ബെംഗളുരു: സൊമാറ്റോ ഡെലിവറി ബോയി മൂക്ക് ഇടിച്ച് ചതച്ചെന്ന യുവതിയുടെ പരാതി വ്യാജമെന്ന് ആരോപണ വിധേയനായ ഡെലിവറി ബോയി കാമരാജ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാവ് പൊലീസിന് നൽകിയ മൊഴിയിലാണ് യുവതി പറഞ്ഞതത്രയും കളവെന്ന് വെളിപ്പെടുത്തുന്നത്. ട്രാഫിക് ബ്ലോക്കിൽപ്പെട്ട് വൈകിയതിനെ തുടർന്നാണ് താൻ യുവതിക്ക് ഭക്ഷണം എത്തിക്കാൻ വൈകിയതെന്നും എന്നാൽ, യുവതി തന്നോട് മോശമായി പെരുമാറുകയും ആക്രമിക്കുകയുമായിരുന്നു എന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

" ഭക്ഷണം എത്താൻ വൈകിയപ്പോൾ യുവതി ദേഷ്യപ്പെട്ടു. ട്രാഫിക് ബ്ലോക്കിൽപ്പെട്ടു പോയതുകൊണ്ടാണ് വൈകിയതെന്ന് പറഞ്ഞ് അവരോട് ക്ഷമ ചോദിച്ചു. പക്ഷേ അവർ എന്നോട് കയർത്തു സംസാരിക്കുകയും ഭക്ഷണത്തിന്റെ പണം നൽകാൻ വിസമ്മതിക്കുകയും ചെയ്തു. കസ്റ്റമർ സർവ്വീസുമായി ബന്ധപ്പെടുകയാണ് എന്നായിരുന്നു യുവതി പറഞ്ഞത്. ഇതോടെ അവരുടെ ഓർഡർ ക്യാൻസലായിപ്പോയി. ഭക്ഷണം തിരികെ തരാനും യുവതി വിസമ്മതിച്ചു. ഞാൻ തിരികെപോയപ്പോൾ യുവതി പിന്നാലെ വന്ന് ലിഫ്റ്റിനടുത്തുവെച്ച് എന്നെ ചീത്തവിളിക്കുകയും, അവരുടെ ചെരുപ്പ് എനിക്കു നേരെ വലിച്ചെറിയുകയും ചെയ്തു. എന്നെ അടിക്കാൻ വന്നപ്പോൾ ഞാൻ കൈകൊണ്ട് തടഞ്ഞു. അപ്പോഴാണ് യുവതിയുടെ കൈ എന്റെ കയ്യിലിടിച്ചതും അവരുടെ മോതിരം മൂക്കിൽകൊണ്ട് ചോര വന്നതും.- യുവാവ് വെളിപ്പെടുത്തി.

വ്യാഴാഴ്ചയാണ് യുവതിയെ മർദിച്ച സൊമാറ്റോ ഡെലിവറി ബോയ് അറസ്റ്റിലാകുന്നത്. ഹിതേഷയ്ക്ക് ഉണ്ടായ അക്രമത്തിൽ തങ്ങൾ ഖേദിക്കുന്നു എന്നും ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായവും നൽകുമെന്നും സൊമാറ്റോ അറിയിച്ചിരുന്നു. കാമരാജ്‌നെ സൊമാറ്റോയിൽ നിന്നും ഒഴിവാക്കിയതായും അധികൃതർ അറിയിച്ചിരുന്നു.

കണ്ടൻറ് ക്രിയേറ്ററും മേക്കപ്പ് ആർട്ടിസ്​റ്റുമായ ഹിതേഷ ചന്ദ്രാനെയാണ് സൊമാറ്റോ ഡെലിവറി ബോയി മർദിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയത്. മൂക്കിന് പരിക്കേറ്റ് ചോരയൊലിപ്പിച്ചുകൊണ്ട് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പോസ്​റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ബുധനാഴ്‌ച്ച വൈകീട്ട് മൂന്നരയ്ക്കാണ് യുവതി സൊമോറ്റയിൽ ഭക്ഷണം ഓർഡർ ചെയ്തത്. ഒരു മണിക്കൂർ കഴിഞ്ഞിട്ടും ഭക്ഷണം എത്തിയില്ല. ഇതിനിടെ സൊമാറ്റോ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് ഓർഡർ ക്യാൻസൽ ചെയ്യാനോ അതല്ലെങ്കിൽ ഡെലിവറി തുക തിരിച്ചുനൽകാനും ആവശ്യപ്പെട്ടു. അതിനിടെയാണ് ഡെലിവറി ബോയ് എത്തിയത്

വൈകിയതിനാൽ ഓർഡർ വേണ്ടെന്നും കസ്റ്റമർ കെയറുമായി സംസാരിക്കുകയാണെന്ന് അറിയിച്ചെങ്കിലും ഡലിവറി ബോയ് തിരിച്ചുപോയില്ല. ഇതേതുടർന്നുണ്ടായ വാക് തർക്കത്തിന് പിന്നാലെ വാതിൽ ബലമായി തുറന്ന് തന്നെ മർദ്ദിക്കുകയായിരുന്നെന്ന്​ ഹിതേഷ ചന്ദ്രാനെ പറഞ്ഞു. എന്നാൽ, തന്നെ ചെരുപ്പുകൊണ്ട് അടിക്കുന്നത്​ തടയാൻ ശ്രമിച്ചപ്പോഴാണ് യുവതിയുടെ മുഖത്ത് പരിക്കേറ്റതെന്നാണ് ഡെലിവറി ബോയ് പൊലീസിൽ നൽകിയ മൊഴി.

യുവതിയുടെ വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് സൊമാറ്റോ അധികൃതർ രംഗത്ത് വന്നു. വിഷയത്തിൽ യുവതിക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും സൊമാറ്റോ അധികൃതർ വ്യക്തമാക്കി. വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് അറസ്റ്റിന് നിർബന്ധിതരായെന്നും റിപ്പോർട്ടുണ്ട്. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ

ഓഫീസിൽ നിന്ന് തിരികെയെത്തിയ ശേഷം സൊമാറ്റോ ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്തു. പതിവിലും കൂടുതൽ വിശപ്പുണ്ടായിരുന്നു. ആപ്ലിക്കേഷനിൽ കാണിക്കുന്ന സമയത്തിന് ശേഷവും ഭക്ഷണം ഡെലിവറി ചെയ്യപ്പെട്ടില്ല. പിന്നാലെ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടു. ഭക്ഷണമെത്താൻ വീണ്ടും വൈകിയതോടെ വീണ്ടും പരാതി അറിയിച്ചു. പിന്നാലെയാണ് ഡെലിവറി ബോയി എത്തുന്നത്. അയാൾ ഭക്ഷണം കൊണ്ടുവരുമ്പോഴും കസ്റ്റമർ കെയറിൽ പരാതി അറിയിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഡെലിവറി ബോയി തന്റെ മൂക്ക് ഇടിച്ച് തകർത്ത ശേഷം ഓടിപ്പോയി.