കൊച്ചി: ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിൽ കോടതിയോട് ചില രഹസ്യ വിവരങ്ങൾ അറിയിക്കാനുണ്ടെന്ന് പ്രതികളായ സ്വപ്ന സുരേഷും സരിത്തും. വീഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കുമ്പോൾ ചുറ്റിലും പൊലീസുകാരായതിനാൽ ഒന്നും വെളിപ്പെടുത്താനാകുന്നില്ലെന്നായിരുന്നു ഇരുവരുടെയും പരാതി. കോടതിയോട് സ്വകാര്യമായി സംസാരിക്കാൻ അവസരം ഉണ്ടാക്കണമെന്ന ഇരുവരുടെയും ആവശ്യം കോടതി അംഗീകരിച്ചു. അഭിഭാഷകൻ വഴി വിവരങ്ങൾ സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി.

അഭിഭാഷകൻ വഴി വിവരങ്ങൾ സമർപ്പിക്കാനാണ് എസിജെഎം കോടതി നിർദ്ദേശം നൽകിയത്. പറയാനുള്ളത് അഭിഭാഷകർ വഴി എഴുതി നൽകണം. ഇതിനായി അഭിഭാഷകരെ കാണാനും ഇരുവർക്കും അവസരം ലഭിക്കും. ഇവരെ മൂന്നു ദിവസം കൂടി കസ്റ്റസ് കസ്റ്റഡിയിൽ വിട്ടു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഒരു ദിവസത്തേക്ക് റിമാൻ‍ഡ് ചെയ്തു. കസ്റ്റഡി അപേക്ഷയിൽ കോടതി ചൊവ്വാഴ്ച തീരുമാനമെടുക്കും.

ശിവശങ്കറിന് ഡോളർ കടത്തുകേസിൽ പങ്കുണ്ടെന്ന് കസ്റ്റംസ് പറഞ്ഞു. സ്വപ്ന സുരേഷ് ഇത് സംബന്ധിച്ച് കൃത്യമായ മൊഴി നൽകിയിട്ടുണ്ടെന്നും കസ്റ്റംസ് വെളിപ്പെടുത്തി. സ്വർണക്കടത്തും ഡോളർ കടത്തും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നും കസ്റ്റംസ് കൊച്ചി സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികൾ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി. എം. ശിവശങ്കർ മൂന്ന് ഫോണുകൾ ഉപയോഗിച്ചിരുന്നെന്നും ഒരു ഫോൺ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ എന്ന് കള്ളം പറഞ്ഞെന്നും കസ്റ്റംസ് കണ്ടെത്തി. ഇതിൽ ഒരു ഫോൺ ഞായറാഴ്ച കണ്ടെത്തി. ഒരു ഫോൺ കൂടി കണ്ടെത്താനുണ്ട്.