ൻട്രി ലെവൽ സ്മാർട്ട് ഫോണുകൾക്ക് മികച്ച സ്വീകാര്യതയുള്ള ഇന്ത്യയിൽ സ്മാർട്ട്‌ഫോണുകൾ വിലകുറച്ച് ഇറക്കാൻ കമ്പികൾക്ക് സഹായകമാകുന്ന പുതിയ ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോം ഗൂഗ്ൾ പ്രഖ്യാപിച്ചു. ആൻഡ്രോയ്ഡ് വൺ എന്നു പേരിട്ടികിത്തുന്ന ഈ ഓപറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് വിലകുറഞ്ഞ സ്മാർട്ട് ഫോണുക വലിയ ചെലവില്ലാതെ കമ്പനികൾക്കു പുറത്തിറക്കാനാകും. ആൻഡ്രോയ്ഡ് വണ്ണിന്റെ വരവ് ഇന്ത്യൻ മൊബൈൽ നിർമ്മാതാക്കൾക്കിടയിൽ കടുത്ത മത്സരത്തിനു വഴിവെക്കുമെന്ന് ഉറപ്പാണ്. സാൻഫ്രാൻസിസ്‌കോയിൽ നടക്കുന്ന ഗൂഗ്ൾ വാർഷി ഡെവലപേഴ്‌സ് കോൺഫറൻസായ I/O 2014 -ൽ മുഖ്യ പ്രഭാഷണം നടത്തവെ ഗൂഗ്ൾ ആൻഡ്രോയ്ഡ്, ക്രോം തലവൻ സുന്ദർ പിചായ് ആണ് ആൻഡ്രോയ്ഡ് വൺ പ്രഖ്യാപിച്ചത്.

പുതിയ മോഡലുകളിറക്കാനുള്ള കാലതാമസം ഒഴിവാക്കാൻ ആൻഡ്രോയ്ഡ് വൺ നിർമ്മാതാക്കളെ സഹായിക്കും. 6000 രൂപയിൽ ഒതുങ്ങുന്ന ആൻഡ്രോയ്ഡ് വൺ ഫോണുകളിൽ നിർമ്മാതാക്കൾക്ക് പ്ലാറ്റ്‌ഫോമിൽ വലിയ മാറ്റങ്ങൾ കൂടാതെ തന്നെ തങ്ങളുടെ സ്വന്തം അപ്ലിക്കേഷനുകൾ കൂടി ഉൾപ്പെടുത്താൻ കഴിയും. സാംസങ്, എച്ച്ടിസി, എൽജി, സോണി തുടങ്ങിയവർ ആൻഡ്രോയ്ഡ് പ്ലാറ്റ് ഫോമിൽ സ്വന്തമായി മാറ്റങ്ങൾ വരുത്തിയാണ് പുതിയ മോഡലുകളിറക്കുന്നത്.

നെക്‌സസ്, ഗൂഗ്ൾ പ്ലേ എഡിഷൻ ഉൽപ്പന്നങ്ങളെ പോലെ ആൻഡ്രോയ്ഡ് വണ്ണിനും ഗൂഗ്‌ളിൽ നിന്ന് സോഫ്‌റ്റ്‌വെയർ അപ്‌ഡേഷൻ ലഭിക്കും. ആൻഡ്രോയ്ഡ് വണ്ണിന്റെ അരങ്ങേറ്റം ഇന്ത്യയിൽ നിന്നായിരിക്കുമെന്നും ഇതിനായി മൈക്രോമാക്‌സ്, കാർബൺ, സ്‌പൈസ് തുടങ്ങിയ ഇന്ത്യൻ കമ്പനികളുമായി ചേർന്ന് ശ്രമങ്ങളാരംഭിച്ചിട്ടുണ്ടെന്നും പിചായ് പറഞ്ഞു. ആൻഡ്രോയ്ഡ് വൺ ഓപറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 6000 രൂപയിലൊതുങ്ങുന്ന മൈക്രോമാക്‌സ് ഫോണുമായാണ് പിചായ് അവതരണം നടത്തിയത്.

മോട്ടോറോളയുടെ മോട്ടോ ഇ വിപണിയിൽ വൻ തരംഗമായതോടെയാണ് പതിനായിരം രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്‌ഫോണുകളുടെ വിപണി ഇന്ത്യയിൽ കുതിച്ചു മുന്നേറാൻ തുടങ്ങിയത്. ഈ ഗണത്തിലെ മാർക്കറ്റ് പിടിക്കാൻ കമ്പനികളെല്ലാം കച്ചകെട്ടിയിറങ്ങിയിരിക്കുകയാണിപ്പോൾ. മികച്ച വിപണി മുന്നിൽ കണ്ട് മൈക്രോസോഫ്റ്റും തങ്ങളുടെ വിൻഡോസ് 8.1 ഓപറേറ്റിങ് സിസ്റ്റവുമായി മൈക്രോമാക്‌സ്, സോളോ, കാർബൺ തുടങ്ങിയ ഇന്ത്യൻ കമ്പനികളെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമത്തിലാണ്.