സിഡ്‌നി: ഓസ്‌ട്രേലിയയിൽ ഗൂഗിൾ സെർച്ച് സേവനം അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഗൂഗിൾ. ഓൺലൈൻ വാർത്താ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾക്ക് ഗൂഗിൾ, ഫേസ്‌ബുക്ക് പോലുള്ള സ്ഥാപനങ്ങൾ പ്രതിഫലം നൽകുന്നത് നിർബന്ധമാക്കുന്ന നിയമവുമായി സർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ​ഗൂ​ഗിളിന്റെ മുന്നറിയിപ്പ്. ഈ നിയമം ​കമ്പനിക്ക് സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് ​ഗൂ​ഗിൾ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, നിയമം നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. പുതിയ നിയമം ന്യായവും നിർണായകവുമാണെന്നാണ് ഓസ്‌ട്രേലിയൻ കോംപറ്റീഷൻ കമ്മീഷന്റെ നിലപാട്. രാജ്യത്തെ മാധ്യമസ്ഥാപനങ്ങളുടെ നിലനിൽപ്പിനും അതിജീവനത്തിനും ഇത് അനിവാര്യമാണെന്നും കമ്മീഷൻ പറയുന്നു. സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം അനുസരിച്ച് ഗൂഗിളിനും ഫേസ്‌ബുക്കിനും മാധ്യമസ്ഥാപനങ്ങളുമായി ആലോചിച്ച് ഉള്ളടക്കങ്ങളുടെ വില നിശ്ചയിക്കാം. കമ്പനികൾക്ക് അതിന് സാധിക്കാത്ത പക്ഷം സർക്കാർ നിശ്ചയിക്കുന്ന മധ്യസ്ഥൻ വില നിശ്ചയിക്കും.

പക്ഷപാതിത്വ മാനദണ്ഡങ്ങളോടുകൂടിയുള്ള നിയമത്തിലെ മധ്യസ്ഥ രീതി ഗൂഗിളിന് സാമ്പത്തികമായും പ്രവർത്തനപരമായും ഭീഷണി സൃഷ്ടിക്കുമെന്ന് ഓസ്‌ട്രേലിയ, ന്യസിലൻഡ് എന്നിവിടങ്ങളിലെ ഗൂഗിൾ മാനേജിങ് ഡയറക്ടറായ മെൽ സിൽവ പറഞ്ഞു. ഇത് നിയമമായി മാറിയാൽ ഞങ്ങൾക്ക് ഗൂഗിൾ സെർച്ച് സേവനം ഓസ്‌ട്രേലിയയിൽ അവസാനിപ്പിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല എന്നും അദ്ദേഹം പറഞ്ഞു.

ഗൂഗിളും ഫേസ്‌ബുക്കും മാധ്യമ വ്യവസായ രംഗത്ത് അമിത വിപണി അധികാരം കയ്യാളുന്നുവെന്നാണ് ഓസ്‌ട്രേലിയയുടെ കണ്ടെത്തൽ. ഇത് ജനാധിപത്യത്തിന് എതിരാണെന്നും സർക്കാർ പറയുന്നു. ഗൂഗിളിന് പിന്തുണ നൽകി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. നിയമം നടപ്പിലാക്കരുതെന്ന് അമേരിക്ക ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടു.