തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടത്തെ തുടർന്ന് തൃശ്ശൂർ - എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഇത് വഴി ഗതാഗതം സാധ്യമാകില്ലെന്നാണ് വിവരം. റെയിൽവേ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പുതുക്കാട് റയിൽവെ സ്റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം ഉണ്ടായത്.

ഇരുമ്പം ബിപിസിഎല്ലിലേക്ക് ഇന്ധനം നിറക്കാൻ പോയ ചരക്ക് തീവണ്ടിയാണ് ഉച്ചയക്ക് രണ്ട് മണിയോടെ അപകടത്തിൽപ്പെട്ടത്. അറ്റകുറ്റ പണി നടക്കുന്ന സ്ഥലമായതിനാൽ വളരെ മെല്ലെയാണ് ട്രെയിൻ പോയിരുന്നത്. ബോഗികളിൽ ചരക്കുണ്ടായിരുന്നില്ല. ഇതും അപകടത്തിന്റെ വ്യാപ്തി കുറച്ചു.

അപകടത്തെ തുടർന്ന് തൃശൂർ - എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ജനശതാബ്ദി, വേണാട് എക്സ്പ്രസ് ഉൾപ്പെടെയുള്ള തീവണ്ടികൾ വൈകുമെന്നാണ് സൂചനകൾ.ട്രെയിനുകൾ റദ്ദാക്കേണ്ടി വരില്ലെന്നും ഒരു ട്രാക്ക് വഴി ഗതാഗതം ക്രമീകരിക്കുമെന്നും റെയിൽവേ അറിയിച്ചു. റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

ഗതാഗത തടസ്സത്തെ തുടർന്ന് ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് ഒറ്റപ്പാലത്ത് നിർത്തിയിട്ടു, ബാംഗ്ലൂർ-എറണാകുളം ഇന്റർസിറ്റി മാന്നാനൂരിൽ നിർത്തിയിട്ടു. നിലമ്പൂർ - കോട്ടയം ട്രെയിൻ യാത്ര പുറപ്പെട്ടില്ല. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഷൊർണൂരിൽ നിർത്തിയിടും, വേണാട് എക്സ്പ്രസ് ഷൊർണൂരിൽ നിർത്തി.കൂടുതൽ ട്രെയിനുകൾ വൈകുമെന്നാണ് വിവരം.