കൊച്ചി: സ്വർണ്ണവും സ്വർണ്ണക്കടത്തും കേരളത്തിന് ഒട്ടും പുതുമയുള്ള വാക്കല്ല. സ്വർണ്ണക്കടത്തു കാരുടെ സ്വർഗ്ഗമാണ് കേരളം എന്നു വേണമെങ്കിൽ പറയാം. അത്രയ്ക്ക് സ്വർണ്ണക്കടത്തു കേസുകളാണ് കേരളത്തിൽ ഓരോ ദിവസവും റിപ്പോർട്ടു ചെയ്യപ്പെടുന്നത്. സ്വർണം കടത്താനായി ഒരു ലോബി പ്രവർത്തിക്കുമ്പോൾ തന്നെ മറുവശത്ത് സ്വർണ്ണത്തിന്റെ നികുതി വെട്ടിക്കാനുള്ള ശ്രമങ്ങളും ഊർജ്ജിതമായി നടക്കുന്നുണ്ട്. ഇത്തരത്തിൽ നികുതി വെട്ടിപ്പു കേസുകൾ സംസ്ഥാനത്ത് കുതിച്ചുയരുന്ന അവസ്ഥയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് 133 നികുതിവെട്ടിപ്പ് കേസുകൾ കണ്ടെത്തിയപ്പോൾ ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള 4 മാസം കൊണ്ട് 113 വെട്ടിപ്പുകൾ കണ്ടെത്തി. ഈ 4 മാസത്തിൽ രണ്ടു മാസം ലോക്ഡൗൺ ആയിരുന്നു. 53 കേസുകളിൽ നികുതി വെട്ടിപ്പിന്റെയും രേഖകളില്ലാത്തതിന്റെയും പേരിൽ പിടിക്കപ്പെട്ട സ്വർണം ജിഎസ്ടി നിയമത്തിന്റെ 130ാം വകുപ്പു പ്രകാരം സർക്കാരിലേക്കു കണ്ടുകെട്ടി.

കഴിഞ്ഞ സാമ്പത്തിക വർഷം ഇത്തരത്തിൽ സ്വർണം കണ്ടുകെട്ടിയ കേസുകൾ 15 എണ്ണം മാത്രമായിരുന്നു. 6.42 കോടി രൂപയുടെ സ്വർണമാണ് (13.8 കിലോഗ്രാം) ഈ വർഷം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള 4 മാസം കൊണ്ട് കണ്ടുകെട്ടിയത്. കഴിഞ്ഞ വർഷം ഇത് 8.26 കോടി രൂപയുടെ (18.13 കിലോഗ്രാം) സ്വർണമായിരുന്നു. കഴിഞ്ഞ വർഷം 41 കോടിയുടെ സ്വർണം പിടിച്ചപ്പോൾ ഈ വർഷം ഇതുവരെ പിടിച്ചത് 40 കോടിയുടേതാണ്.

ഇന്റലിജൻസ് സ്‌ക്വാഡിന്റെ പരിശോധന ശക്തിപ്പെടുത്തിയതും വാഹന പരിശോധന, ജൂവലറികളിലെയും സ്വർണാഭരണ നിർമ്മാണ ശാലകളിലെയും പരിശോധന, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ പോലുള്ള മേഖലകൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം എന്നിവ കൂട്ടിയതും കൂടുതൽ തട്ടിപ്പുകൾ കണ്ടെത്താൻ കാരണമായി. ബില്ല് ചോദിച്ചു വാങ്ങാനുള്ള ഉപയോക്താക്കളുടെ വൈമുഖ്യവും തട്ടിപ്പു കൂടാൻ കാരണമാകുന്നുണ്ട്. നിലവിൽ സ്വർണത്തിന് ഇവേ ബിൽ ആവശ്യമില്ല. നിയമപ്രകാരമുള്ള ഡെലിവറി ചെലാൻ ഉപയോഗിക്കാതെ സ്വർണം കടത്തുന്നതും വെട്ടിപ്പിനു കാരണമാകുന്നുണ്ട്.

ജിഎസ്ടി നിയമത്തിലെ ചോർച്ചയും പലപ്പോഴും സ്വർണ്ണക്കടത്തു വർധിക്കാൻ കാരണമാകാറുണ്ട്. വിദേശത്തു നിന്നുള്ള കള്ളക്കടത്തും അവ കണ്ടെത്തുന്നതിൽ നികുതി ഉദ്യോഗസ്ഥർ കാട്ടുന്ന അനാസ്ഥയും കാരണം സംസ്ഥാനത്ത് 3,000 കോടിയുടെ സ്വർണനികുതി വെട്ടിപ്പെന്ന അമ്പരപ്പിക്കുന്ന കണക്ക് കഴിഞ്ഞ വർഷം അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്ക് സഭയിൽ വെളിപ്പെടുത്തിയിരുന്നു.

ജിഎസ്ടി നടപ്പാക്കുന്നതിനു തൊട്ടുമുൻപ് 621 കോടി രൂപയാണ് നികുതിയായി കിട്ടിയത്. അന്ന് കോംപൗണ്ടിങ്ങിനു കീഴിൽ ഒന്നേകാൽ ശതമാനം മാത്രം നികുതിയുണ്ടായിരുന്നത് ജിഎസ്ടി വന്നപ്പോൾ 3 ശതമാനമായി ഉയർന്നതിനാൽ വരുമാനം 1000 കോടിയായി ഉയരേണ്ടതായിരുന്നു. എന്നാൽ 160 കോടിയെ പിരിക്കാൻ കഴിയുന്നുള്ളൂ എന്നാണ് ഐസക്ക് അന്ന് വെളിപ്പെടുത്തിയത്.

വിദേശത്തു നിന്നു നികുതി വെട്ടിച്ച് തങ്കക്കട്ടികൾ കൊണ്ടുവന്ന് ഇവിടെ ആഭരണമാക്കി മാറ്റി വിൽക്കുകയാണ് ചെയ്യുന്നത്. ശാഖകൾ തമ്മിൽ സ്റ്റോക്ക് മാറ്റി കണക്ക് ഒളിപ്പിക്കുകയും കല്യാണവീടുകളിൽ നേരിട്ട് സ്വർണമെത്തിച്ച് നികുതിയില്ലാതെ വിൽക്കുകയുമാണ് ചെയ്യുന്നത്. നികുതി വെട്ടിപ്പ് കൂടിയാപ്പോഴാണ് സ്വർണാഭരണ വിൽപന രംഗത്തെ നികുതി വെട്ടിപ്പു തടയാൻ കർശന നടപടി ഉണ്ടാകുമെന്നും സ്വർണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചത്.

വലിയ സ്വർണക്കടകളിലെ സിസിടിവി ദൃശ്യങ്ങൾ ജിഎസ്ടി ഓഫിസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യതയാണ് മുഖ്യമന്ത്രി ആരാഞ്ഞത്. എന്നാൽ ഇതിനെതിരെ വ്യാപാരികൾ രംഗത്തുവരികയായിരുന്നു. സ്വർണ വ്യാപാരശാലകളിൽ മാത്രം പരിശോധന വ്യാപകമാക്കുമെന്ന മുഖ്യമന്ത്രിയുടെ തീരുമാനം സ്വർണ വ്യാപാരികളോടുള്ള സർക്കാരിന്റെ യുദ്ധപ്രഖ്യാപനമാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ പറഞ്ഞു. മേഖലയിൽ അനാവശ്യ ഇടപെടലുകൾ സർക്കാർ ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.