കണ്ണൂർ: ആറളത്ത് സർക്കാർ നടപ്പിലാക്കുന്ന നിർദ്ദിഷ്ട ടൂറിസം പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി ആദിവാസി ഗോത്ര മഹാസഭ കൺവീനർ എം. ഗീതാനന്ദൻ. ഫാമിലെ ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് വിദേശികൾക്ക് ഉല്ലസിക്കാൻ കുളങ്ങൾ കുഴിച്ചും ട്രക്കിങ് നടത്താൻ കോർപറേറ്റ് സൗകര്യങ്ങളുമൊരുക്കാനാണ് തീരുമാനമെങ്കിൽ രണ്ടാം മുത്തങ്ങ സമരം തന്നെ നേരിടേണ്ടിവരുമെന്ന് ഗീതാനന്ദൻ പറഞ്ഞു.

ആറളം ഫാമിലെ ഭൂമി ആദിവാസി ജനവിഭാഗങ്ങൾക്കു തന്നെ വിട്ടു കൊടുക്കണം. അവരു പുനരിധിവാസത്തിനാണ് അതുപയോഗിക്കേണ്ടത്. ഫാമിൽ നിന്നും ലഭിക്കുന്നവരുമാനം ആദിവാസി മേഖലയിലുള്ളവരുടെ ഉന്നമനത്തിനായി ചെലവഴിക്കുമെന്നാണ് ഫാം തുടങ്ങുമ്പോൾ പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെ ഒരഞ്ചു പൈസ പോലും ഇതിനായി വിനിയോഗിച്ചിട്ടില്ല. ഫാം ഉൽപന്നങ്ങളിൽ നിന്നും ലഭിക്കുന്നവരുമാനം മറ്റു വഴികളിലേക്ക് പോവുകയാണ് ഇനിയും ഈ വഞ്ചന ആവർത്തിക്കാൻ വിടില്ല. ലാഭകരമല്ലെങ്കിൽ ഫാം അടച്ചുപൂട്ടുകയാണ് വേണ്ടത്. അല്ലാതെ ആദിവാസികളെ കുടിയൊഴിപ്പിക്കുകയല്ല വേണ്ടത്.

ആറളം ഫാമിലെ ആദിവാസി ഭൂമി പിടിച്ചെടുത്ത് ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനെത സംയുക്ത ആദിവാസി സംഘടനകൾ പ്രക്ഷോഭം നടത്തുമെന്ന് ഗീതാനന്ദൻ അറിയിച്ചു. ആറളം ഫാം ആദിവാസി ഭവന നിർമ്മാണ പദ്ധതിയിലെ ഉദ്യോഗസ്ഥ കരാർ ഇടപാടുകളെ കുറിച്ച് അന്വേഷിക്കുക സ്വന്തമായി വീട് നിർമ്മാണം നടത്തി വരുന്ന ഗുണഭോക്താക്കൾക്ക് ഫണ്ട് ലഭ്യമാക്കുക, ആറളം ഫാം ആദിവാസി ഭൂമി പിടിച്ചെടുത്തുള്ള ടൂറിസം പദ്ധതി ഉപേക്ഷിച്ച് മുഴുവൻ ഭൂമിയും വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 27 ന് കലക്ടറേറ്റ് പടിക്കൽ വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ ധർണ നടത്തുമെന്നുംആദിവാസി ഗോത്രമഹാസഭ കൺവീനർ എം.ഗീതാനന്ദൻ അറിയിച്ചു.

പട്ടികവർഗ ഫണ്ട് ഉപയോഗിച്ച് കേന്ദ്ര ഗവർമെന്റിൽ നിന്ന് വിലക്ക് വാങ്ങിയതും ഫാമായി നിലനിർത്തിയതുമായ ആറളം ഫാമിലെ 3750 ഏക്കർ ഭൂമിയിൽ നിന്നും ടൂറിസം പദ്ധതിക്കു വേണ്ടി ഭൂമി പിടിച്ചെടുത്ത് ആദിവാസി ഭൂമി അന്യാധീനപ്പെടുത്തുന്നതിനെതിരെ വീണ്ടും പ്രക്ഷോഭം തുടങ്ങുമെന്ന് മറ്റു ആദിവാസി സംഘടനാ നേതാക്കളും അറിയിച്ചു.വാർത്താ സമ്മേളനത്തിൽ ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ, ആദിവാസി ഗോത്ര ജന സഭ പ്രസിഡന്റ് പി.കെ.കരുണാകരൻ ' എ.ഡി.എം.എം. എസ് ആറളം ഫാം മേഖലാ കമ്മിറ്റി പ്രസിഡന്റ് പി.ടി കൃഷ്ണൻ എന്നിവരും പങ്കെടുത്തു.