ന്യൂഡൽഹി: കോവിഡ് വാക്‌സിൻ വാതിൽപ്പടി വിതരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുപോലെ തന്നെ വാക്‌സിൻ സെക്കൻഡ് ഡോസ് ഉറപ്പാക്കാനും ഒരുപോലെ ശ്രദ്ധ വേണം. ഈ പ്രചാരണത്തിന് മത നേതാക്കളെയും നാഷണൽ കേഡറ്റ് കോർപ്‌സിനെയും, നാഷണൽ സർവീസ് സ്‌കീമിനെയും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മഹരാഷ്ട്ര അടക്കം നിരവധി സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനോട് വാക്‌സിൻ ഡോർ ടു ഡോറായി വിതരണം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിശേഷിച്ചും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിപ്പെടാൻ വിഷമതകൾ ഉള്ളവർക്ക്. വാക്‌സിൻ വിതരണം 50 ശതമാനത്തിൽ താഴെയായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിർച്വൽ യോഗത്തിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രി നയം മാറ്റം സൂചിപ്പിച്ചത്.

'ഇതുവരെ ആളുകളെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കാനാണ് എല്ലാവരും പരിശ്രമിച്ചിരുന്നത്. ഇനി അത് വാതിൽപ്പടി സേവനം ആക്കണം, മോദി പറഞ്ഞു.

ജാർഖണ്ഡ്, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ, മഹാരാഷ്ട്ര, മേഘാലയ എന്നിങ്ങനെ കുറഞ്ഞ വാക്‌സിൻ വിതരണ ശരാശരിയുള്ള സംസ്ഥാനങ്ങളിലെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. സൗജന്യ വാക്്‌സിൻ പ്രചാരണ പരിപാടി പ്രകാരം, നമ്മൾ 2.5 കോടി വാക്‌സിൻ ഡോസുകൾ ഒരു ദിവസം വിതരണം ചെയ്തിട്ടുണ്ട്. അത് നമ്മുടെ കാര്യശേഷിയെ കാണിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു. ഇനി നമ്മുടെ ആപ്തവാക്യം, എല്ലാ വീട്ടിലും വാക്‌സിൻ, വാതിൽപ്പടി വാക്‌സിൻ വിതരണം എന്നാവണം. എല്ലാവീടുകളിലും വാക്‌സിൻ എത്തിക്കാൻ ഈ ഉത്സാഹം കാട്ടണം, മോദി പ്രോത്സാഹിപ്പിച്ചു.

വാതിൽപ്പടി വാക്‌സിൻ വിതരണത്തിന് ഒപ്പം ആളുകൾ സെക്കൻഡ് ഡോസ് എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കാരണം രോഗ വ്യാപന നിരക്ക് കുറയുമ്പോൾ, തൽക്കാലം രണ്ടാം ഡോസ് എടുക്കാൻ ധൃതി വേണ്ടെന്ന് ചിലർ കരുതിയേക്കാം..നമ്മൾക്ക് അതുകിട്ടുമല്ലോ...പതുക്കെ ആവാം എന്നുകരുതാൻ ഇടയുണ്ട്-അദ്ദേഹം പറഞ്ഞു.

ഈ വർഷാവസാനത്തോടെ രാജ്യത്തെ മുതിർന്നവരുടെ വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.