കൊച്ചി: സ്വർണക്കള്ളകടത്ത് കേസിൽ എൻഐഎയുടെയും കസ്റ്റംസിന്റെയും ചോദ്യം ചെയ്യലുകളിൽ സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ട മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് എൻഫോഴ്‌മെന്റ് ഡയറക്ടേറ്റിന്റെ കണ്ടെത്തലുകൾ കുരുക്കാകുന്നു. കേസിലെ പ്രതി സ്വപ്ന സുരേഷിന്റേത് ദുരൂഹമായ ഇടപാടുകളാണെന്ന് എം ശിവശങ്കറിന് അറിയാമായിരുന്നു എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രളയദുരിതാശ്വാസ സഹായം തേടി 2018 ഒക്ടോബർ മാസത്തിലെ അഞ്ചുദിവസം നീണ്ട ഗൾഫ് സന്ദർശനത്തിനിടെ, സ്വപ്നയുടെ പല കൂടിക്കാഴ്ചകളും സംശയാസ്പദമാണെന്നും എൻഫോഴ്സ്മെന്റ് പറയുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ പി രാധാകൃഷ്ണൻ കൊച്ചിയിലെ സാമ്പത്തികകാര്യങ്ങൾക്കായുള്ള പ്രത്യേക കോടതിയിൽ സമർപ്പിച്ച നാലുപേജുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമാണ് സ്വപ്നയ്ക്ക് ഉണ്ടായിരുന്നതെന്നും എൻഫോഴ്സ്മെന്റ് പറയുന്നു.

ഓഗസ്റ്റ് 13 ന് നടത്തിയ ചോദ്യം ചെയ്യലിൽ സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ചില വസ്തുതകൾ വെളിപ്പെടുത്തിയിരുന്നു. സ്വപ്നയുടെ പ്രവർത്തനങ്ങൾ വഴിവിട്ടതാണെന്ന് ശിവശങ്കറിന് അറിയാമായിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെയും, കേസിൽ പ്രതികളായ സരിത്ത്, സന്ദീപ് നായർ തുടങ്ങിയവരേയും വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശിവശങ്കർ സ്വപ്ന സുരേഷുമൊത്ത് മൂന്നു തവണ വിദേശയാത്ര നടത്തിയിരുന്നു. 2017 ഏപ്രിലിൽ സ്വപ്നയുമൊന്നിച്ച് യുഎഇയിലേക്ക് യാത്ര ചെയ്തെന്ന് ശിവശങ്കർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. 2018 ഏപ്രിലിൽ ശിവശങ്കർ ഒമാനിലെത്തി. അവിടെ വെച്ച് സ്വപ്നയെ കാണുകയും പിന്നീട് ഒരുമിച്ച് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

2018 ഒക്ടോബറിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ യുഎഇ. സന്ദർശത്തിനിടയിലും ഇരുവരും കണ്ടു. ശിവശങ്കറുമായി വളരെ അടുത്ത ബന്ധം തനിക്കുണ്ടെന്ന് സ്വപ്നയും ഇക്കാര്യം ശിവശങ്കറും സമ്മതിച്ചതായും എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു. സ്വർണം സൂക്ഷിക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റുമൊന്നിച്ച് ബാങ്ക് ലോക്കർ തുറന്നത് ശിവശങ്കറിന്റെ നിർദേശപ്രകാരമാണെന്ന് സ്വപ്ന സമ്മതിച്ചുവെന്നും എൻഫോഴ്സ്മെന്റ് വ്യക്തമാക്കി

ശിവശങ്കറിന്റെ നിർദേശ പ്രകാരമാണ് ചാർട്ടേഡ് അക്കൗണ്ടന്റുമായി ചേർന്ന് സ്വപ്ന ലോക്കർ ഓപ്പൺ ചെയ്തത്. സ്വർണവും പണവും ലോക്കറിൽ വെച്ചത് ശിവശങ്കറിന്റെ അറിവോടെയാണോ എന്ന കാര്യം എൻഫോഴ്സ്മെന്റ് റിപ്പോർട്ടിൽ പറയുന്നില്ല. 2018ന് ശേഷം നടന്ന യാത്രകളിലാണ് സ്വർണം ഡിപ്ലോമാറ്റിക് ബാഗുകൾ വഴി കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾ ആരംഭിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സ്വപ്‌ന സുരേഷിന്റെ മൊഴി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് താൻ മൂന്നു പ്രാവശ്യം ശിവശങ്കറിനൊപ്പം വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും ശിവശങ്കറിന്റെ നിർദേശപ്രകാരമാണ് സ്വർണം ലോക്കറിൽ സൂക്ഷിച്ചതെന്നും വെളിപ്പെടുത്തിയത്.

2017ൽ സ്വപ്ന ഒമാനിലേക്ക് ശിവശങ്കറിനൊപ്പം യാത്ര ചെയ്തിരുന്നു. അതിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിഷയവുമായി ബന്ധപ്പെട്ട് 2018 ഒക്ടോബറിൽ യാത്ര ചെയ്തിരുന്നതും നേരത്തെ വ്യക്തമായിരുന്നു. എന്നാൽ 2018 ഏപ്രിലിൽ ഇരുവരും ഒരുമിച്ച് യാത്ര ചെയ്തത് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇക്കാര്യം അവർക്ക് ചോദ്യം ചെയ്യലിൽ സമ്മതിക്കേണ്ടി വന്നു.

സ്വപ്നയുടെ പേരിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ സ്വർണം സംബന്ധിച്ച് നേരത്തെ സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ വിശദീകരണം നൽകിയിരുന്നു. അവർക്ക് ഇത് വിവാഹ സമയത്ത് ലഭിച്ചതാണെന്നായിരുന്നു വിശദീകരണം. വിവാഹ ദിവസം സ്വർണം ധരിച്ച് നിൽക്കുന്ന ചിത്രവും കോടതിയിൽ നൽകിയിരുന്നു. എം. ശിവശങ്കറിന്റെ നിർദേശത്തെ തുടർന്നാണ് ലോക്കറിൽ സ്വർണം വച്ചത് എന്നാണ് ഇവർ മൊഴിയിൽ പറഞ്ഞിരിക്കുന്നത്. ഇവർക്ക് എം. ശിവശങ്കറുമായുള്ള ബന്ധത്തെക്കുറിച്ച് ഇഡി കഴിഞ്ഞ ദിവസം കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. സ്വപ്നയുടെ ദുരൂഹ ഇടപാടുകളെ സംബന്ധിച്ച വിവരങ്ങൾ എം. ശിവശങ്കറിന് അറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

അതേസമയം സ്വപ്ന സ്വർണക്കടത്ത് കേസിൽ പിടിയിലാകും മുമ്പ് വിദേശ കറൻസി രാജ്യത്തിന് പുറത്തെത്തിക്കുന്നതിന് എം. ശിവശങ്കറിന്റെ സഹായം തേടിയിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ജൂണിൽ വിദേശത്തേക്കു പോയ വന്ദേഭാരത് വിമാനങ്ങളിൽ അഞ്ച് വിദേശികൾക്ക് ടിക്കറ്റ് ഉറപ്പാക്കാൻ സ്വപ്ന ശിവശങ്കറിന്റെ സഹായം തേടിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇക്കാര്യം ശിവശങ്കർ വിമാനക്കമ്പനിയോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വിദേശ ലോക്ഡൗണിൽ കുടുങ്ങിയ യുഎഇ പൗരന്മാരെ കയറ്റിവിടാനാണ് സഹായിച്ചത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാൽ കയറിപ്പോയത് വിദേശികളല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എട്ട് ബാഗേജുകളും ഇവർ കടത്തിയിട്ടുണ്ടെന്നും കാര്യമായ പരിശോധനയില്ലാതെയാണ് ഇത് കടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളും ഇഡി സ്വപ്നയോട് ചോദിച്ചിട്ടുണ്ട്.