ഇരിട്ടി: ആറളത്ത് തനിച്ചു താമസിക്കുന്ന സ്ത്രീയെ കവർച്ചക്കെത്തിയ സംഘം വെട്ടി പരിക്കേൽപ്പിച്ച് കഴുത്തിലണിഞ്ഞ മാലയും ചെവി അറുത്തുമുറിച്ച് കമ്മലും കവർന്നു. ആറളം പയോറ ഏച്ചില്ലം അമ്പലത്തിനടുത്ത് ഭർത്താവ് ഉപേക്ഷിച്ച ശേഷം തനിച്ചു താമസിക്കുന്ന കുന്നുമ്മൽ ഹൗസിൽ രാധ(60)യെയാണ് ആക്രമിച്ച് കവർച്ച നടത്തിയത്. അബോധവസ്ഥയിൽ കാണപ്പെട്ട ഇവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇവരെ ഇരിട്ടി ആശുപത്രിയിലും തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. ആറളം പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഇവരിൽ നിന്നും ആറളം പൊലിസ് മൊഴിയെടുത്തിട്ടുണ്ട്.