ന്യൂഡൽഹി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകൻ കൂടിയായ മലയാളി താരം സഞ്ജു സാംസണിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരവും ഇപ്പോൾ ലോക്‌സഭാ എംപിയുമായ ഗൗതം ഗംഭീർ. ഐപിഎൽ 14ാം സീസണിൽ സഞ്ജുവിന് സ്ഥിരത പുലർത്താനാകാതെ പോകുന്ന സാഹചര്യത്തിലാണ് ഗംഭീറിന്റെ വാക്കുകൾ.

സീസണിലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി തിളങ്ങിയ സഞ്ജു, ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ വലിയ പ്രതീക്ഷയാണ് സമ്മാനിച്ചത്. ആദ്യ മത്സരം പഞ്ചാബ് കിങ്‌സിനോട് പരാജയപ്പെട്ട രാജസ്ഥാന് ഡൽഹി ക്യാപിറ്റൽസിനെതിരെ മാത്രമാണ് ജയം നേടാനായത്.

സെഞ്ചുറിയോടെ സീസണിന് തുടക്കമിട്ട സഞ്ജുവിന് പിന്നീടുള്ള മത്സരങ്ങളിൽ മികവ് പുലർത്താനായില്ല. പതിവുപോലെ 'അസ്ഥിരത'യുമായി ബന്ധപ്പെട്ട് വിമർശനങ്ങളുടെ നടുവിലാണ്. ഒന്നുകിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന സഞ്ജു, അല്ലെങ്കിൽ ഏറ്റവും മോശം പ്രകടനവുമായി പഴി കേൾക്കാറാണ് പതിവെന്ന് ഗംഭീർ ചൂണ്ടിക്കാട്ടുന്നു.

'കഴിഞ്ഞ ഏതാനും ഐപിഎൽ സീസണുകൾ നോക്കൂ. അദ്ദേഹത്തിന്റെ പ്രധാന പ്രശ്‌നം സ്ഥിരതയില്ലായ്മയാണ്. ഏറ്റവും മികച്ച രീതിയിലാണ് സഞ്ജു തുടക്കമിടുക. ഒന്നുകിൽ ഏറ്റവും മികച്ച പ്രകടനം, അല്ലെങ്കിൽ ഒന്നുമില്ല എന്നതാണ് അവസ്ഥ. ഒരു താരത്തിന്റെ ഗ്രാഫിൽ ഇത്രമാത്രം ചാഞ്ചാട്ടം പാടില്ല. നല്ലൊരു താരത്തിന്റെ ഗ്രാഫ് എപ്പോഴും മധ്യത്തിലായിരിക്കും' ഗംഭീർ ചൂണ്ടിക്കാട്ടി.

വ്യത്യസ്ത ഫോർമാറ്റുകളിലായി ഇതിനകം ഒട്ടേറെ മത്സരങ്ങൾ കളിച്ച സഞ്ജു, തന്റെ മനോഭാവത്തിൽ വ്യത്യാസം വരുത്തേണ്ട സമയം അതിക്രമിച്ചതായും ഗംഭീർ അഭിപ്രായപ്പെട്ടു.

'എന്നും ഒരേ വേഗത്തിൽ ബാറ്റു ചെയ്യാനാകില്ല. ഓരോ സാഹചര്യങ്ങൾക്കും എതിരാളികൾക്കും അനുസരിച്ച് ബാറ്റിങ്ങിൽ മാറ്റം വരുത്തണം. ബാറ്റു ചെയ്യുമ്പോൾ എന്നും ഒരേ സാഹചര്യം തന്നെ ലഭിക്കണമെന്ന് നിർബന്ധമില്ല. ദീർഘകാലമായി ഐപിഎലും ആഭ്യന്തര, രാജ്യാന്തര തലത്തിലും കളിക്കുന്ന വ്യക്തിയെന്ന നിലയിൽ പക്വതയുള്ള ഒരു താരത്തിലേക്ക് സഞ്ജു വളരേണ്ട സമയമായി. അതിന് തന്റെ മനോഭാവത്തിലും ചിന്താഗതിയിലും സഞ്ജു മാറ്റം വരുത്തേണ്ടിവരും' ഗംഭീർ അഭിപ്രായപ്പെട്ടു.

'രോഹിത് ശർമ, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയ താരങ്ങളെ നോക്കൂ. ഇവരെല്ലാം മികച്ച താരങ്ങളായി നമ്മൾ ഇഷ്ടപ്പെടുന്നവരാണ്. ഇവർ ഒരു മത്സരത്തിൽ 80 റൺസിനു മുകളിൽ സ്‌കോർ ചെയ്താൽ തൊട്ടടുത്ത മത്സരങ്ങളിൽ 0, 1, 10 എന്നിങ്ങനെ മോശം പ്രകടനം കാഴ്ചവയ്ക്കാറില്ല. മിക്ക മത്സരങ്ങളിലും 3040 റേഞ്ചിൽ അവർ ടീമിനായി സംഭാവന നൽകും' ഗംഭീർ വിശദീകരിച്ചു.

'ഇനി സഞ്ജു സാംസണിന്റെ ഗ്രാഫ് നോക്കൂ. ഒന്നുകിൽ അദ്ദേഹം 8090 റൺസ് നേടും. അല്ലെങ്കിൽ ഒന്നുമുണ്ടാകില്ല. ഒരാളുടെ ഗ്രാഫിൽ ഇത്ര പ്രകടമായ ചാഞ്ചാട്ടമുണ്ടെങ്കിൽ, ആ താരത്തിന്റെ മനോഭാവത്തിൽ എന്തോ പ്രശ്‌നമുണ്ടെന്നു തന്നെയാണ് അതിന് അർഥം' ഗംഭീർ വ്യക്തമാക്കി.

ഐപിഎലിൽ ഏറ്റവും ഒടുവിൽ കളിച്ച 17 ഇന്നിങ്‌സുകളിൽ ഒൻപതിലും 10 പന്തു പോലും നേരിടാനാകാതെ സഞ്ജു പുറത്തായിരുന്നു. ഈ സാഹചര്യത്തിലാണ് സഞ്ജുവിന്റെ അസ്ഥിരത ചർച്ചയാകുന്നത്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സാക്ഷാൽ വിരാട് കോലിയെയാണ് സഞ്ജു മാതൃകയാക്കേണ്ടതെന്നും ഗംഭീർ അഭിപ്രായപ്പെട്ടു.

മോശം സ്‌ട്രൈക്ക് റേറ്റിലാണെങ്കിലും ടീമിന് തന്റേതായ സംഭാവന ഉറപ്പാക്കാതെ കോലി പുറത്താകില്ല. ഭാവിയിൽ ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിച്ചില്ലെങ്കിൽ അത് നിർഭാഗ്യകരവും സഞ്ജുവിന്റെ മാത്രം പിഴവുമായിരിക്കുമെന്നും ഗംഭീർ പറഞ്ഞു.

'ഇപ്പോൾ നിങ്ങൾ ഒരു ടീമിന്റെ നായകനാണ്. എല്ലാ കളിയിലും ഒരേ സ്‌ട്രൈക്ക് റേറ്റിൽ ബാറ്റു ചെയ്യണമെന്ന് യാതൊരു നിർബന്ധവുമില്ല. ഈ ടൂർണമെന്റിൽത്തന്നെ വിരാട് കോലിയുടെ ബാറ്റിങ് ശ്രദ്ധിച്ചുനോക്കൂ. അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് അത്ര മികച്ചതൊന്നുമായിരിക്കില്ല. കാരണം അദ്ദേഹത്തിന് കളിക്കാൻ ലഭിച്ച സാഹചര്യങ്ങൾ ബുദ്ധിമുട്ടേറിയതായിരുന്നു' ഗംഭീർ പറഞ്ഞു.

'സഞ്ജു എപ്പോഴും ഓർക്കേണ്ടതും ഇതേ കാര്യമാണ്. ഒരു മത്സരത്തിൽ സെഞ്ചുറി നേടിയാലും തൊട്ടടുത്ത മത്സരങ്ങളിൽ ശ്രദ്ധേയമായ രീതിയിൽ എന്തെങ്കിലുമൊക്കെ സംഭാവന ഉറപ്പാക്കാനാകണം. അദ്ദേഹത്തിന്റെ കഴിവുവച്ച് ഈ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ. ഭാവിയിൽ ഇന്ത്യൻ ടീമിലെത്താൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെങ്കിൽ അതിനെ നിർഭാഗ്യകരം എന്നുതന്നെ പറയേണ്ടിവരും. മാത്രമല്ല, അത് അദ്ദേഹത്തിന്റെ മാത്രം കുറ്റമായി അവശേഷിക്കുകയും ചെയ്യും' ഗംഭീർ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിൽ മലയാളി താരം സഞ്ജു സാംസണിനെ ഏറ്റവുമധികം പിന്തുണയ്ക്കാറുള്ള മുൻതാരങ്ങലുടെ ഗണത്തിലുള്ള ഗൗതം ഗംഭീർ പിഴവുകൾ തിരുത്തി മികവുറ്റ പ്രകടനം പുറത്തെടുക്കണമെന്ന അഭിപ്രായമാണ് ഉന്നയിക്കുന്നത്.