വെള്ളരിക്കുണ്ടിലെ ഒരു കുടുംബത്തിലെ ആന്മേരി എന്ന പതിനാറ് വയസ്സുള്ള ഒരു കുട്ടി മരിച്ചു. ബെന്നിയാണ് പിതാവ്. അമ്മ മേഴ്സി. ഒരു ബ്രദറുണ്ട് ആന്മേരിക്ക്. അയാളാണ് ആൽവിൻ. 22 വയസ്സേയുള്ളൂ. ഇന്നലെ പൊലീസ് ആൽവിനെ അറസ്റ്റ് ചെയ്തു. ആ വീട്ടിൽ കഴിഞ്ഞ ജൂലൈ 28-ാം തീയതി വീട്ടിൽ എല്ലാവരും കൂടി ചിക്കൻകറി കഴിച്ചു. അത് കഴിച്ച മൂന്ന് പേർക്ക് അസ്വസ്ഥതയുണ്ടായി. അമ്മയ്ക്കുണ്ടായി, അപ്പനുണ്ടായി, മകൾ ആന്മേരിക്കുണ്ടായി. അത് ഭക്ഷ്യവിഷബാധ എന്ന് അവർ സംശയിച്ചു. എന്തായാലും ആൽവിനുണ്ടായില്ല. അതിന് ശേഷം വീണ്ടും 29-ാം തീയതി ആന്മേരിക്ക് ഒരു അസ്വസ്ഥത വന്നു. അതുപോലെ പിതാവ് ബെന്നിക്ക് വന്നു. വെള്ളരിക്കുണ്ടിൽ നിന്നും അവരുടെ ബന്ധുവിന്റെ ചെറുപുഴയുള്ള വീട്ടിൽ പോയി. ആശുപത്രിയിൽ പോയി ചികിത്സിച്ചു. ഏതായാലും ആന്മേരി ഇക്കഴിഞ്ഞ അഞ്ചിന് മരണപ്പെട്ടു.

പൊലീസിന് ഇത് ഭക്ഷ്യവിഷബാധയാണോ എന്ന സംശയമുണ്ടായി. പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ വിഷം ഉള്ളിൽ ചെന്നാണ് ആന്മേരി മരിച്ചത് എന്ന് കണ്ടെത്തി. സി ഐ പ്രേംദാസിന് സംശയമായി. അന്വേഷണം വീട്ടിലേക്ക് മാറി. അതോടെ ആൽവിനെ സംശയമായി. പെട്ടെന്ന് വീട് സീൽ ചെയ്തു. എക്സ്പെർട്ടിനെ കൊണ്ട് ആൽവിന്റെ മൊബൈൽ പരിശോധിപ്പിച്ചു. വിഷം സംബന്ധിച്ച് ശാസ്ത്രീയമായി ആൽവിൻ സെർച്ച് ചെയ്തിരുന്നു. ആൽവിൻ നേരത്തേ തമിഴ്‌നാട്ടിലെ കമ്പത്ത് ഒരു ഐടി കോഴ്സ് ചെയ്തിരുന്നു. അതിന് ശേഷം അവിടെ ചില പണികൾ ചെയ്തിരുന്നു. പിന്നീട് വീട്ടിലെത്തിയ ആൽവിൻ 24മണിക്കൂറും മൊബൈൽ ഫോണിലാണ്.

പിന്നീട് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ആൽവിൻ കോട്ടയത്ത് ഒരു ഹോട്ടലിൽ പോയി നിന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ കോവിഡ് മൂലം ഹോട്ടൽ പൂട്ടിയതോടെ മടങ്ങി വീട്ടിലെത്തി. തിരിച്ചെത്തിയ മകനെ എന്തെങ്കിലും ജോലി ചെയ്യാൻ അച്ഛനും അമ്മയും നിർബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല. അതോടെ യുവാവ് അസ്വസ്ഥനായി. അതോടെ യുവാവിൽ വാരാ​ഗ്യം വളർന്നു. പിതാവിനെയും അമ്മയേയും സഹോദരിയേയും കൊന്ന ശേഷം നാലര ഏക്കറോളം വരുന്ന വസ്തു വിറ്റാൽ സുഭിക്ഷമായി ജീവിക്കാം. അതായിരുന്നു ആൽവിന്റെ ചിന്ത.

22 വയസ്സുള്ള മകനാണ് ഇത്ര വലിയ ക്രൂരത ചെയ്തിരിക്കുന്നത്. അമ്മക്കും അച്ഛനും സഹോദരിക്കും എലിവിഷമാണ് കൊടുത്തത്. ആദ്യം ചിക്കൻ കറിയിൽ വിഷം കൊടുത്തു. ആ വിഷം ഏറ്റില്ല. അതോടെ മൊബൈലിൽ സെർച്ച് ചെയ്തു. മതിയായ അളവിൽ വിഷമില്ലെങ്കിൽ ഏൽക്കൂല എന്നും പഴകിയ എലിവിഷത്തിന് എഫക്ട് ഉണ്ടാകില്ലെന്നും അയാൾ മനസ്സിലാക്കി. അതോടെ പുതിയ വിഷം വാങ്ങിച്ചു. ഐസ്ക്രീമിൽ അത് ചേർത്തു. പിതാവും സഹോദരിയും വീടിന്റെ മുൻവശത്തിരുന്ന് ആസ്വദിച്ച് കഴിക്കുന്നത് ആൽവിൻ കണ്ടുകൊണ്ടിരുന്നു. രണ്ടുപേരുടെയും നില ​ഗുരുതരമായി. അമ്മ മേഴ്സിക്ക് അത്ര അസ്വസ്ഥത തോന്നിയില്ല.

ബന്ധുക്കൾക്കാർക്കും ആൽവിനെ കുറിച്ച് ഒരു സംശയവും തോന്നിയില്ല. അവൻ അധികം സംസാരിക്കുന്ന പ്രകൃതമല്ല. പക്ഷേ, ഓ​ഗസ്റ്റ് അഞ്ചിന് ആന്മേരി മരണപ്പെട്ടു. കൊല്ലപ്പെട്ടു എന്ന് തന്നെ പറയേണ്ടിവരും. പിതാവ് ​ഗുരുതരാവസ്ഥ തരണം ചെയ്തു എന്നാണ് മനസ്സിലാക്കുന്നത്. വീടിന് പുറത്തുള്ള മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്റെ നിരീക്ഷണത്തിൽ ഇത് പൂർണമായും ആൽവിൻ പ്ലാൻ ചെയ്ത് നടപ്പാക്കിയതാണ്.

ചെറുപ്പം മുതലേ മൊബൈൽ കൂടുതലായി ഉപയോ​ഗിച്ച് മാനസിക സമനില തെറ്റി. മൊബൈൽ കൂടുതൽ ഉപയോ​ഗിക്കും തോറും അത് ബ്രയിനിനെ അഫക്ട് ചെയ്യും. നമ്മുടെ ബാലൻസ് തെറ്റും. പ്രത്യേകിച്ചും ക്രൈമിലേക്കാണ് മൊബൈലിലൂടെ കൂടുതലും സഞ്ചരിക്കുന്നത്. എന്റെ വ്യക്തിപരമായ നി​ഗമനത്തിൽ, ചെറുപ്പം മുതലേ വീട്ടുകാരെ കൊന്ന് സ്വത്ത് അടിച്ചെടുക്കുന്ന ചിന്താ​ഗതിയാണ് കൊലയിലേക്ക് നയിച്ചത്. അയാളെ വളർത്തിയെടുത്ത രീതി ശരിയായിരുന്നില്ല. എന്താണ് മലയാളികളായ കുട്ടികൾക്ക് സംഭവിക്കുന്നത്. നമ്മൾ ഉത്ര കേസ് കണ്ടു. നമ്മൾ ആരും ചിന്തിക്കാത്ത തരത്തിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊല്ലുകയാണ്. ആ കുട്ടിയുടെ സ്വത്ത് അടിച്ചെടുക്കാൻ വേണ്ടി.

സാമൂഹിക പ്രതിബന്ധതയില്ലാതെ ഒറ്റപ്പെട്ട് വളരുന്ന വ്യക്തികൾ അവരുടെ മാനസിക നില തെറ്റിയിട്ട് അവർ സഞ്ചരിക്കുന്നത് നമുക്ക് തടയാൻ കഴിയുന്നില്ല. എത്ര വീടാണ് ദുഃഖം പേറി നടക്കുന്നത്. എന്താണ് മലയാളിയുടെ കുട്ടികൾക്ക് സംഭവിക്കുന്ന സ്ഥായിയായ കുഴപ്പം. അമിതമായ മൊബൈൽ ഫോണിന്റെ ഉപയോ​ഗം തീർച്ചയായും മാനസിക നില തെറ്റിക്കും. ആൽവിൻ ഡ്ര​ഗ്സ് ഉപയോ​ഗിക്കുന്നുണ്ടോ എന്നും എനിക്ക് സംശയമുണ്ട്. ഇത് മലയാളികൾ ഒരു പാഠമായി കരുതണം.