മംഗളൂരു: സ്വർണം കടത്താൻ ശ്രമിച്ച മലയാളി മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റിൽ. കാസർകോട് സ്വദേശി പുലിക്കൂർ അബൂബക്കർ സിദ്ദിഖ് മുഹമ്മദ് ആണ് അറസ്റ്റിലായത്. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ കപിൽ ഗദെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

പശ രൂപത്തിലാക്കിയ സ്വർണം പായ്ക്കു ചെയ്ത് സോക്സിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെ ദുബായിൽനിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ ഇയാളിൽനിന്ന് 504 ഗ്രാം (63 പവൻ) സ്വർണമാണ് പിടികൂടിയത്.

24.44 ലക്ഷം രൂപ മൂല്യമുണ്ട് ഇയാളിൽ നിന്ന് പിടിച്ചെടുത്ത സ്വർണത്തിന്. രാസവസ്തുക്കൾ ചേർത്തു പശ രൂപത്തിലാക്കിയ സ്വർണം പായ്ക്കു ചെയ്ത് സോക്സിന് അകത്ത് പ്രത്യേകം തയാറാക്കിയ അറയിൽ ഒളിപ്പിച്ചാണ് ഇയാൾ എത്തിയത്.