കോഴിക്കോട്: സ്വർണ്ണക്കടത്തിൽ ആരോപണ വിധേയനായ കാരാട്ട് ഫൈസലിനുവേണ്ടി വോട്ട് മറിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി 'സംപൂജ്യനായ' നാണക്കേടിൽ നിൽക്കയാണ് കൊടുവള്ളിയിലെ സിപിഎം. ഇപ്പോഴിതാ സ്വർണ്ണക്കടത്തുകാരുമായുള്ള ബന്ധം ലീഗിലും ചർച്ചയാവുന്നു. കൊടുവള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ആഹ്‌ളാദപ്രകടനം സ്വർണ്ണക്കടത്ത് കേസിലെ പ്രതി അബുലൈസ് നയിച്ചതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പറുത്തുവിട്ടതാണ് വൻ വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. മോഡേൺബസാറിൽ നിന്ന് ജയിച്ച ലീഗ് സ്വതന്ത്രസ്ഥാനാർത്ഥി പികെ സൂബൈറിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചതും അബുലൈസാണെന്നാണ് സൂചന. കരിപ്പൂർ കേന്ദ്രീകരിച്ച് 39 കിലോ സ്വർണം കടത്തിയ കേസിൽ പ്രതിയാണ് അബുലൈസ്.

കൊടുവള്ളി മോഡേൺബസാറിൽ നിന്ന് ജയിച്ച മുസ്ലിം ലീഗിലെ പികെ സുബൈറിന്റെ ആഹ്‌ളാദപ്രകടനത്തിലെ ദൃശ്യങ്ങളിലാണ് അബുലൈസിന്റെ സാന്നിധ്യം. ജീപ്പിന് മുകളിലിരുന്നാണ് അബുലൈസ് വിജയാഘോഷത്തിൽ പങ്കെടുത്തതെന്നാണ് ദൃശ്യങ്ങൾ നൽകുന്ന തെളിവ്. യുഡിഎഫ് ധാരണ അനുസരിച്ച് മോഡേൺബസാർ വാർഡിലെ സ്ഥാനാർത്ഥി കോൺഗ്രസിലെ നൂർ മുഹമ്മദായിരുന്നു. നൂർമുഹമ്മദ് പിൻവാങ്ങുകയും ലീഗിലെ പികെ സുബൈർ സ്ഥാനാർത്ഥായാവുകയും ചെയ്തപ്പോൾ തന്നെ ദൂരൂഹതയുണ്ടായിരുന്നു. നൂർമുഹമ്മദ് പിന്മാറിയതിന് പിന്നിൽ സാമ്പത്തിക പ്രലോഭനമാണെന്നും ആരോപണമുയർന്നു കഴിഞ്ഞു. ഫലപ്രഖ്യാപനത്തോടെ ഇതിന് പിന്നിൽ പ്രവർത്തിച്ചതാരെന്ന് സൂചന നൽകുന്നതാണ് പരസ്യമായി അബുലൈസിന്റെ ആഹ്‌ളാദ പ്രകടനം

കരിപ്പൂർ വഴി 39 കിലോ സ്വർണം കടത്തിയ കേസിൽ ഒളിവിൽ പോയ അബൂലൈസ് പിന്നീട് കോഫേപോസ കേസിൽ പ്രതിയായി ജയിലിലായിരുന്നു. കൊടുവള്ളിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി കാരാട്ട് ഫൈസലിന്റെ സ്വർണ്ണക്കടത്ത് ബന്ധം നേരത്തെ വിവാദമായിരുന്നു. ഇതേക്കുറിച്ച് നിരവധി ആരോപണങ്ങൾ ഉന്നയിച്ച യുഡിഎഫും സ്വർണ്ണക്കടത്തുകാരുമായി അടുത്ത ബന്ധം പുലർത്തുന്നതിന്റെ തെളിവാണ് ഈ ദൃശ്യങ്ങൾ നൽകുന്നത്.അബുലൈസ് പ്രകടനം നയിച്ച സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ലീഗ് നേതാക്കൾ തയ്യാറായില്ല.

കൊടുവള്ളി നഗരസഭയിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിത്വം നിഷേധിച്ചതോടെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കാരാട്ട് ഫൈസൽ മിനി കൂപ്പർ കാറിലേറി ഘോഷയാത്ര നടത്തിയത് ചർച്ചയാകുന്നു. കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെട്ട മിനി കൂപ്പർ യാത്രാവിവാദം ഈ തിരഞ്ഞെടുപ്പ് കാലത്തും സജീവചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് പുത്തൻ മിനി കൂപ്പറിൽ ഫൈസലിന്റെ റോഡ് ഷോ എന്നതാണ് ശ്രദ്ധേയം. വാഹനത്തിൽ റോഡ് ഷോ നടത്തുന്ന ഫൈസലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കൊടുവള്ളിയിലെ ചുണ്ടപ്പുറം വാർഡിൽ നിന്നാണ് കാരാട്ട് ഫൈസൽ സ്വതന്ത്രനായി മത്സരിച്ചത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആദ്യം എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഫൈസലിന്റെ സ്ഥാനാർത്ഥിത്വം പിന്നീട് സംസ്ഥാനനേതൃത്വം ഇടപെട്ട് പിൻവലിപ്പിച്ചതാണ്. ഫൈസലിന് പകരം ഐഎൻഎൽ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ഒപി റഷീദാണ് പതിനഞ്ചാം ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ചത്. എന്നാൽ റഷീദിന് ഒരുവോട്ടുപോലും ലഭിച്ചില്ല എന്നതാണ് കൗതുകം. എൽഡിഎഫിന് സ്ഥാനാർത്ഥിയുണ്ടെങ്കിലും സ്ഥലത്തെ എൽഡിഎഫ് പ്രവർത്തകരുടെ പിന്തുണ കാരാട്ട് ഫൈസലിന് തന്നെയാണെന്നും, ഇടത് സ്ഥാനാർത്ഥി ഡമ്മി മാത്രമാണെന്നുമുള്ള ആരോപണം യുഡിഎഫ് അടക്കം ഉയർത്തിയിരുന്നു. ഈ വിവാദത്തെ തുടർന്ന് സിപിഎം ചൂണ്ടപ്പുറം ബ്രാഞ്ച് കമ്മറ്റി പിരിച്ചുവിട്ടിരുന്നു.