മലപ്പുറം: കാണാതായ ഭാര്യയെയും മകനെയും കുറിച്ചുള്ള ഗിൽബർട്ടിന്റെ അന്വേഷണം അവസാനിച്ചത് കോഴിക്കോടുള്ള മതപഠന കേന്ദ്രമായ തർബിയത്തിൽ. ഇതിനെ തുടർന്ന് ഭാര്യയേയും മകനേയും നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തതിനെതിരേ പരാതിയും ചർച്ചയാക്കി. ഇതോടെ ഈ സിപിഎം പ്രവർത്തകൻ പാർട്ടിയിൽ നിന്ന് പുറത്തായി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി പി.ടി ഗിൽബർട്ടിനെ ആണ് മാസങ്ങൾക്ക് മുമ്പ് സിപിഎം പുറത്താക്കിയത്. സിപിഎം നീരോൽപ്പാൽ ബ്രാഞ്ച് കമ്മിറ്റിയംഗവും സിഐടിയു തിരൂരങ്ങാടി ഏരിയ കമ്മിറ്റിയംഗവുമായിരുന്നു ഗിൽബർട്ട്. പഞ്ചായത്ത് മെമ്പർ നസീറ, ഭർത്താവ് കാലിക്കട്ട് യൂണിവേഴ്സിറ്റി ജീവനക്കാരനായ യൂനുസ് എന്നിവരാണ് നിർബന്ധിത മത പരിവർത്തനത്തിനു പിന്നിലെ മുഖ്യ സൂത്രധാരകരെന്ന് ഗിൽബർട്ട് പറഞ്ഞിരുന്നു. ഇതാണ് പാർട്ടിയെ ചൊടിപ്പിച്ചത്.

ഭാര്യയേയും മകനേയും രക്ഷിക്കാൻ പാർട്ടിയോട് സഹായം ചോദിച്ചെങ്കിലും സിപിഎം നിന്നത് മതംമാറ്റ സംഘത്തിനൊപ്പമാണെന്ന ആരോപണവും ഗിൽബർട്ട് ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചു ഗിൽബർട്ടിനെ പുറത്താക്കിയെന്നും പ്രാഥമിക അംഗത്വം എടുത്തുകളഞ്ഞതെന്നും കാട്ടി മലപ്പുറം ജില്ലാ കമ്മറ്റി പത്രക്കുറിപ്പിറക്കി. മതം മാറ്റ മാഫിയയ്ക്കെതിരെ ഗുരുതര ആരോപണമാണ് ഗിൽബർട്ട് അന്ന് ഉന്നയിച്ചത്. ഇപ്പോൾ മതം മാറാൻ പോയ ഷൈനി തിരിച്ചെത്തിയിരിക്കുന്നു. ഈ ഘട്ടത്തിൽ അവർ പറയുന്നതും ഗിൽബർട്ട് മുമ്പ് പറഞ്ഞ ആരോപണങ്ങൾക്ക് സമാനമായ കാര്യങ്ങളാണ്. ജൂണിലായിരുന്നു ഗിൽബർട്ടിനെ സിപിഎം പുറത്താക്കിയത്. ഇതോടെയാണ് ഈ വിഷയം മലയാളിക്ക് മുമ്പിൽ ചർച്ചയായി എത്തിയതും.

സംഭവത്തെ പറ്റി ഗിൽബർട്ടിന്റെ മുമ്പ് വിശദീകരണം ഇങ്ങനെ- സമീപത്ത് ബേക്കറി നടത്തുന്ന കോട്ടിയാടിൻ ഇസ്മായിൽ, കുഞ്ഞോൻ എന്നു വിളിക്കുന്ന ലത്തീഫ്, ഷാഹുൽ ഹമീദ്, അയൽവാസി ബുഷ്റ, കുൽസു തുടങ്ങിയ ചിലരും ഈ സംഘത്തിലുണ്ട്. ടാക്സി ഡ്രൈവറായ താൻ വീട്ടിൽ നിന്ന് പുറത്തു പോകുമ്പോൾ സമീപ വാസികളായ മുസ്ലിം സ്ത്രീകൾ വീട്ടിലെത്തി ക്യാൻവാസ് ചെയ്താണ് ഭാര്യയെയും മകനെയും മാറ്റിയെടുത്തത്. ഇസ്മായിലിന്റെ ബേക്കറിയിലാണ് ഭാര്യ ജോലിക്കു പോകുന്നത്.

മതം മാറിയാൽ 25 ലക്ഷവും വീടും നൽകാമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് ഒരു ദിവസം ഭാര്യ അവളുടെ വീട്ടിലേക്ക് വിളിച്ച് പറയുന്നത് കേട്ടിരുന്നു. എന്നാൽ ഭാര്യാ മാതാവും സഹോദരനും ഇത് നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. ഐ.എസ് എന്ന തീവ്രവാദ സംഘടനയെപ്പറ്റിയും ഭാര്യ എന്നോട് പലവട്ടം ചേദിച്ചിട്ടുണ്ട്. നീ എന്തിനാണ് ഇതൊക്കെ അറിയുന്നതെന്ന് ചോദിക്കുമ്പോൾ ബുഷറാത്ത പറഞ്ഞു എന്ന് പറയും. അവനവന്റെ വീട്ടിലെ ഒരു കുട്ടിയെ കൊണ്ടു പോകുമ്പോൾ മാത്രമേ ഇവർക്ക് ഇതിന്റെ വേദന മനസിലാവുകയുള്ളൂ. ഒരാഴ്ചയായി ഉറങ്ങാൻ സാധിക്കുന്നില്ല. സുഹൃത്തുക്കൾ വിളിക്കുമ്പോൾ ഫോണിൽ സംസാരിക്കാൻ പറ്റുന്നില്ല' - ഗിൽബർട്ട് കണ്ണീരോടെ പറഞ്ഞത് ഇങ്ങനെയാണ്.

കാണാതായ ഭാര്യയെയും മകനെയും കുറിച്ചുള്ള ഗിൽബർട്ടിന്റെ അന്വേഷണം അവസാനിച്ചത് കോഴിക്കോടുള്ള മതപഠന കേന്ദ്രമായ തർബിയത്തിലാണ്. 'കേരളത്തിൽ തന്നെയാണോ നമ്മൾ ജീവിക്കുന്നത് എന്നു തോന്നും വിധമുള്ള ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷമാണ് അവിടെയുള്ളത്. ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറാൻ പോലും പറ്റാത്ത സാഹചര്യം. പൊലീസുകാരെ പോലും കയറ്റിവിടാൻ സമ്മതിക്കാത്ത അവസ്ഥയാണ് അവിടെ. എന്റെ കുട്ടിയോടൊ, ഭാര്യയോടെ ഒന്ന് സംസാരിക്കാനുള്ള സാഹചര്യം പോലും ലഭിച്ചില്ല. തർബിയത്തിൽ ചെല്ലുമ്പോൾ എന്നേക്കാൾ പ്രായമായ ആളുകൾ സുന്നത്ത് ചെയ്തതിന്റെ വേദനയിൽ മുണ്ടും പൊക്കിപ്പിടിച്ച് നടക്കുന്നത് കണ്ടു. നിരവധി ആളുകൾ ഇത്തരത്തിൽ ഇസ്ലാം മതത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് എനിക്ക് അവിടെ ചെന്നപ്പോൾ മനസിലാക്കാൻ സാധിച്ചത്' - ഗിൽബർട്ട് പറഞ്ഞിരുന്നു.

ഭാര്യയെയും പതിമ്മൂന്നുകാരനായ മകനെയും തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തിയെന്നും ഇരുവരെയും തടഞ്ഞുവെച്ചിരിക്കയാണെന്നും ആരോപിച്ചായിരുന്നു ഗിൽബർട്ട് ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തത്. കോടതിയിൽ ഹാജരായ യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്ന് അറിയിച്ചു. മകൻ മതം മാറിയിട്ടില്ലെന്നും വിശദീകരിച്ചു. ഇതുകണക്കിലെടുത്താണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് എം.ആർ. അനിതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി അന്ന് തള്ളിയത്.

മാത്രമല്ല, വിവാഹിതരാണെന്ന വാദവും യുവതി തള്ളി. ഔദ്യോഗികമായി വിവാഹിതരല്ലാത്ത ഗിൽബർട്ടും യുവതിയും ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്ന് പൊലീസും കോടതിയെ അറിയിച്ചു. ഗിൽബർട്ടിന്റെ ഭാര്യയുടെ സഹോദരിയായിരുന്നു യുവതി. ഗിൽബർട്ട് തന്റെയും മകന്റെയും കാര്യം നോക്കാറില്ലെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു. യുവതിയോടും കുട്ടിയോടും നേരിട്ടു സംസാരിച്ചാണ് കോടതിയുടെ തീരുമാനം അന്ന് എത്തിയത്. കുട്ടിയെ വിട്ടുകിട്ടുന്നതടക്കമുള്ള ആവശ്യങ്ങൾ ഹർജിക്കാരന് കുടുംബകോടതിയിൽ ഉന്നയിക്കാമെന്നും കോടതി നിർദേശിച്ചിരുന്നു. ഈ കേസിനാണ് ഇപ്പോൾ നാടകീയ ട്വിസ്റ്റ് വരുന്നത്.

40 ദിവസം രണ്ടു മതപഠന കേന്ദ്രത്തിലായി കഴിഞ്ഞതിനു ശേഷമാണ് ഷൈനി സഹായത്തിനായി ഗിൽബർട്ടിനെ വിളിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ ഇടപെടലിൽ മതപഠനകേന്ദ്രത്തിൽനിന്നു രക്ഷപ്പെട്ടു രഹസ്യ കേന്ദ്രത്തിലേക്കു മാറുകയായിരുന്നു. അവിടെ നടക്കുന്ന സംഭവങ്ങളോടും രീതികളോടും ഒട്ടും പൊരുത്തപ്പെടാൻ കഴിയാതെ താൻ ഭർത്താവിനെ വീണ്ടും വിളിക്കുകയും രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നെന്നു ഷൈനി പറയുന്നു.

പുറത്തേക്കു പോകാനോ യാത്ര ചെയ്യാനോ സ്വാതന്ത്ര്യമില്ലാതെ തടങ്കലിനു തുല്യമായ അവസ്ഥയിലാണ് ഇവിടെ പെൺകുട്ടികൾ കഴിയുന്നതെന്നു ഷൈനി വെളിപ്പെടുത്തി. കോഴിക്കോട്ടെ ഒരു കേന്ദ്രത്തിൽനിന്നാണ് ഇവർ തിരികെ എത്തിയത്. ആദ്യം വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന മറ്റൊരു കേന്ദ്രത്തിലായിരുന്നെന്നും അവിടെനിന്നാണ് ഇവിടേക്കു മാറ്റിയതെന്നും ഇവർ പറയുന്നു.