നാണ് എക്‌സൈസ് പറയുന്നത്. പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കിയതിനു ശേഷം റിമാൻഡ് ചെയ്തു. എക്‌സൈസ് ഡെപ്യുട്ടി കമ്മിഷണർ അൻസാരി ബിഗുവിന് രഹസ്യ വിവരം ലഭിച്ചതനുസരിച്ചാണ് സ്‌ക്വാഡിലെ സിഐ പി.കെ സതീഷിന്റെ നേതൃത്വത്തിൽ അഷ്മീനെ പിടികൂടിയത്. എന്നാൽ കഞ്ചാവ് കേസിൽ പിടിയിലായ അഷ്മീൻ സിപിഎം -ഡിവൈഎഫ്ഐ പ്രവർത്തകനാണെന്ന ആരോപണം ഡിവൈഎഫ്ഐ തലശേരി ബ്‌ളോക്ക് കമ്മിറ്റി നിഷേധിച്ചും സംഘടനയുടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാനങ്ങളിലും അഷ്മീൻ പ്രവർത്തിക്കുന്നില്ലെന്നും നേതാക്കൾ അറിയിച്ചു.

എന്നാൽ അഷ്മീൻ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസും ബിജെപിയും. ഇയാളുടെ കാറിൽ നിന്നും ലഭിച്ച ഡിവൈഎഫ്ഐ-സിപിഎം കൊടികൾ ഇതിന് തെളിവാണെന്നും ഡിവൈഎഫ്ഐ സന്നദ്ധ വളൻഡിയർമാരുടെ പട്ടികയിൽ അഷ്മീനിന്റെ പേരുമുണ്ടെന്നും ഇവർ ചുണ്ടിക്കാട്ടുന്നുണ്ട്. എന്തു തന്നെയായാലും സംഭവം സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്കിടയാക്കിയിട്ടുണ്ട്.