തിരുവനന്തപുരം: വേളിയിലെ ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിൽ നിന്നും ​ഫർണസ് ഓയിൽ കടലിൽ വ്യാപിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ കടൽത്തീരങ്ങളിൽ പൊതുജനങ്ങൾക്ക് താത്ക്കാലിക വിലക്കേർപ്പെടുത്തി. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് ഗ്ലാസ് ഫർണസ് പൈപ്പ് പൊട്ടി ഫർണസ് ഓയിൽ ഓട വഴി കടലിലേക്കൊഴുകി. ഫർണസ് ഓയിൽ വേളി മുതൽ പുതുക്കുറുച്ചി വരെ കടലിൽ വ്യാപിച്ചതായാണ് റിപ്പോർട്ട്. ഓയിൽ ലീക്കേജുണ്ടായ സാഹചര്യത്തിൽ വേളി, ശംഖുമുഖം കടൽതീരങ്ങളിലും കടലിലും പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും താത്കാലിക വിലക്ക് ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

ഇന്ന് പുലർച്ചെയാണ് ചോർച്ച കണ്ടെത്തിയത്. കിലോമീറ്ററുകളോളം കടലിലേക്ക് പടർന്നതോടെ മൽസ്യ ആവാസ വ്യവസ്ഥയ്ക്ക് ഇത് ഭീഷണിയാകുമെന്ന ആശങ്കയിലാണ് തീരം. പുലർച്ചെ കടലിൽപ്പോയ മൽസ്യത്തൊഴിലാളികളാണ് ഇത് ആദ്യം കണ്ടത്. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. ചോർച്ച അടച്ചെന്നും ഓയിലിന്റ അവശിഷ്ടം നീക്കാൻ നടപടി തുടങ്ങിയെന്നും കമ്പനി അധികൃതർ അറിയിച്ചു.

മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. എണ്ണ പടർന്ന മണൽ ഉടൻ നീക്കം ചെയ്യും. കടലിലേക്ക് എത്രത്തോളം എണ്ണ പടർന്നെന്നറിയാൻ കോസ്റ്റ്ഗാർഡ് നിരീക്ഷണം നടത്തും. കറുത്ത നിറത്തിൽ ഫ‌ർണസ് ഓയിൽ രണ്ട് കിലോമീ‌റ്റർ ദൂരം കടലിൽ പടർന്നിട്ടുണ്ടെന്ന് മത്സ്യ തൊഴിലാളികൾ വ്യക്തമാക്കുന്നത്. സ്ഥലത്തെത്തിയ എംഎൽഎ വി എസ് ശിവകുമാറിനോടും മ‌റ്റ് ജനപ്രതിനിധികളോടും ടൈ‌റ്റാനിയം അധികൃതരോടും മത്സ്യ തൊഴിലാളികൾ കടുത്ത ആശങ്ക അറിയിച്ചു. സ്ഥലത്ത് മീനുകൾ ചത്തുപൊന്തിയതായും മത്സ്യബന്ധനം നടത്താനാകില്ലെന്നും തങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമെന്നും തൊഴിലാളികൾ പറഞ്ഞു.

എന്നാൽ പൈപ്പ് ലൈനിലെ ചോർച്ച ഉടൻ കണ്ടെത്തി അടച്ചതായും നിലവിൽ ഓയിൽ ചോരുന്നില്ലെന്നും ടൈ‌റ്റാനിയം അധികൃതർ പറഞ്ഞു. എത്രയും വേഗം കടലിൽ കലർന്ന ഫർണസ് ഓയിൽ നീക്കം ചെയ്യാനുള‌ള ശ്രമം നടക്കുകയാണ്.