കൊച്ചി: നയതന്ത്ര ബാഗ് ഉപയോഗിച്ചുള്ള സ്വർണക്കടത്തു കേസിൽ ഒരു പ്രതിയെ കൂടി മാപ്പുസാക്ഷിയാക്കാൻ എൻഐഎ നീക്കം. ദുബായിൽനിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത തിരുവമ്പാടി സ്വദേശി മുഹമ്മദ് മൻസൂറിനെയാണ് കേസിൽ മാപ്പുസാക്ഷിയാക്കുക.

ഇതോടെ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ പ്രധാനപ്രതികളിലൊരാളായ സന്ദീപ് നായരടക്കം ആറുപേർ മാപ്പുസാക്ഷികളാകും. വിദേശത്ത് നിന്നുള്ള സൂത്രധാരന്മാരിലൊരാളാണ് തിരുവമ്പാടി സ്വദേശി മുഹമ്മദ് മൻസൂർ എന്ന മൻജു.

കേസിലെ 35ാം പ്രതിയായ മുഹമ്മദ് മൻസൂർ ജൂണിലാണ് അറസ്റ്റിലാകുന്നത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വാറന്റ് ഉണ്ടായിരുന്നതിനാൽ ദുബായിൽനിന്ന് നാട്ടിലെത്തിയ ഉടൻ വിമാനത്താവളത്തിൽവച്ച് അറസ്റ്റിലാകുകയായിരുന്നു. വിദേശത്ത് സംഘം എങ്ങനെയാണ് പ്രവർത്തിച്ചിരുന്നതിന്റെ പൂർണ വിവരങ്ങൾ മൻസൂറിനെ മാപ്പ് സാക്ഷിയാക്കുന്നതിലൂടെ ലഭിക്കുമെന്നാണ് എൻഐഎ കണക്കുകൂട്ടുന്നത്.

മുഖ്യപ്രതികളിലൊരാളായ മുഹമ്മദ് ഷാഫിക്കൊപ്പം ഗൂഢാലോചനയിലും മൻസൂർ പങ്കാളിയായിരുന്നു. നിലവിൽ കോഫെപോസ തടവ് കഴിഞ്ഞ് ജയിലിൽ നിന്നിറങ്ങിയ സന്ദീപ് നായരടക്കം അഞ്ചുപേരാണ് കേസിൽ മാപ്പുസാക്ഷികൾ. മുഹമ്മദ് മൻസൂറിനെ മാപ്പ് സാക്ഷിയാക്കുന്നതിൽ ശനിയാഴ്ച എൻഐഎ കോടതി വാദം കേൾക്കും. കേസിൽ ഇരുപത് പേരെ പ്രതികളാക്കി എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. വിദേശത്തുള്ള ആറ് പേർ കൂടി ഇനി പിടിയിലാകാനുണ്ട്

നേരത്തേ പ്രതികൾക്ക് ജാമ്യം നൽകുന്ന വേളയിൽ തന്നെ തെളിവുകൾ സംബന്ധിച്ച് എൻ ഐ എ കോടതി സംശയം ഉന്നയിച്ചിരുന്നു. പ്രതികൾക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരുന്നത്. സ്വർണക്കടത്ത് കേസിൽ ഈ വകുപ്പുകൾ ഏത് സാഹചര്യത്തിലാണ് ചുമത്തിയതെന്ന് കോടതി ചോദിച്ചിരുന്നു. 32 പേരെ തുടക്കത്തിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും ആദ്യ ഘട്ടത്തിൽ തന്നെ 10 പേർക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു.