കോഴിക്കോട്: ബെവ് ക്യൂ ആപ്പില്ലാതെ ബാറുകൾ മദ്യം വിൽക്കുന്നതായി ആക്ഷേപം ശക്തമായതിനിടെ സ്വകാര്യ ബാറിൽ നിന്നും വ്യാജ മദ്യം വിൽക്കുന്നതായും ആക്ഷേപം. മുക്കത്ത് പ്രവർത്തിക്കുന്ന മലയോരം ഗേറ്റ് വേ ബാർ ഹോട്ടലിലാണ് വ്യാജ മദ്യം വിൽക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. മദ്യം കഴിച്ച ആളുകൾക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോഴാണ് പരാതി നൽകിയത്. തുടർന്ന് എക്സൈസ് സംഘം ബാറിലെത്തി മദ്യം പിടച്ചെടുത്തു. ഇത് ലാബിൽ പരിശോധിച്ചപ്പോഴാണ് വ്യാജമദ്യമാണ് വിൽപ്പന നടത്തിയതെന്ന് കണ്ടെത്തിയത്.

മെയ് 29 നാണ് മലയോരം ബാറിൽ നിന്ന് ത്രിബിൾ എക്സ് ജവാൻ റം കഴിച്ചവർക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഇതിൽ ഒരാൾ സംഭവത്തെക്കുറിച്ച് എക്സൈസിൽ പരാതി നൽകി. തുടർന്ന് എക്സൈസ് സംഘം ബാറിലെത്തി മദ്യം പിടിച്ചെടുത്ത് പരിശോധനയ്ക്കായി റീജിയണൽ കെമിക്കൽ ലാബിലേക്ക് അയച്ചു. ഇവിടെ നിന്നുള്ള പരിശോധനാ ഫലത്തിലാണ് വിറ്റത് വ്യാജമദ്യമായിരുന്നെന്ന കണ്ടെത്തലുള്ളത്. ഒരു കുപ്പി മദ്യത്തിൽ ഉണ്ടായിരിക്കേണ്ട ആൽക്കഹോളിന്റെ അളവിലും കൂടുതലായിരുന്നു ബാറിൽ നിന്ന് പിടിച്ചെടുത്ത മദ്യത്തിലുണ്ടായിരുന്നത്. ആൽക്കഹോളിന്റെ അളവ് പരമാവധി 42.18 ശതമാനമാണ് ഉണ്ടാവാനേ പാടുള്ളൂ. ബാറിൽ നിന്ന് പരിശോധനക്ക് അയച്ച കുപ്പിയിൽ 62.51 ശതമാനമായിരുന്നു ആൽക്കഹോളിന്റെ അളവ്.

ഇതേ സമയം ലാബ് റിപ്പോർട്ടിനെക്കുറിച്ച് തങ്ങൾക്കറിയില്ലെന്നും സർക്കാറിന്റെ മദ്യം വാങ്ങി വിൽപ്പന നടത്തുക മാത്രമാണ് തങ്ങൾ ചെയ്തിട്ടുള്ളതെന്നുമാണ് ബാർ അധികൃതരുടെ വാദം. സർക്കാർ ബിവറേജസ് കോർപ്പറേഷൻ വഴി വിൽപ്പന നടത്തിയ മദ്യത്തിൽ എങ്ങിനെ ഇത്തരമൊരു കാര്യമുണ്ടായെന്ന് വിശദമായ അന്വേഷണം നടത്തണം. പരിശോധിച്ച ലാബിൽ നിന്നോ എക്സൈസ് ഓഫീസിൽ നിന്നോ എന്തെങ്കിലും തെറ്റ് സംഭവിച്ചതാകാമെന്നും ബാർ അധികൃതർ പറയുന്നു.

കോവിഡ് കാരണം ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ അനുവാദമില്ല. ആവശ്യക്കാർ വന്ന് മദ്യംവാങ്ങിക്കൊണ്ടുപോകുകയാണ് പതിവ്. സർക്കാർ മദ്യമാണ് ബാറുകളിൽ വിൽക്കാൻ പാടുള്ളു. മറ്റൊരു സ്ഥലത്തു നിന്നും ഇത്തരമൊരു പരാതി വരാത്തതുകൊണ്ട് ബാറുകാർ കൃത്രിമം കാണിച്ചതാവാമെന്നാണ് എക്സൈസുകാർ വ്യക്തമാക്കുന്നത്. ഒരേ ബ്രാന്റ് മദ്യം കഴിച്ച ഒരു പ്രദേശത്തെ നിരവധി ആളുകൾക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ബിവറേജസ് കോർപ്പറേഷൻ വഴി വന്ന മദ്യമാണെങ്കിൽ മറ്റ് സ്ഥലങ്ങളിൽ നിന്നും ഇത്തരം പരാതികൾ ഉണ്ടാവും. എന്നാൽ അങ്ങിനെ പരാതികൾ എവിടെ നിന്നും വന്നിട്ടില്ല. ഇതാണ് ബാറിൽ വ്യാജമദ്യം വിറ്റതാകാമെന്ന സംശയം ബലപ്പെടുത്തുന്നത്. ബാറിനെതിരെ അധികൃതർ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രദേശത്തു ഉയർന്നു വന്ന എതിർപ്പുകളും സമരങ്ങളും അവഗണിച്ചാണ് നേരത്തെ മുക്കത്ത് മലയോരം ഗേറ്റ് വേ എന്ന ബാറിന് അനുമതി നൽകാൻ പഞ്ചായത്ത് തീരുമാനിച്ചിരുന്നത്. പഞ്ചായത്ത് ഭരണസമിതിയാണ് പതിമൂന്നു പേരുടെ പിന്തുണയോടെ ബാറിന് അനുമതി നൽകാൻ തീരുമാനിച്ചത്. ഏഴു പേർ എതിർപ്പറിയിച്ചു. ഭരണസമിതിയിലെ ഒരംഗം അസുഖത്തെ തുടർന്ന് ലീവിലായിരുന്നു. ബാക്കി ഒൻപത് പേർ സി പി എമ്മിൽ നിന്നും മൂന്നു പേർ കോൺഗ്രസിൽ നിന്നും ഒരാൾ ബിജെപിയിൽ നിന്നുമാണ് ബാറിന് അനുകൂലമായ നിലപാട് എടുത്തത്. നേരത്തെ ബാർ തുടങ്ങുന്നതിന് അനുമതിക്കുള്ള അപേക്ഷ പരിഗണിച്ചപ്പോഴെല്ലാം എതിർപ്പ് ഉയരുകയും തീരുമാനം നീളുകയുമായിരുന്നു. പിന്നീട് കോൺഗ്രസിലെ നാലംഗങ്ങളിൽ മൂന്നു പേരും ഭരണകക്ഷിയായ സി പി എമ്മിനൊപ്പം ബാറിന് അനുകൂല നിലപാടെടുക്കുകയായിരുന്നു. ബാർ ഹോട്ടലിലെ മലിന ജലം ഇരുവഴിഞ്ഞിപ്പുഴയിലേക്ക് ഒഴുക്കിവിടുന്നതായും നേരത്തെ പരാതി ഉയർന്നിരുന്നു. ഹോട്ടലിലെ മലിന ജലം 15 സെന്റീമീറ്ററോളം വ്യാസമുള്ള പി വി സി പൈപ്പിലൂടെ പുഴയിലേക്ക് തള്ളുകയായിരുന്നു.