പനജി : പ്രതാപ് സിങ് റാണെ എന്ന തലമുതിർന്ന കോൺഗ്രസ് നേതാവിനെ നേരിടാൻ മകൻ വരുമോ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങിയ ഗോവയിൽ ഇതാണ് ഇപ്പോൾ ഏറ്റവും ചൂടേറിയ ചർച്ചാവിഷയം.ഗോവയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിട്ടുള്ള പ്രതാപ് സിങ് റാണെ (83) പോരിം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കും. ഏറ്റുമുട്ടേണ്ടി വരിക മകനും ബിജെപി സ്ഥാനാർത്ഥിയുമായ വിശ്വജിത് റാണെയുമായാണ്. ഇപ്പോൾ സംസ്ഥാന മന്ത്രിയാണ് വിശ്വജിത്.

കോൺഗ്രസ് സ്ഥാനാർത്ഥിയായി 2017ലെ തിരഞ്ഞെടുപ്പിൽ വാൽപോയ് മണ്ഡലത്തിൽ നിന്നാണ് വിശ്വജിത് ജയിച്ചത്. പിന്നാലെ ബിജെപിയിൽ ചേർന്നു.ഇത്തവണ 'അച്ഛൻ അന്തസ്സോടെ വിരമിക്കും' എന്ന് വിശ്വജിത് പറഞ്ഞിരുന്നു. അച്ഛന്റെ മണ്ഡലത്തിൽ മത്സരിക്കാനും തീരുമാനിച്ചു. പിന്നാലെയാണ് കേന്ദ്രനേതൃത്വം റാണെയ്ക്ക് സീറ്റ് നൽകിയത്.

ഇത്തവണ പോരിം മണ്ഡലത്തിൽ മത്സരിക്കാനും വാൽപോയ് മണ്ഡലത്തിൽ ഭാര്യ ദിവ്യയെ മത്സരിപ്പിക്കാനും ആയിരുന്നു വിശ്വജിത്തിന്റെ പദ്ധതി. ഇക്കാര്യം അച്ഛനെ അറിയിച്ചിരുന്നിട്ടും കോൺഗ്രസ് ഉന്നത നേതൃത്വം അദ്ദേഹത്തെ നിർബന്ധിച്ച് മത്സരത്തിനിറക്കി എന്നാണ് വിശ്വജിത്തിന്റെ ആരോപണം. എന്നാൽ, പ്രവർത്തകരാണ് നിർബന്ധിച്ചതെന്നാണ് റാണെയുടെ പക്ഷം.

അച്ഛന് യുവതലമുറയുമായി ബന്ധമില്ലെന്നും മത്സരിച്ചാൽ 10,000 വോട്ടിന് താൻ ജയിക്കുമെന്നും അവകാശപ്പെട്ട വിശ്വജിത് ആരാണ് കൂടുതൽ കേമൻ എന്നു തെളിയാൻ പോകുകയാണെന്നും പറഞ്ഞു.

എന്നാൽ പ്രശ്‌നം സങ്കീർണമായതോടെ വിശ്വജിത് സ്വരം മാറ്റിയിട്ടുണ്ട്. റാണെ തന്റെ ആദർശപുരുഷനാണെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. 1980 നും 2007നും ഇടയിൽ 6 തവണയാണ് പ്രതാപ് സിങ് റാണെ മുഖ്യമന്ത്രിയായത്. 11 തവണയായി പോരിം മണ്ഡലത്തിൽ ജയിക്കുന്നു.